മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചത് രാജ്യത്തെ വിമാനത്താവളങ്ങളെയും ബാധിച്ചു. പലയിടങ്ങളിലും എയർപോർട്ട് ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്കു നൽകിയത്. ഹൈദരാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്. യുഎസ് ആസ്ഥാനമായുള്ള നോഷൻ എച്ച്ക്യു കമ്പനിയുടെ സഹസ്ഥാപകനായ അക്ഷയ് കോത്താരി എന്ന യാത്രക്കാരനാണ് ബോഡിങ് പാസിന്റെ ചിത്രം എക്സില്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ ലോകത്ത് വൈറലായ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റ് രോഖപ്പെടുത്തിയിരിക്കുന്നത്.
"ഞങ്ങൾ ശിലായുഗത്തിലേക്ക് മടങ്ങുകയാണ്" എന്നാണ് ഒരാളുടെ കമന്റെങ്കില്. “സൂക്ഷിക്കാൻ നല്ല സുവനീർ,” എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. നാം സാങ്കേതികവിദ്യയെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് കാണുന്നത് കൗതുകകരമാണ്. ബാക്കപ്പ് സംവിധാനങ്ങളുടെ പ്രാധാന്യവും മനുഷ്യൻ ചാതുര്യത്തിൻ്റെ പ്രതിരോധശേഷിയും ഈ തടസ്സം ഉയർത്തിക്കാട്ടുന്നു,” നാലാമൻ പറഞ്ഞു.
തിരുവനന്തപുരത്തുനിന്നുള്ള നാല് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോയ്ക്ക് ആകെ 192 സര്‍വീസുകള്‍ നടത്താനായില്ല. നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സിയാല്‍ അറിയിച്ചു. ഓഹരി വിപണി പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ലെന്ന് എന്‍എസ്ഇ. ഐടി മന്ത്രാലയം മൈക്രോസോഫ്റ്റുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സൈബര്‍ സെക്യൂരിറ്റി പ്രശ്നം പരിഹരിച്ചുവരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.