റീലുകള്‍ എഡിറ്റ് ചെയ്യാന്‍ പുതിയ ആപ്പും തേടി നടക്കുന്നവരാണോ? നിങ്ങള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. എഡിറ്റിങ് പ്രേമികള്‍ക്കായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് മെറ്റ. എഡിറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഉപയോഗിക്കാന്‍ സബ്സ്ക്രിപ്ഷന്‍ വേണ്ട എന്നതാണ് പ്രധാന കാര്യം.
മെറ്റയുടെ തന്നെ ആപ്പായതുകൊണ്ട് തന്നെ വീഡിയോ എഡിറ്റ് ചെയ്ത് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ചേർത്ത് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും എളുപ്പത്തില്‍ ഷെയർ ചെയ്യാൻ സാധിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഖേനയാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ ത്രഡ്സിന് സമാനമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.
റീലുകള്‍ക്കായി ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ ട്രിം ചെയ്യുന്നതിനും ശബ്ദം ക്രമീകരിക്കുന്നതിനും, നമ്മുടെ ആവശ്യാനുസരണം വിഡിയോയുടെ വേഗതയില്‍ വ്യത്യാസം വരുത്താനുമുള്ള ഓപ്ഷനുകള്‍ പുതിയ ആപ്പില്‍ ലഭ്യമാണ്. കളര്‍ ഗ്രേഡിങും ഇന്‍സ്റ്റഗ്രാമിന്‍റെ സ്വന്തം പ്രീസെറ്റുകള്‍ ഉള്‍പ്പടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്. വിഡിയോ ക്ലിപ്പുകളില്‍ നിന്നും ഓഡിയോ ക്ലിപ്പുകള്‍ ആവശ്യാനുസരണം എഡിറ്റുചെയ്യാനും ഒഴിവാക്കാനും പറ്റും. ഇവയ്ക്ക് പുറമെ മെറ്റ നല്‍കുന്ന എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഈ ഫീച്ചര്‍ വഴി സബ്സ്ക്രിപ്ഷന്‍ എടുത്താല്‍ മാത്രം മറ്റ് ആപ്പുകളില്‍ ലഭ്യമാകുന്ന കിടിലന്‍ ഫീച്ചറുകളും ലഭിക്കും.
തീര്‍ന്നില്ല. എഡിറ്റ്സ് ആപ്പ് വെറുമൊരു എഡിറ്റിങ് ആപ്പ് മാത്രമല്ല.ഇതുപയോഗിച്ച് വിഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. ഫോക്കല്‍ ലെങ്തുകള്‍, ഫ്രെയിം റേറ്റുകള്‍, റെസല്യൂഷന്‍ എന്നിവയില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ലോഗിന്‍ ചെയ്യുമ്പോള്‍ കണക്ട് ചെയ്ത ഇന‍്‍സ്റ്റഗ്രാം അക്കൗണ്ടിന്‍റെ റീച്ച്, പോസ്റ്റ് ചെയ്ത റീലുകളുടെ വ്യൂസ്, നെറ്റ് ഫോളോവേഴ്സ്, ലൈക്കുകള്‍ കമന്‍റുകള്‍ മുതലായവയുടെ വിശദാംശങ്ങളും എഡിറ്റ്സില്‍ ലഭിക്കും. മെറ്റ പുറത്തിറക്കിയ ഈ കിടിലന്‍ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും എഡിറ്റ്‌സ് ലഭ്യമാണ്