baobab-madagaskar-20

ലോകമെങ്ങുമുള്ള ‘കാടുകളുടെ അമ്മ’. ബഒബാബ് വൃക്ഷങ്ങള്‍ അറിയപ്പെടുന്നത് അങ്ങനെയാണ്. 4 കോടി 11 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയിലെ മഡഗാസ്കറിലാണ് ബഒബാബിന്റെ പിറവി. 'തലതിരിഞ്ഞ മര'മെന്ന് ചിലയിടങ്ങളില്‍ ഇതിന് വിളിപ്പേരുണ്ട്. വെറുതെയല്ല, വേരുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയാണ് മരം നില്‍ക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. അതീവ രസകരമായ വസ്തുതകളാണ് ബഒബാബുകളെ കുറിച്ചുള്ള പഠനത്തില്‍ കണ്ടെത്തിയത്. ആഫ്രിക്കന്‍ ജനതയുടെ സംസ്കാരത്തിലും ജീവിതത്തിലും വലിയ പ്രാധാന്യമാണ് ഇവയ്ക്കുള്ളത്.

അമ്പമ്പോ ഇതെന്തൊരു തടി!

14 ആഫ്രിക്കന്‍ ആനകളുടെ ഭാരം! ബഒബാബുകള്‍ ശരാശരി 82 അടി  (25 മീറ്റര്‍) വരെ ഉയരം വയ്ക്കാം. ആയിരം വര്‍ഷത്തിലേറെ ജീവിക്കും. ആഫ്രിക്കയിലെ കൊടും വരള്‍ച്ചയെ ചെറുക്കാനെന്നോണം തടിക്കുള്ളില്‍ ലീറ്റര്‍ കണക്കിന് വെള്ളം ശേഖരിച്ച് വയ്ക്കാന്‍ ബഒബാബിന് കഴിയും. പഴങ്ങളും വിത്തുകളും ഭക്ഷ്യയോഗ്യമാണ്. ഇലയ്ക്ക് ഔഷധഗുണവുമുണ്ട്. വെറുതെയല്ല ബഒബാബ് 'ജീവ വൃക്ഷ'മായത്. ശരാശരിവ്യാസം 11 മീറ്റര്‍ വരെയെന്നും പഠന റിപ്പോര്‍ട്ട്  പറയുന്നു. തടി വെറും തടി മാത്രമല്ല, അതിലെ നാരുകള്‍ കൊണ്ട് ബലമേറിയ കയറും വസ്ത്രങ്ങള്‍ വരെയും ഉണ്ടാക്കാം. വലിയ വെള്ളപ്പൂക്കളാണ് ബഒബാബുകളുടേത്. ഇവ വവ്വാലുകളെ ആകര്‍ഷിക്കും. അതുവഴിയാണ് പരാഗണം നടക്കുന്നത്. നിരവധി പക്ഷികളുടെ അഭയകേന്ദ്രം കൂടിയാണ് ബഒബാബുകള്‍.

baobab-africa-20

ഒഴുകിയൊഴുകി ഓസ്ട്രേലിയയിലേക്ക്...

പിറവിയെടുത്തിട്ട് 4.1 കോടി വര്‍ഷമായെങ്കിലും 2.1 കോടി വര്‍ഷം മുന്‍പാണ് ആദ്യത്തെ ബഒബാബ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. പരിണാമം ബഒബാബിലും മാറ്റങ്ങളുണ്ടാക്കി. പര്‍വതങ്ങള്‍ വിഭജിച്ച് മാറിയതിനും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കുമൊപ്പം ബഒബാബുകളും പുതിയ ജൈവപ്രകൃതികളിലേക്ക് എത്തിപ്പെട്ടുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ബോട്ടുകളിലോ, മറ്റ് പായലുകള്‍ക്കൊപ്പമോ ഒഴുകിയാവാം ആഫ്രിക്കയുടെ മറ്റിടങ്ങളിലും ഓസ്ട്രേലിയ വരെയും ബഒബാബ് എത്തിയതെന്നാണ് നിഗമനം. ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കമുള്ള ശക്തമായ ജലപ്രവാഹങ്ങള്‍ ഈ ഭൂഖണ്ഡാന്തര യാത്രയ്ക്ക് സഹായിച്ചു. മഡഗാസ്കറില്‍ നിന്ന് നാലായിരം മൈല്‍ അപ്പുറമുള്ള ഓസ്ട്രേലിയയില്‍ എത്തിയ ബഒബാബിന്‍റെ വിത്തുകള്‍ അതേ വഴി തിരികെ വീണ്ടും ആഫ്രിക്കയില്‍ എത്തിച്ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

2,300 ബിസിയില്‍ പുരാതന ഈജിപ്തുകാര്‍ ബഒബാബിനെ ആരാധിച്ചിരുന്നുവെന്ന് നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടുതരം ബഒബാബ് വൃക്ഷങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടിനങ്ങള്‍ ആഫ്രിക്ക, വടക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയ എന്നിവിടങ്ങളിലും ആറെണ്ണം മഡഗാസ്കറിലുമാണ് കാണപ്പെടുന്നത്. അഡന്‍സോണിയ ഡിജിറ്റാറ്റ എന്നയിനമാണ് ആഫ്രിക്കയില്‍ കാണപ്പെടുന്ന ബഒബാബ്. വടക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേത് അഡന്‍സോണിയ ഗ്രിഗോറിയ.

baobab-madagaskar-spc-20

ജീവവൃക്ഷങ്ങള്‍ക്ക് വേണം കരുതല്‍

വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഏഴുതരം ബഒബാബുകളെയും ഐ.യു.സി.എന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ മഡഗാസ്കറിലുള്ള ബഒബാബുകളുടെ സംരക്ഷണം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അഡന്‍സോണിയ പെറിയര്‍ എന്നയിനത്തെ അതീവ വംശനാശ ഭീഷണിപ്പട്ടികയിലും അഡന്‍സോണിയ ഗ്രാന്‍ഡ്ഡിയറി, അഡന്‍സോണിയ സുവാരസിസ് എന്നിവ ഭീഷണി നേരിടുന്നവയുടെ പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഒബാബുകളുടെ സംരക്ഷണത്തിന് വേഗത്തില്‍ നടപടികള്‍ വേണമെന്നും ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ജീവവൃക്ഷം വഹിക്കുന്ന നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.