ഒന്നര നൂറ്റാണ്ടായി തെളിയിക്കാന്‍ കഴിയാതിരുന്ന കണക്കിലെ സിദ്ധാന്തം എഐ തെളിയിച്ചെന്ന് അവകാശവാദം. തൊട്ടുപിന്നാലെ ഇതേ സിദ്ധാന്തം മനുഷ്യബുദ്ധികൊണ്ട് തെളിയിച്ചെന്ന അവകാശവാദവുമായി ഒരു ശാസ്ത്രജ്ഞനും രംഗത്തെത്തിയതോടെ ഗണിത ശാസ്ത്രലോകത്ത് അത് ചൂടന്‍ ചര്‍ച്ചയായി.
ഗണിതശാസ്ത്രത്തിലെ വന്‍ സമസ്യകളിൽ ഒന്നായ റീമാൻ സിദ്ധാന്തം ആന്ത്രോപിക്കിന്റെ എഐ ടൂളായ ക്ലോഡിന്റെ സഹായത്തോടെ പരിഹരിച്ചതായി കമ്പനിയിലെ ഗണിതശാസ്ത്രജ്ഞനായ ലിവെന്റ് അൽപോഗെയാണ് അവകാശപ്പെട്ടത്. വെള്ളിയാഴ്ച തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നാലുപേജ് വിശദീകരണത്തിലൂടെയാണ് ലിവെന്റിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അൽപോഗെയുടെ അവകാശവാദത്തിനൊപ്പം മനുഷ്യർക്ക് വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന ഒരു തെളിവും ഉണ്ടായിരുന്നില്ല. കണ്ടെത്തല്‍ മനുഷ്യഭാഷയിലേക്ക് പകര്‍ത്തിയാല്‍ 2,50,000 പേജിലധികം വലിപ്പമുണ്ടാകുമെന്ന് കുറിപ്പിൽ പറയുന്നു, അതിനാൽ ലീൻ (Lean) ഫോർമാറ്റ് എന്ന പ്രോഗ്രാമിങ് ഭാഷയിലാണ് കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്പ്യൂട്ടറിന് ഇത് പരിശോധിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറുവശം.
എന്താണ് റീമാന്‍ സിദ്ധാന്തം?
1859-ൽ രൂപപ്പെടുത്തിയ റീമാൻ സിദ്ധാന്തം അഭാജ്യസംഖ്യകളുടെ ( prime numbers) വിന്യാസത്തെക്കുറിച്ചാണ്. 2,3,5,7,11.....എന്നിങ്ങനെ 1 കൊണ്ടും അതേ സംഖ്യകൊണ്ടും മാത്രം വിഭജിക്കാന്‍ കഴിയുന്ന സംഖ്യാശ്രേണിയാണ് അഭാജ്യസംഖ്യകള്‍. സഖ്യാരേഖയില് അഭാജ്യസംഖ്യകള്‍ എങ്ങനെയാണ് വിന്യസിച്ചിരിക്കുന്നത് എന്നാണ് റീമാന്‍ സിദ്ധാന്തം പറയുന്നത്. ഇത് പക്ഷേ ഇതുവരെ തെളിയിക്കപ്പെട്ടിരുന്നില്ല. ഇത് തെളിയിക്കുന്നത് കണക്കിലെ മറ്റൊരുപാട് സമസ്യകള്‍ക്കും പരിഹാരമാകുമായിരുന്നു.
വണ്‍ മില്യന്‍ ഡോളര്‍ സമസ്യ!– അമേരിക്കയിലെ പ്രശസ്തമായ ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ദശലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച കണക്കിലെ ഏഴ് സങ്കീര്‍ണ സമസ്യകളിലൊന്നാണ് റീമാന്‍ സിദ്ധാന്തം. രണ്ടായിരാമാണ്ടിലാണ് ഈ ‘മില്ലേനിയം പ്രൈസ്’ പട്ടിക പ്രസിദ്ധീകരിച്ചത്. പുതിയ കണ്ടെത്തല്‍ ഇതുവരെ ക്ലേ മാത്തമാറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം നേടിയിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില്‍ ഈ സമസ്യ ഇപ്പോഴും പരിഹരിക്കാത്ത പ്രശ്നമായി തുടരുന്നു. കണ്ടെത്തല്‍ ചരിത്ര പ്രാധാന്യമുള്ളതാണെങ്കിലും പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മാർട്ടിൻ ബ്രിഡ്സൺ പറഞ്ഞു. കോഡ് ഭാഷയിലുള്ള കണ്ടെത്തലിന് മെഷീന് സ്ഥിരീകരണം സാധിച്ചാലും നിർവചനങ്ങൾ ശരിയാണെന്നും മറഞ്ഞിരിക്കുന്ന അനുമാനങ്ങളൊന്നും കടന്നുകൂടിയിട്ടില്ലെന്നും വിദഗ്ധർ സ്ഥിരീകരിക്കേണ്ടതുണ്ട്. സാധാരണയായി ഇത്തരം കണ്ടെത്തലുകൾ ഔദ്യോഗിക പ്രബന്ധങ്ങളായിട്ടാണ് പ്രസിദ്ധീകരിക്കാറുള്ളത്.
സിദ്ധാന്തം തെളിയിച്ചെന്ന് ശാസ്ത്രജ്ഞനും
എ.ഐ സഹായത്തോടെ സമസ്യ പരിഹരിച്ചെന്ന് ലിവെന്റ് അൽപോഗ് അറിയിച്ചതിന്റെ തൊട്ടുപിന്നാലെ അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ (AMS) പ്രസിഡന്റും സ്റ്റാൻഫോർഡ് ഗണിതശാസ്ത്രജ്ഞനുമായ രവി വാക്കീൽ തന്റെ ബ്ലോഗിൽ അടിയന്തര പ്രാധാന്യമുള്ള ഒരു ചെറിയ കുറിപ്പ് പ്രസിദ്ധീകരിച്ചു. അലസ്സാൻഡ്രോ മസുള്ളോ (Alessandro Masullo) എന്ന മറ്റൊരു ഗണിതശാസ്ത്രജ്ഞൻ റീമാന്‍ സിദ്ധാന്തത്തിന് തെളിവ് കണ്ടുപിടിച്ചെന്നാണ് അവകാശവാദം. മസുള്ളോയെ ഒരു വർഷത്തേക്ക് സ്റ്റാൻഫോർഡിലേക്ക് കൊണ്ടുവന്ന് പ്രബന്ധം മിനുക്കിയെടുക്കാനും, ആവശ്യത്തിന് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാനും, അതിനുശേഷം മാത്രം പ്രഖ്യാപിക്കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അടിയന്തരസാഹചര്യത്തില്‍ സാഹചര്യത്തില്‍ കരടുരേഖ ഉടൻ തന്നെ പുറത്തുവിടുന്നതാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് വേഗത്തിൽ പരിശോധിക്കാനും, ഔപചാരികമാക്കാനും എന്തെങ്കിലും ചെറിയ വിടവുകൾ ഉണ്ടെങ്കിൽ അവ നികത്താനും അദ്ദേഹം ഗണിതശാസ്ത്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
രണ്ട് അവകാശവാദങ്ങളും ശരിയാണെന്ന് തെളിഞ്ഞാൽ, ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ, ഉത്തരം കിട്ടാത്ത പ്രശ്നം ഒരേ ദിവസം രണ്ട് തവണ പരിഹരിക്കപ്പെട്ടതായി മാറും.
മല്‍സരം മനുഷ്യനും എ.ഐയും തമ്മില്‍
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എതിരാളിയുടെ പ്രഖ്യാപനം കാരണം തിടുക്കത്തിൽ ഒരു പ്രബന്ധം പുറത്തുവിടേണ്ടി വരുന്നത്. ഫ്ലൂയിഡുകളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന ‘ നേവിയർ-സ്റ്റോക്സ്’ സിദ്ധാന്തത്തിന് തെളിവുമായി സെപ്റ്റംബറില്‍ അൽപോജും ന്യൂയോര്‍ക് സര്‍വകലാശാലയിലെ ട്രിസ്റ്റൻ ബക്ക്മാസ്റ്ററും ഒരു
പ്രബന്ധം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം OpenAI തെളിവ് പ്രഖ്യാപിച്ചു. ഇതും വലിയൊരു അവകാശവാദ തർക്കത്തിന് തിരികൊളുത്തിയിരുന്നു.