ആഗോള താപനത്തിന്‍റെ പ്രത്യാഘാതം മനുഷ്യരാശി നേരിടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ സാഹചര്യത്തില്‍ ആഗോളതാപനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യവുമായി ലോകത്താകമാനം ഒട്ടേറെ പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം അസ്ഥാനത്താക്കുന്നതാണ് പുതിതായി പുറത്തുവന്ന പഠനറിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണാതീതമായെന്നും, ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം ഇനി സാധ്യമല്ലെന്നുമാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജെയിംസ് ഹാൻസന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു റിപ്പോർട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. 'എൻവയോൺമെന്‍റ്: സയൻസ് ആൻഡ് പോളിസി ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെന്‍റ്' എന്ന ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിച്ചത്. ഇതനുസരിച്ച്, വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതക ബഹിര്‍ഗമനം മൂലം ഭൂമി വേഗത്തിൽ ചൂടാകുകയും സ്ഥിതി കൂടുതൽ വഷളാകുകയും ചെയ്യുന്നു. കപ്പലുകളിൽ നിന്നുള്ള എയറോസോൾ മലിനീകരണം സൂര്യപ്രകാശം തടഞ്ഞുകൊണ്ട് ആഗോളതാപനം മന്ദഗതിയിലാക്കിയിരുന്നു എന്നാല്‍ ഈ മലിനീകരണം അടുത്തിടെ കുറഞ്ഞു. 2020-ൽ പുതിയ മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെയാണ് എയറോസോൾ കണങ്ങളുടെ അളവ് കുത്തനെ കുറഞ്ഞത്. ഇത് താപനില കൂടുതൽ വേഗത്തിൽ ഉയരാൻ കാരണമായെന്ന് പഠനം പറയുന്നു.
2045 ആകുമ്പോഴേക്കും ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. അടുത്ത 20-30 വർഷത്തിനുള്ളിൽ, ഭൂമിയിലെ ഐസ് വേഗത്തിൽ ഉരുകുന്നത് സമുദ്ര പ്രവാഹങ്ങളെ ബാധിക്കും. സമുദ്രനിരപ്പ് ഉയരുന്നതോടെ തീരദേശ നഗരങ്ങൾ മുങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കും. 2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം, വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാൻ അനുവദിക്കില്ലെന്ന് ലോക രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയന്‍റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ കോപ്പർനിക്കസിൽ നിന്നുള്ള സമീപകാല ഡാറ്റ പ്രകാരം, ഈ ലക്ഷ്യം ഇതിനകം തന്നെ മറികടന്നു.
യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിനുപകരം, ഭയാനകമായ കണ്ടെത്തല്‍ അംഗീകരിച്ച് ഉടനടി നടപടിയെടുക്കുന്നതാണ് നല്ലതെന്ന് ഹാൻസനും സംഘവും പറയുന്നു. നമ്മുടെ ഊർജ്ജ സ്രോതസുകൾ വേഗത്തിൽ മാറ്റേണ്ടതുണ്ടെന്നും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയും ഹരിത ഊർജ്ജത്തിന് മുൻഗണന നൽകുകയും വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.