ഇന്‍സ്റ്റഗ്രാമിന്‍റെ ഷോർട്ട്-ഫോം വീഡിയോ ഫീച്ചറായ റീൽസിനായി ഒരു പ്രത്യേക ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. യുഎസ് ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങുമ്പോഴാണ് മെറ്റയുടെ ഈ നീക്കം. ടിക്ക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിനെ തന്നെയാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിലൂടെ മെറ്റ ലക്ഷ്യമിടുന്നത് .
മെറ്റയുടെ ഇത്തരം ശ്രമങ്ങള്‍ ഇതാദ്യമല്ല. മുന്‍പ് ബൈറ്റ് ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്‌കട്ടിൻ്റെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് മെറ്റാ എഡിറ്റ്‌സ് എന്ന വീഡിയോ എഡിറ്റിംഗ് ആപ്പ് അവതരിപ്പിച്ചിരുന്നു. 2018-ൽ, ടിക്–ടോക്കിനോട് മത്സരിക്കാനായി ലസ്സോ എന്ന വീഡിയോ ഷെയറിങ് ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര ജനപ്രീതി നേടാനായില്ല.
ഇന്‍സ്റ്റഗ്രാമിലെ റീല്‍ ഫീച്ചര്‍ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടിക്കഴിഞ്ഞിട്ടുണ്ട്. റീൽസിനായി ഒരു പ്രത്യേക ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത് വിജയകരമാകുമെന്നണ് മെറ്റയുടെ പ്രതീക്ഷ. ആപ്ലിക്കേഷൻ ആദ്യം യുഎസ്സില്‍ മാത്രമാവും ലഭ്യമാവുക. തുടര്‍ന്ന് മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം .