ഓരോ ഐ.ഒ.എസ് അപ്ഡേറ്റിലും എന്തൊക്കെ പുതിയ ഫീച്ചറുകള്‍ കിട്ടുമെന്ന് നോക്കിയിരിപ്പാണ് ആപ്പിള്‍ ഫാന്‍സ്. ആപ്പിള്‍ ഇന്‍റലിജന്‍സാണ് ഇക്കൂട്ടത്തിലെ കൊമ്പന്‍. ആപ്പിളിന്‍റെ തന്നെ സ്വകാര്യ അഹങ്കാരമായ സിരിയിലും മറ്റ് ഫീച്ചറുകളിലും എ.ഐ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ചെറുതല്ല. 2025 ലും ഇത് തുടരുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2024 ഡിസംബറില്‍ പുറത്തിറങ്ങിയ അവസാന ഐ.ഒ.എസ് അപ്ഡേറ്റായ 18.2ല്‍ കുറേയധികം എ.ഐ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.ചാറ്റ്.ജി.പി.ടിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇമേജ് ജനറേഷന്‍ ടൂളുകളും അതില്‍പെടുന്നു.
ഐ.ഒ.എസ് 18ല്‍ പ്രവര്‍ത്തിക്കുന്ന സിരികളിലാണ് ആപ്പിള്‍ പുതിയ ഇന്‍റര്‍ഫേസ് പരീക്ഷിക്കുന്നത്. സിരിക്ക് ഓപ്പണ്‍ എ.ഐയുടെ തന്നെ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയോട് ഉപഭോക്താക്കളുടെ നിര്‍ദേശാനുസരണം സഹായം ചോദിക്കാനുള്ള കഴിവുണ്ട്.ഇപ്പോഴുള്ള സിരിയേക്കാളും മിടുക്കനായിരിക്കും വരാന്‍ പോകുന്ന സിരിയെന്ന് ആപ്പിള്‍ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട് . ആപ്പുകള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം, ഓണ്‍സ്ക്രീന്‍ അവൈര്‍നെസ്, വ്യക്തിഗത സാഹചര്യത്തെ മനസിലാക്കല്‍ എന്നിങ്ങനെയുള്ള അപ്ഡേറ്റുകള്‍ 2025 ഏപ്രിലില്‍ iOS 18.3 അപ്ഡേറ്റില്‍ യോഗ്യമായ ഐഫോണുകളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപഭോക്താവിന് സിരി ഉപയോഗിച്ച് ആപ്പുകൾ തുറക്കാതെ ആപ്പിനുള്ളിലെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. ഈ ഫീച്ചർ ഉപയോഗിച്ച് നേറ്റീവ് ആപ്പുകളെ മാത്രമല്ല, തിരഞ്ഞെടുത്ത തേര്‍ഡ് പാർട്ടി ആപ്പുകളെയും നിയന്ത്രിക്കാന്‍ കഴിയും. ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത പ്രതികരണങ്ങൾ നൽകുന്നതിന് സിരി ആപ്പിൾ ഇൻ്റലിജൻസും ഇൻ-ആപ്പ് വിവരങ്ങളിലേക്കുള്ള ആക്‌സസും ഉപയോഗിക്കും. സിരിക്ക് ഐഫോണിന്‍റെ ഡിസ്പ്ലേയില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. ഐഫോണുകളിൽ നോട്ടിഫിക്കേഷൻ സമ്മറി ഫീച്ചർ ആപ്പിൾ ഇന്‍റലിജൻസ് നേരത്തെ തന്നെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടായിരുന്നു. ഭാവിയിലെ അപ്ഡേറ്റുകളിൽ, ഉപഭോക്താവിന്റെ ശ്രദ്ധ വേണ്ട നോട്ടിഫിക്കേഷനുകൾ ഒരു സ്ഥലത്ത് ചേർക്കാനും കാണിക്കാനും ഇത് സഹായിക്കും. ഇതിലൂടെ ഐഫോണുകളിലെ നോട്ടിഫിക്കേഷൻ മാനേജ്മെന്‍റ് മെച്ചപ്പെടും.
ടെക്സ്റ്റ് പ്രോംപ്റ്റുകളോ ഗ്യാലറിയില്‍ നിലവില്‍ ഉള്ള ഇമേജുകളോ ഉപയോഗിച്ച് പുതിയ ഇമേജുകള്‍ ജനറേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു. iOS 18.2ലെ ഇമേജ് പ്ലേഗ്രൗണ്ട് ഫീച്ചര്‍ നേറ്റീവ് ആപ്പുകളില്‍ പ്രവര്‍ത്തിക്കും. സ്റ്റാന്‍ഡ് എലോണ്‍ ആപ്പായും ലഭിക്കുമായിരുന്നു.ഇനി വരാനുള്ള iOS അപ്ഡേറ്റുകളില്‍ ആപ്പിൾ ഇമേജ് ജനറേഷൻ ഫീച്ചറില്‍ കൂടുതൽ സ്റ്റൈലുകള്‍ പരീക്ഷിച്ചേക്കാം. നിലവിൽ ഈ ഫീച്ചർ ഉപയോഗിച്ച് ആനിമേഷൻ, ഇലസ്ട്രേഷൻ എന്നിങ്ങനെ രണ്ട് ശൈലികളിൽ മാത്രമേ ഇമേജുകൾ ജനറേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. . സ്കെച്ച് എന്ന മൂന്നാമതൊരു ശൈലി ഉടൻ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പേഴ്സണലൈസ്ഡ് ഇമോജികള്‍ ഉണ്ടാക്കാനായി ആപ്പിള്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍മോജി ടൂളുകള്‍ ആപ്പിള്‍ വികസിപ്പിച്ചിരുന്നു. ഐ.ഒ.എസ് 18.3അപ്ഡേറ്റിനൊപ്പം കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഇമോജികള്‍ അവതരിപ്പിക്കാനിരിക്കുകയാണ് ആപ്പിള്‍.