സബ്സ്ക്രിപ്ഷന്‍ എടുക്കാതെ ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ അഡോബി ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ സാധിക്കുമോ? പറ്റും എന്നാണ് ഉത്തരം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിക്കുകയാണ് അഡോബി. അതും സൗജന്യമായി. ഡെസ്ക്ടോപ്പ് വേർഷനിലെ നിരവധി ഫീച്ചറുകൾ ആൻഡ്രോയിഡ് ആപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ കാലയളവിന് ശേഷം ആൻഡ്രോയിഡിലും സബ്സ്ക്രിപ്ഷൻ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.
കുറഞ്ഞത് 6ജിബി റാം, ആന്‍ഡ്രോയിഡ് 11 ഒഎസോ അതിനു ശേഷമിറങ്ങിയ ഏതെങ്കിലും പതിപ്പോ ഉള്ള ഫോണുകളിലും ടാബുകളിലും ഫോട്ടോഷോപ്പ് പ്രവര്‍ത്തിപ്പിക്കാം. 8ജിബി റാം എങ്കിലും ഉള്ള ഫോണുകളിലും ടാബുകളിലും മികവുറ്റ രീതിയില്‍ ഉപയോഗിക്കാമെന്ന് അഡോബി പറയുന്നു.
ലെയേഴ്‌സ് ആന്‍ഡ് മാസ്‌കിങ്, സെലക്ഷന്‍ ടൂള്‍സ്, ബ്രഷ് ടൂള്‍സ്, ജനറേറ്റിവ് ഫില്‍ (ഫയര്‍ഫ്‌ളൈ എഐ ഉപയോഗിച്ചുള്ള എഡിറ്റിങ് ലീലകള്‍), അഡ്ജസ്റ്റ്‌മെന്റ് ലെയേഴ്‌സ് ആന്‍ഡ് ബ്ലെന്‍ഡ് മോഡ്‌സ്, ഫ്രീ അഡോബി സ്‌റ്റോക് അസറ്റ്‌സ് എന്നിങ്ങനെ വിപുലമായ ടൂളുകളെല്ലാം ആപ്പില്‍ ലഭ്യമാണ്.
2025 ഫെബ്രുവരിയിൽ ഐഫോൺ ആപ്പ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ആപ്പ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് ഫോണുകളുടെ വൈവിധ്യമാർന്ന ഡിസ്പ്ലേ വലുപ്പം, റെസലൂഷൻ, ഹാർഡ്‍വെയർ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആപ്പ് തയ്യാറാക്കേണ്ടതിനാലാണ് ആൻഡ്രോയിഡ് വേർഷൻ വൈകിയതെന്നാണ് വിവരം.