അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റിയ ശുഭാന്‍ശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രയ്ക്ക് ഇന്നേക്ക് ഒരുവര്‍ഷം. ബഹിരാകാശമേഖലയില്‍ ഇന്ത്യയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്തി തന്ന ദിവസം. 2025 ജൂണ്‍ 25നാണ് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ഐ.എസ്.ആര്‍.ഒ ഗഗന്‍യാത്രി സംഘാംഗവുമായ ശുഭാന്‍ശു ശുക്ല ആക്സിയം–4ന്‍റെ ഭാഗമായി ഐ.എസ്.എസിലെത്തിയത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തിയതും ആദ്യമായി ഒരു ഇന്ത്യക്കാരന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയതും ഈ ദൗത്യത്തിലൂടെയായിരുന്നു. രാകേശ് ശര്‍മയായിരുന്നു ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍. എന്നാല്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് ദൗത്യത്തിലൂടെ ശുഭാന്‍ശു നേടിയെടുത്തത്.
ആക്സിയം കമ്പനിയുടെ നാലാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ആക്സിയം–4. ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്‍ററില്‍ നിന്ന് ഫാല്‍ക്കണ്‍–9 റോക്കറ്റിന്‍റെ സഹായത്തോടെയാണ് ശുഭാന്‍ശു ഉള്‍പ്പെട്ട നാലംഗ ദൗത്യ സംഘം ബഹിരാകാശ നിലയത്തിയത്. നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണായിരുന്നു മിഷന്‍ കമാന്‍ഡര്‍. മിഷന്‍ പൈലറ്റിന്‍റെ ചുമതല ശുഭാന്‍ശു ശുക്ല ഭംഗിയായി നിര്‍വഹിച്ചു. പോളണ്ടില്‍ നിന്നുള്ള സ്ളാവോസ് ഉസ്നാന്‍സ്കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവും ദൗത്യത്തിലെ മിഷന്‍ സ്പെഷലിസ്റ്റുകളായി.
ഐഎസ്എസിൽ ഏകദേശം രണ്ടാഴ്ചക്കാലം ചെലവഴിച്ച ആക്‌സിയം-4 സംഘം വിവിധ ശാസ്ത്രപരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി. മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ മനുഷ്യശരീരത്തിലെ മാറ്റങ്ങൾ, ജീവശാസ്ത്ര പഠനങ്ങൾ, മെറ്റീരിയൽ സയൻസ് പരീക്ഷണങ്ങൾ തുടങ്ങി നിരവധി മേഖലകളിലായി ഗവേഷണങ്ങൾ നടന്നു. ഇന്ത്യയ്ക്കായി നിർണായകമായ ചില പരീക്ഷണങ്ങളും ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. ഈ പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഭാവിയിലെ ഗഗൻയാൻ ദൗത്യത്തിനും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനും ഊര്‍ജം പകരും.
ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതി ഗഗന്‍യാനിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പുകൂടിയായിരുന്നു ശുഭാന്‍ശുവിന്‍റെ യാത്ര. ബഹിരാകാശ യാത്രികരുടെ പരിശീലനം, രാജ്യാന്തര സഹകരണം, ദീർഘകാല ബഹിരാകാശ വാസവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എന്നിവ ഇന്ത്യയ്ക്ക് നേരിട്ട് പഠിക്കാനുള്ള അവസരമാണ് ഈ ദൗത്യം നൽകിയത്.
രാജ്യാന്തര ബഹിരാകാശനിലയത്തില്‍ വച്ച് ശുഭാന്‍ശു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. രാകേശ് ശര്‍മയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുമായി സംസാരിച്ചിരുന്നു. ബഹിരാകാശ നിലയത്തില്‍ വച്ച് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത ശുഭാന്‍ശുവിന്‍റെ വാക്കുകള്‍ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കും വലിയ പ്രചോദനമായി. ‘ഇത് എന്‍റെ മാത്രമം നേട്ടമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നസാക്ഷാല്‍ക്കാരമാണ്.ഭാവിയില്‍ ഒരുപാട് ശുഭാന്‍ശു ശുക്ലമാര്‍ ഉണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം’ ഇതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ശുഭാന്‍ശുവിന്‍റെ യാത്ര ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയും ഇസ്രോയും ബഹുദൂരം മുന്നോട്ട് പോകുകയാണ്. ഗഗന്‍യാന്‍റെ ആദ്യ ആളില്ലാ പരീക്ഷണം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തുടര്‍ച്ചായി ഉണ്ടായ പി.എസ്.എല്‍.വി പരാജയത്തോടെ ഇസ്രോ ആശങ്കയിലാണ്. ജനുവരിക്ക് ശേഷം ദൗത്യങ്ങളൊന്നും നടത്തിയിട്ടുമില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ദൗത്യങ്ങളില്‍ ഇസ്രോ ഏര്‍പ്പെടുമെന്ന് പ്രതീക്ഷിക്കാം.