വിക്രം-1ന്‍റെ വിജയകരമായ വിക്ഷേപണത്തോടെ രാജ്യത്ത് ബഹിരാകാശ മേഖലയില്‍ സ്വകാര്യ യുഗത്തിന് തുടക്കമായി. സ്കൈറൂട്ട് എയറോസ്പേസിന്‍റെ അഭിമാനനേട്ടത്തെ പ്രശംസിച്ചുകൊണ്ട് ഐ.എസ്.ആര്‍.ഒ സുപ്രധാന വിക്ഷേപണങ്ങളുമായി ഉടന്‍ തിരിച്ചുവരുമെന്ന് ചെയര്‍മാന്‍ ഡോ. വി.നാരായണന്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായ പി.എസ്.എല്‍.വി തോല്‍വികള്‍ക്ക് ശേഷം ഏഴ് മാസത്തോളമായി ഐ.എസ്.ആര്‍.ഒ വിക്ഷേപണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
എന്നാല്‍ ചന്ദ്രയാൻ-3ന്‍റെ ചരിത്രവിജയവും ആദിത്യ എൽ1 ദൗത്യത്തിന്‍റെ നേട്ടവും ഐഎസ്ആർഒയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരുന്നു. രാജ്യത്തിന്‍റെ ബഹിരാകാശ പദ്ധതികൾ ഇനി ഉപഗ്രഹ വിക്ഷേപണങ്ങളിലും ചന്ദ്രപര്യവേഷണത്തിലും മാത്രം ഒതുങ്ങുന്നതല്ല എന്നതിന് തെളിവായി ശുഭാന്‍ശു ശുക്ല ബഹിരാകാശ നിലയത്തില്‍ പോയി വന്നു. അതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ പി.എസ്.എല്‍.വി തോല്‍വികള്‍. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഐഎസ്ആർഒ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഏഴ് സുപ്രധാന പദ്ധതികള്‍ ഇവയാണ്
1. ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം
ഐഎസ്ആർഒയുടെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് ഗഗൻയാൻ. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന ദൗത്യം.
വ്യോമസേനയിൽ നിന്നുള്ള ബഹിരാകാശ യാത്രികരെ ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് അയക്കുകയാണ് ലക്ഷ്യം. മനുഷ്യരെ അയയ്ക്കുന്നതിന് മുൻപായി ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഇതിനായുള്ള സുരക്ഷാ പരീക്ഷണങ്ങള്‍ ഈ അടുത്തിടെയാണ് ഐ.എസ്.ആര്‍.ഒ പൂര്‍ത്തിയാക്കിയത്. ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദൗത്യം വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്കുശേഷം സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
2. ചന്ദ്രയാൻ-4: ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക്
ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയെങ്കിലും അടുത്ത ലക്ഷ്യം അതിലും വലിയതാണ്. ചന്ദ്രനിൽ നിന്ന് മണ്ണും പാറക്കഷണങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ചന്ദ്രയാൻ-4ന്‍റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങളിലൊന്നായ സാമ്പിൾ റിട്ടേൺ മിഷനിലൂടെ ചന്ദ്രന്‍റെ ഉല്‍ഭവവും ഘടനയും സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
3. ചന്ദ്രയാൻ-5: ജപ്പാനൊപ്പം ദക്ഷിണധ്രുവ പര്യവേഷണം
ജപ്പാന്‍റെ ജാക്സയുമായി സഹകരിച്ചാണ് ചന്ദ്രയാൻ-5 അഥവാ ലുപെക്സ് (LUPEX) ദൗത്യം നടപ്പാക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവ മേഖലയിൽ ജലഹിമയുടെ സാന്നിധ്യം ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ ശേഷിയുള്ള റോവർ ഉപയോഗിക്കും. ഭാവിയിൽ മനുഷ്യരുടെ ചന്ദ്രദൗത്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിൽ ഈ ദൗത്യം പ്രധാന പങ്കുവഹിക്കും.
4. ശുക്രായാൻ: ശുക്രനിലേക്ക് ഇന്ത്യ
ചൊവ്വയ്ക്കും ചന്ദ്രനും ശേഷം ഐഎസ്ആർഒയുടെ ശ്രദ്ധ ശുക്രനിലേക്കാണ്. ശുക്രായാൻ അഥവാ വീനസ് ഓർബിറ്റർ മിഷൻ വഴി ശുക്രന്‍റെ അന്തരീക്ഷം, ഉപരിതലം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ പഠിക്കും. ഭൂമിയുമായി ചില സാമ്യങ്ങളുണ്ടെങ്കിലും അതീവ ചൂടും പ്രതികൂല സാഹചര്യങ്ങളും നിറഞ്ഞ ശുക്രന്‍റെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്.
5. ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ
2035ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് കേന്ദ്രസർക്കാരും ഐഎസ്ആർഒയും ലക്ഷ്യമിടുന്നത്. ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ എന്ന പേരിലുള്ള ഈ പദ്ധതി യാഥാർഥ്യമായാൽ ദീർഘകാല ബഹിരാകാശ ഗവേഷണത്തിനും ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഇന്ത്യയ്ക്ക് സ്വന്തം പ്ലാറ്റ്ഫോം ലഭിക്കും. ആദ്യ മോഡ്യൂളുകളിന്‍റെ വിക്ഷേപണം 2030ന്‍റെ തുടക്കത്തില്‍ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ 2030ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നിലവിലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ പകരക്കാരനാവാന്‍ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന് സാധിക്കും. ഇത് ആഗോള തലത്തില്‍ ഇസ്രോയുടെ മൂല്യം പത്തിരട്ടിയാക്കുമെന്നതില്‍ സംശയമില്ല.
6. സ്പേഡെക്സ് ദൗത്യങ്ങൾ
ബഹിരാകാശത്ത് രണ്ട് പേടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഡോക്കിങ് സാങ്കേതികവിദ്യ ഭാവിയിലെ എല്ലാ വലിയ ദൗത്യങ്ങൾക്കും അനിവാര്യമാണ്. ഈ സാങ്കേതികവിദ്യ തെളിയിക്കുന്നതിനായാണ് സ്പേഡെക്സ് പദ്ധതികൾ. ചന്ദ്രയാൻ-4, ഗഗൻയാൻ, ഭാവിയിലെ ബഹിരാകാശ നിലയം എന്നിവയുടെ വിജയത്തിന് ഈ സാങ്കേതികവിദ്യ നിർണായകമാണ്. ഇന്ത്യയുടെ ദീർഘകാല ബഹിരാകാശ സ്വപ്നങ്ങൾക്ക് അടിത്തറ പാകുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.ഇതില്‍ സ്പേഡെക്സ്-1 വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്പേഡെക്സ്–2,സ്പേഡെക്സ്-3 ദൗത്യങ്ങളും വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം
7. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ
ഇപ്പോൾ ഉപയോഗിക്കുന്ന എൽവിഎം-3 റോക്കറ്റിനെക്കാൾ കൂടുതൽ ഭാരം വഹിക്കാൻ കഴിയുന്ന പുതിയ തലമുറ വിക്ഷേപണ വാഹനമാണ് നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV). പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യ ഉൾപ്പെടുത്തി വിക്ഷേപണച്ചെലവ് കുറയ്ക്കുകയും വലിയ ദൗത്യങ്ങൾ സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഗഗൻയാൻ, ചന്ദ്രയാൻ-4, ബഹിരാകാശ നിലയം തുടങ്ങിയ ഭാവി പദ്ധതികളുടെ പ്രധാന കരുത്തായി ഈ റോക്കറ്റ് മാറും.