credits: NASA/SDO

credits: NASA/SDO

സൂര്യനിലുണ്ടായ രണ്ട് ശക്തമായ സ്ഫോടനങ്ങളുടെ ഫലമായി രൂപപ്പെട്ട സൗരകൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ് ഭൂമിയെന്ന് ശാസ്ത്രലോകം. സൂര്യനിൽനിന്ന് പുറപ്പെട്ട വൈദ്യുതചാർജുള്ള കണങ്ങളുടെയും കാന്തിക വസ്തുക്കളുടെയും പ്രവാഹം ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ വ്യതിയാനങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. യുഎസിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) മിതമായ തീവ്രതയുള്ള G2 ജിയോമാഗ്നറ്റിക് കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇത് ഉപഗ്രഹങ്ങളുടെ പ്രവർത്തനം, റേഡിയോ ആശയവിനിമയം, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്.

എന്താണ് സൗരകൊടുങ്കാറ്റ്?

സൂര്യനിൽ നടക്കുന്ന തീവ്രമായ പ്രവർത്തനങ്ങളുടെ ഫലമായി ഊർജവും കണങ്ങളും ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് സൗരകൊടുങ്കാറ്റ്. കൊറോണൽ മാസ് എജക്ഷൻ (Coronal Mass Ejection) എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ വൈദ്യുതചാർജുള്ള കണങ്ങളുടെയും കാന്തിക പ്ലാസ്മയുടെയും വലിയ പ്രവാഹം ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. ഇവ ഭൂമിയിലെത്തുമ്പോൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായി ഇടപഴകുകയും ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾക്ക് കാരണമാകുകയും ചെയ്യുന്നു.

സൗരകൊടുങ്കാറ്റുകളുടെ തീവ്രത കണക്കാക്കാൻ NOAA അഞ്ച് ഘട്ടങ്ങളുള്ള സ്കെയിലാണ് ഉപയോഗിക്കുന്നത്. ചെറിയ സ്വാധീനമുള്ള G1 മുതൽ അതിതീവ്രമായ G5 വരെയാണ് വിഭാഗങ്ങൾ. ഇതിനു പുറമെ സൗരവികിരണ കൊടുങ്കാറ്റുകളുടെയും റേഡിയോ ബ്ലാക്ക്ഔട്ടുകളുടെയും തീവ്രത അളക്കാൻ പ്രത്യേക സ്കെയിലുകളും ഉപയോഗിക്കുന്നുണ്ട്.

എന്തു സംഭവിക്കും?

ഒക്ടോബർ 7, 8 തീയതികളിൽ സൂര്യനിലുണ്ടായ രണ്ട് വ്യത്യസ്ത സ്ഫോടനങ്ങളെത്തുടർന്നാണ് ഈ സൗരകൊടുങ്കാറ്റ് രൂപപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ സ്ഫോടനത്തിൽ പുറപ്പെട്ട കണങ്ങൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെ അവ ആദ്യത്തെ സ്ഫോടനത്തിൽനിന്നുള്ള കണങ്ങളുമായി സംയോജിക്കുമെന്നാണ് പ്രവചനം.

G2 തീവ്രതയിലുള്ള കൊടുങ്കാറ്റിന്റെ ആഘാതം ഉയർന്ന അക്ഷാംശങ്ങളിലുള്ള പ്രദേശങ്ങളിലായിരിക്കും കൂടുതൽ പ്രകടമാകുക. ഇവിടങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലകളിൽ ചെറിയ വോൾട്ടേജ് വ്യതിയാനങ്ങളുണ്ടാകാം. ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനും ചില പ്രദേശങ്ങളിൽ റേഡിയോ സിഗ്നലുകൾ ദുർബലമാകാനും ഉപഗ്രഹ നാവിഗേഷന്റെ കൃത്യതയിൽ വ്യതിയാനങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

സൗരകൊടുങ്കാറ്റിലെ ചാർജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി ഇടപഴകുമ്പോഴാണ് ‘അറോറ’ അഥവാ ധ്രുവദീപ്തി രൂപപ്പെടുന്നത്. കൊടുങ്കാറ്റിന്റെ ഫലമായി സാധാരണ കാണപ്പെടുന്നതിലും താഴ്ന്ന അക്ഷാംശങ്ങളിലുള്ള ചില പ്രദേശങ്ങളിലും ധ്രുവദീപ്തി ദൃശ്യമായേക്കാം.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

പ്രവചിക്കപ്പെട്ടിരിക്കുന്ന G2 തീവ്രതയിലുള്ള കൊടുങ്കാറ്റ് ഇന്ത്യയിൽ വലിയ തോതിലുള്ള വൈദ്യുതിമുടക്കത്തിനോ ആശയവിനിമയ തടസ്സങ്ങൾക്കോ കാരണമാകാൻ സാധ്യത കുറവാണ്. ഉയർന്ന അക്ഷാംശങ്ങളിലുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇതിന്റെ ആഘാതം പരിമിതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ സാധാരണ ജനജീവിതത്തെ കാര്യമായി ബാധിക്കാനിടയില്ല. എങ്കിലും സൗരപ്രവർത്തനങ്ങളും ഭൂമിയുടെ കാന്തികക്ഷേത്രത്തിലുണ്ടാകുന്ന മാറ്റങ്ങളും ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ENGLISH SUMMARY:

Earth is preparing for a moderate G2-level geomagnetic storm caused by two distinct coronal mass ejections (CMEs) originating from solar eruptions on October 7 and 8. The National Oceanic and Atmospheric Administration (NOAA) warned that the faster second CME is expected to merge with the first before reaching Earth, disturbing the planet's magnetic field. While high-latitude regions may experience minor power grid voltage fluctuations, radio signal disruptions, satellite navigation inaccuracies, and expanded auroral displays, the storm is expected to have minimal impact on tropical regions like India, causing no major power or communication outages.