ആഗോളവ്യാപകമായി വീണ്ടും പണിമുടക്കി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും. വാട്സാപ്പ് പ്രവര്‍ത്തനത്തിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരലക്ഷത്തോളം പേര്‍ക്ക് ഫെയ്സ്ബുക്ക് ആക്സസ് ചെയ്യാന്‍ പറ്റുന്നില്ലെന്നും കാല്‍ലക്ഷത്തിലേറെപ്പേര്‍ക്ക് ഇന്‍സ്റ്റഗ്രാമും നിരവധിപ്പേര്‍ക്ക് വാട്സാപ്പും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മെറ്റ എക്സ്പോസ്റ്റിലൂടെ അറിയിച്ചു. 99 ശതമാനം പ്രശ്നവും പരിഹരിച്ചുവെന്നും ആപ്പുകള്‍ വൈകാതെ പൂര്‍ണമായും ലഭ്യമാകുമെന്നും മെറ്റ കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്കും ഇന്‍സ്റ്റയുമെല്ലാം പണിമുടക്കിയെന്ന് മനസിലായതോടെ മസ്കിന്‍റെ എക്സിലേക്കായി ആളുകളുടെ ഓട്ടം. പലരും കടുത്ത നിരാശയും അമര്‍ഷവും പങ്കിട്ടപ്പോള്‍ കുറേയധികം ആളുകള്‍ മീമുകളൊക്കെ പങ്കുവച്ച് ഇത് വലിയ തമാശയാക്കി മാറ്റി. മിസ്റ്റര്‍ ബീനിന്‍റെ മീമുകളാണ് കൂട്ടത്തില്‍ വൈറലായത്. ആപ്പുകള്‍ക്ക് തകരാറുണ്ടെന്ന് പറയാന്‍ എക്സിലെത്തിയ മെറ്റയെ അഭിനന്ദിക്കാനും ചിലര്‍ മറന്നില്ല.
ഞായറാഴ്ച വൈകുന്നേരത്തോടെ ഫെയസ്ബുക്ക് പലയിടങ്ങളിലും പണിമുടക്ക് തുടങ്ങിയെന്നാണ് ഓട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോഗ് ഇന്‍ ചെയ്യാന്‍ പറ്റാത്തതും, മെസേജ് അയ്ക്കാന്‍ സാധിക്കാത്തതും തുടങ്ങിയുള്ള പ്രശ്നങ്ങളായിരുന്നു തുടക്കത്തില്‍. തകരാര്‍ ഡെസ്ക്ടോപ്പിലും മൊബൈല്‍ പതിപ്പിലും ബാധിച്ചു.
മാര്‍ച്ച് മാസത്തിലും സമാനമായ തകരാര്‍ മെറ്റ നേരിട്ടിരുന്നു. മൂന്ന് ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് അന്ന് ഫെയ്സ്ബുക്കില്‍ മാത്രം പ്രവര്‍ത്തനരഹിതമായത്. കാല്‍ ലക്ഷത്തോളം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുംകളും വാട്സാപ്പും മെസഞ്ചറും പ്രവര്‍ത്തനം മുടക്കിയിരുന്നു.