instagram-blend-feature

ഇന്‍സ്റ്റഗ്രാമില്‍ റീല്‍ സ്വൈപ്പ് ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ഇത് മറ്റൊരാള്‍കൂടെ കണ്ടിരുന്നെങ്കിലെന്ന് വിചാരിച്ചിട്ടുണ്ടോ? ഈയൊരു ആഗ്രഹം സഫലമാക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ഇതിലൂടെ നിങ്ങൾക്കും  സുഹൃത്തുക്കള്‍ക്കും ഒരേ ഫീഡിൽ AI നിർദേശിച്ച റീലുകള്‍ കാണാൻ അവസരം ലഭിക്കും. സ്പോട്ടിഫൈയുടെ ബ്ലെന്‍ഡ് പ്ലേലിസ്റ്റ് പോലെയാണ് ഇതിന്‍റെ പ്രവര്‍ത്തനം. ആപ്പ് ഇത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരീക്ഷിച്ചുവരികയായിരുന്നു, ഇപ്പോൾ ഇത് അന്തിമ ഘട്ടത്തിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചില ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ അവരുടെ ഡയറക്ട് മെസേജ് അഥവാ DM ഫീഡിൽ ബ്ലെന്‍ഡ് ഉപയോഗിക്കാൻ കഴിയുന്നുവെന്നും ഈ ഫീച്ചറിനെ കുറിച്ച് വിശദമായ നിർദേശങ്ങളും ഗ്രാഫിക്സും ഉൾക്കൊള്ളുന്ന ഒരു ഓൺബോർഡിംഗ് പ്രക്രിയയുമായി ഇത് അവതരിപ്പിക്കാനൊരുങ്ങുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബ്ലെന്‍ഡ് സജീവമാക്കിയാൽ, നിങ്ങൾക്ക് ഒരു സുഹൃത്തിനെ മെസ്സേജ് വഴി ഈ ഫീഡിൽ ചേർക്കാൻ ക്ഷണിക്കാം. ഈ ഫീഡ് നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾക്കും സുഹൃത്തിനുമായി ശുപാർശ ചെയ്യുന്ന റീലുകൾ ഒരുമിച്ച് കാണാനുള്ള സംവിധാനം നൽകും. ഇതോടെ റീല്‍സ് നേരിട്ട് ഷെയർ ചെയ്യുന്നതിനുപകരം, നിങ്ങൾക്കും സുഹൃത്തിനും ഒരേ സമയം ഉദ്ദേശിച്ച റീലുകൾ കാണാൻ കഴിയും. കൂടാതെ, നിങ്ങൾ ചാറ്റിൽ ഷെയർ ചെയ്യുന്ന റീലുകളുടെ അടിസ്ഥാനത്തിൽ ഈ ഫീഡ് ഭാവിയിൽ നിങ്ങൾക്കൊത്ത് താല്പര്യങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്യും.

 റീല്‍ ഷെയറിങ് കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാം ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. എന്നാൽ, പല ഉപഭോക്താക്കളും വ്യത്യസ്ത താല്പര്യങ്ങളുള്ള സുഹൃത്തുക്കൾക്കായി പ്രത്യേകം റീലുകൾ ഷെയർ ചെയ്യുന്നതാണ് നിലവിലെ രീതി. അതിനാൽ,ബ്ലെന്‍ഡ് ഒരു വിപുലമായ പരീക്ഷണമായി മാറുമോ എന്നത് സംശയമാണ്. എന്നിരുന്നാലും, ഇൻസ്റ്റാഗ്രാം തലവൻ ആഡം മൊസ്സെരി ഈ ഫീച്ചറിനെക്കുറിച്ച് ഏറെ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. 2025-ൽ മെസ്സേജിംഗ് സംവിധാനം എങ്ങനെയെല്ലാം മാറുമെന്ന് കാത്തിരുന്ന് തന്നെ കാണണം. സംശയമില്ല, അടുത്തുതന്നെ ഈ ഫീച്ചർ നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഡയറക്ട് മെസേജിലും പ്രത്യക്ഷപ്പെട്ടേക്കാം 

ENGLISH SUMMARY:

Instagram is rolling out a new ‘Blend’ feature that lets users and their friends watch AI-curated Reels on a shared feed. Inspired by Spotify’s Blend playlists, this feature is now in its final testing phase. Learn more about how it works.