വാട്‌സാപ്പില്‍ രണ്ടു പുതിയ ഫീച്ചറുകള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് വാബീറ്റാഇന്‍ഫോ. ആന്‍ഡ്രോയിഡ് ഒ.എസില്‍ ലഭ്യമായ വാട്‌സാപ്പിന്റെ ബീറ്റ പതിപ്പിലാണ് (2.24.9.22) പുതിയ അപ്ഡേറ്റുകള്‍. ഇവയില്‍ പ്രധാനപ്പെട്ടത് ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍പ്പോലും ഫയല്‍ ട്രാന്‍സ്ഫര്‍ നടത്താനുള്ള സൗകര്യമാണ്. രണ്ടാമത്തേത് കോണ്‍ടാക്ട്സിനെക്കുറിച്ച് നോട്ടുകള്‍ എഴുതാനുള്ള ഫീല്‍ഡ് കൊണ്ടുവരുന്നു എന്നതാണ്. ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ ലോക്കല്‍ നെറ്റ്‌വര്‍ക്ക് വഴിയായിരിക്കും ഫയല്‍ ട്രാന്‍സ്ഫര്‍ നടത്താന്‍ സാധിക്കുക.
ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, തുടങ്ങിയവ അടുത്തുള്ള ഒരു വാട്‌സാപ്പ് ഉപയോക്താവിന് ഇന്റര്‍നെറ്റ് റേഞ്ച് ഇല്ലെങ്കിലും കൈമാറാനുള്ള അവസരമായിരിക്കും ലഭിക്കുക. ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ ഉപഭോക്താവ് ഫോണില്‍ പ്രത്യേക പെര്‍മിഷനുകള്‍ എനേബിള്‍ ചെയ്യേണ്ടിവരും.
ലോക്കല്‍ നെറ്റ്‌വര്‍ക്ക് വഴി ഫയലുകള്‍ കൈമാറാന്‍ അടുത്തുള്ള (നിയര്‍ബൈ) യൂസേഴ്‌സിന് ഡിവൈസ് ഡിസ്‌കവറബ്ള്‍ ആക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി നല്‍കുന്ന പെര്‍മിഷന്‍ സ്ഥിരമായി നിലനിര്‍ത്തുകയോ, അപ്പോള്‍ തന്നെ പിന്‍വലിക്കുകയോ ചെയ്യാം. വാട്‌സാപ്പിനെ പ്രശസ്തമാക്കിയ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തി തന്നെയായിരിക്കും ഫയല്‍ ട്രാന്‍സ്ഫര്‍.
ഈ പ്രക്രിയ നടക്കുമ്പോള്‍ വാട്‌സാപ് അക്കൗണ്ട് ഉടമയുടെ സ്വകാര്യത പൂര്‍ണ്ണമായി സംരക്ഷിക്കുമെന്നും ഉറപ്പുനല്‍കുന്നു. രണ്ടാമത്തേ ഫീച്ചര്‍ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന്റെ 2.24.9.17 ബീറ്റ വേര്‍ഷനിലാണുള്ളത്. കോണ്‍ടാക്ട്‌സിന്റെ പേരിനൊപ്പം എന്തെങ്കിലും നോട്‌സ് കൂടെ കുറിക്കാനുള്ള ഇടംകൂടി ഒരുക്കുകയായിരിക്കും ചെയ്യുക. അത്ര പരിചയമില്ലാത്ത ഒരാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളും മറ്റും ഇങ്ങനെ ഉള്‍പ്പെടുത്താം. ഈ കുറിപ്പുകള്‍ അത് ചേര്‍ക്കുന്നയാള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ.