വാനോളം അഭിമാനം ഉയര്‍ത്തി അമേരിക്കന്‍ മലയാളി ഡോ.അനില്‍ മേനോന്‍ ബഹിരാകാശത്ത്. ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തില്‍ 8.17ന് യാത്ര തിരിച്ച അനിലും സംഘവും പുലര്‍ച്ചെ രണ്ടുമണിയോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.
അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റി ഒരു മലയാളി കൂടി. ആറാം വയസില്‍ തുടങ്ങിയ ആഗ്രഹം സാക്ഷാത്കരിച്ച് അനില്‍ മേനോന്‍ ബഹിരാകാശത്തെത്തി. ആദ്യമായി ബഹിരാകാശത്ത് എത്തുന്ന മലയാളി എന്ന പൊന്‍ തൂവല്‍ ഇനി അനിലിന് സ്വന്തം. കസഖ്സ്ഥാനിലെ ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് Soyuz MS-29 പേടകത്തിൽ ഇന്ത്യന്‍ സമയം 8.17ന് അനില്‍ മേനോനും സംഘവും യാത്ര തിരിച്ചു.
റഷ്യന്‍ ബഹിരാകാശ യാത്രികരായ പ്യോത്തര്‍ ഡുബ്രോവും അന്ന കിക്കിനയുമായിരുന്നു അനിലിന്റെ സഹയാത്രികര്‍. മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ പേടകം 11.26ന് രാജ്യാന്തരബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു
ഡോക്ക് ചെയ്ത ഉടനെ അനിലിന്റെ സന്ദേശവുമെത്തി. അതിവേഗയാത്ര ഗംഭീരമെന്നായിരുന്നു അനിലിന്റെ ആദ്യ സന്ദേശം
രണ്ടുമണിയോടെ സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. എക്സ്പഡിഷന്‍ 74ന്റെ ഭാഗമായി ബഹിരാകാശത്തുള്ള യാത്രികര്‍ മൂവര്‍ക്കും ഊഷ്മളമായ സ്വീകരണം നല്‍കി. എട്ട് മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഇവര്‍ പങ്കാളികളാകും.
മൈക്രോ ഗ്രാവിറ്റിയിലുള്ള മനുഷ്യ ശരീരത്തിലെ വ്യത്യാസം, നിലയത്തിലെ ശുദ്ധജലത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ദ്രാവകം IV Fluid ആക്കുന്ന, നിര്‍മിത ബുദ്ധിയെ മെഡിക്കല്‍ രംഗവുമായി കോര്‍ത്തിണക്കിയുള്ള പരീക്ഷണങ്ങളിലെല്ലാം അദ്ദേഹം പങ്കാളിയാകും. 220 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തങ്ങുന്ന സംഘം അടുത്ത വര്‍ഷം ഏപ്രിലിലാണ് മടങ്ങുക.