നമുക്ക് ആരൊക്കെ മെസേജ് അയക്കണമെന്ന് നമുക്ക് തീരുമാനിക്കാൻ കഴിഞ്ഞാലോ ? സംഗതി കലക്കും. സംഭവം സത്യമാണ്, ഇനി വാട്ട്സ് ആപ്പില്‍ മെസേജ് അയയ്ക്കാന്‍ നമ്മുടെ സമ്മതം കൂടി വേണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ആരെല്ലാം മെസേജ് അയക്കണമെന്ന് സ്വയം തീരുമാനിക്കാം. ഉപഭോക്തൃ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് ഇത്തരമൊരു ഫീച്ചർ പുറത്തിറക്കുന്നത്.
അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങൾ തടയാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഇതോടെ അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന സ്പാം, ഫിഷിംഗ് ആക്രമണങ്ങളും തടയാനാകും . വാട്ട്സ് ആപ്പ് വഴി നടക്കുന്ന കുറ്റകൃത്യങ്ങൾക്കും തട്ടിപ്പുകൾക്കും കടിഞ്ഞാണിടാൻ ഒരു പരിധി വരെ ഈ ഫീച്ചർ സഹായിക്കുമെന്നാണ് കരുതുന്നത്.
അറിയാത്ത നമ്പറിൽ നിന്ന് ലഭിക്കാവുന്ന മെസേജുകളുടെ എണ്ണത്തിൽ ഉപയോക്താക്കൾക്ക് തന്നെ ഒരു പരിധി നിശ്ചയിക്കാനാകും. ഇത് കഴിഞ്ഞാൽ, ആ അക്കൗണ്ടിൽ നിന്ന് വരുന്ന എല്ലാ മെസേജുകളും വാട്ട്‌സ്ആപ്പ് തന്നെ ബ്ലോക്ക് ചെയ്യും.
ആപ്പിനെ പ്രതികൂലമായി ബാധിക്കുന്ന സ്പാമുകളും അനാവശ്യ സന്ദേശങ്ങളും തടയുന്നത് വഴി ഈ ഫീച്ചർ ആപ്പിനെ കൂടുതൽ സുഗമമായും കാര്യക്ഷമമായും പ്രവർത്തിപ്പിക്കാനും. സഹായിക്കും. വാട്ട്സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഡേറ്റ ഗണ്യമായികുറയ്ക്കാനും ഇതുവഴി കഴിയും.
വരാനിരിക്കുന്ന അപ്‌ഡേറ്റുകൾക്കൊപ്പം ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ് എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷ. വാട്‌സാപ്പിന്‍റെ പ്രൈവസി സെറ്റിങ്‌സിലാണ് ഇത് ഉള്‍പ്പെടുത്തുക.