ഒരു ദിവസം ഗൂഗിളില്‍ എത്ര സെര്‍ച്ച് വരുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? പോയ വര്‍ഷം എന്തെല്ലാം നമ്മള്‍ തിരഞ്ഞിട്ടുണ്ടെന്ന് അറിയാമോ? ആഗോളതലത്തിൽ ദിവസേന കോടിക്കണക്കിന് തിരയലുകളാണ് ഗൂഗിളില്‍ നടക്കുന്നത്. ഇവയില്‍ തന്നെ 15% പുതിയ സെര്‍ച്ചുകളാണെന്നാണ് ഗൂഗിള്‍ പറയുന്നത്. 2024 അവസാനിക്കാനിരിക്കെ ‘ഇയർ ഇൻ സെർച്ച്’ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍.
പോയ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞത് ഐപിഎല്‍ വിശേഷങ്ങളാണ്. ഐപിഎല്ലിനു പിന്നാലെ രണ്ടാം സ്ഥാനത്ത് ടി 20 ലോകകപ്പുമുണ്ട്. ഇതില്‍ നിന്നും കായിക മല്‍സരങ്ങളോടുള്ള, പ്രത്യേകിച്ചും ക്രിക്കറ്റിനോടുള്ള രാജ്യത്തിന്‍റെ അടങ്ങാത്ത അഭിനിവേശം വ്യക്തം. സ്പോര്‍ടിനു പിന്നാലെ 2024ലെ തിരഞ്ഞെടുപ്പ് പോലുള്ള പ്രധാന രാഷ്ട്രീയ സംഭവങ്ങളും ആളുകള്‍ തിരഞ്ഞു. മൂന്നാം സ്ഥാനത്ത് രാജ്യം ഭരിക്കുന്ന ബിജെപിയും നാലാം സ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലവുമാണ്. കായികലോകത്തെ വിശേഷങ്ങളില്‍ ഐപിഎല്ലിനും ടി 20 വേള്‍ഡ് കപ്പിനും പിന്നാലെ ഒളിംപിക്സ് , കബഡി ലീഗ്, ഐഎസ്എല്‍, വുമണ്‍ പ്രീമിയര്‍ ലീഗ്, കോപ അമേരിക്ക, ദുലീപ് ട്രോഫി, യൂറോ കപ്പ്, അണ്ടര്‍ 19 വേള്‍ഡ് കപ്പ് എന്നിവയാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ച കായിക ഇവന്‍റുകള്‍.
എന്‍റര്‍ടൈന്‍മെന്‍റ് വിഭാഗത്തില്‍ സിനിമകൾ, കെ-ഡ്രാമകള്‍, മീമുകള്‍ എന്നിവയാണ് ആധിപത്യം പുലര്‍ത്തുന്നത്. സിനിമകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് സ്ത്രീ 2 ആണ്. പിന്നാലെ കൽക്കി 2898 എഡി, ട്വല്‍ത്ത് ഫെയില്‍ എന്നിവയുമുണ്ട്. മലയാള സിനിമകളായ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം തുടങ്ങിയവയും ലാപത ലേഡീസ്, ഹനു-മാൻ, മഹാരാജ, ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ദ് ടൈം, സലാര്‍ എന്നിവയും ഇന്ത്യക്കാരുടെ സെര്‍ച്ച് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്
ട്രെൻഡിംഗ് ഷോകളുടെ പട്ടികയിൽ സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടിയാണ് ഒന്നാമത്. അതേസമയം മിർസാപൂരും പഞ്ചായത്തും പ്രേക്ഷകപ്രീതിയില്‍ മുന്നിലുണ്ട്. ദ് ലാസ്റ്റ് ഓഫ് അസ് പോലുള്ള അന്താരാഷ്ട്ര ഷോകളും ക്യൂൻ ഓഫ് ടിയേഴ്‌സ്, മാരി മൈ ഹസ്ബൻഡ് തുടങ്ങിയ കെ-ഡ്രാമകളും ഇന്ത്യക്കാരുടെ തിരയലുകളില്‍ ഉള്‍പ്പെടുന്നു. സംഗീതത്തില്‍ ഇന്ത്യന്‍ ട്രാക്കുകള്‍ തന്നെയാണ് മുന്നില്‍. അതേസമയം ഗൃഹാതുരുത്വമുണര്‍ത്തുന്ന പഴയ ഗാനങ്ങളും ഇന്ത്യക്കാര്‍ മറന്നിട്ടില്ല. മലയാളത്തില്‍ നിന്ന് ഇല്ലുമിനാറ്റിയും ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട്.
വ്യക്തിത്വങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞത് വിനേഷ് ഫോഗട്ടിനെയാണ്. നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ഹാര്‍ദിക് പാണ്ഡ്യ, പവന്‍ കല്യാണ്‍, ശശാങ്ക് സിങ്, പൂനം പാണ്ഡെ, രാധിക മെര്‍ച്ചന്‍റ്, അഭിഷേക് ശര്‍മ്മ, ലക്ഷ്യ സെന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഭക്ഷണപ്രേമികളുടെ തിരയലുകള്‍ നോക്കിയാല്‍ പരമ്പരാഗത രുചികള്‍ മുതല്‍ കോക്‌ടെയിലുകൾ വരെ ആളുകള്‍ തിരഞ്ഞു. കോക്‌ടെയിലായ പോൺസ്റ്റാർ മാർട്ടിനിയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നാലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാമ്പഴ അച്ചാറുമുണ്ട്. കൂടാതെ, ചമ്മന്തി, കേരളത്തിന്‍റെ തേങ്ങാ ചട്ണി ഓണസദ്യ തുടങ്ങിയ പ്രാദേശിക പാചകക്കുറിപ്പുകളും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ റെസിപ്പികളാണ്.
യാത്രകള്‍ക്കായി ഈ വർഷം അസർബൈജാൻ ഇന്ത്യക്കാരുടെ ഹോട്ട് ഫേവറിറ്റായി മാറി. ഇന്ത്യക്കാര്‍ക്കിടയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദങ്ങള്‍ക്കായി വർദ്ധിച്ചുവരുന്ന താല്‍പര്യത്തെ ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ ഒപ്പം തന്നെ രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രവും സംസ്കാരവും എക്സ്പ്ലോര്‍ ചെയ്യാനും ഇന്ത്യക്കാര്‍ മറന്നില്ല. മണാലി, ജയ്പൂർ തുടങ്ങിയ ഇടങ്ങളും ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവയാണ്.