ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ആർട്ടെമിസ് II ഭൂമിയിലേക്കുള്ള യാത്രയിലാണ്. സാങ്കേതികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലേക്കാണ് ആര്‍ട്ടെമിസ് ടു അടുക്കുന്നത്. ദൗത്യത്തിലെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഓറിയോണ്‍ പേടകം ഒരു അഗ്നിഗോളത്തിന് സമാനമായി അന്തരീക്ഷത്തിലൂടെ കുതിച്ചുപായും. ഭൂമിയിലേക്ക് അടുക്കുന്തോറും പേടകത്തിന്‍റെ വേഗതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈസ്റ്റേണ്‍ ടൈം വെള്ളിയാഴ്ച വൈകുന്നേരം 7:53 ന് (ഇന്ത്യന്‍ സമയം ഏപ്രില്‍ 11 രാവിലെ 5:23) പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും 8:07 ന് (ഇന്ത്യന്‍ സമയം രാവിലെ 5:37) പസഫിക് സമുദ്രത്തിൽ പതിക്കുമെന്നുമാണ് നാസയുടെ കണക്കുകൂട്ടൽ. അന്തരീക്ഷത്തിൽ എത്തുന്നതിന് മുൻപ് പേടകം മണിക്കൂറിൽ 38,366 കിലോമീറ്റർ എന്ന പരമാവധി വേഗത കൈവരിക്കും.

ഒടുവില്‍ അന്തരീക്ഷത്തിലേക്ക് സെക്കൻഡിൽ ആയിരക്കണക്കിന് മൈൽ വേഗതയിൽ പ്രവേശിക്കുന്ന ഓറിയോണിന് നേരിടേണ്ടി വരുന്ന താപനില ഏകദേശം 5,000 ഡിഗ്രി ഫാരൻഹീറ്റ് (2,760 ഡിഗ്രി സെല്‍ഷസ്) ആയിരിക്കും. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. 16.5 അടി വീതിയുള്ള താപകവചമാണ് (Heat Shield) ഈ കഠിനമായ താപത്തെ അതിജീവിക്കാൻ പേടകത്തിനെ സഹായിക്കുന്നത്.

2022 ല്‍ ആർട്ടെമിസ് I പരീക്ഷണ ദൗത്യത്തിൽ പേടകത്തിന്‍റെ താപകവചത്തിന് ചെറിയ വിള്ളലുകൾ സംഭവിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. 2003 ല്‍ താപകവചത്തിനേറ്റ കേടുപാടുകൾ മൂലമാണ് മടക്കയാത്രയില്‍ കൊളംബിയ പേടകം തകര്‍ന്ന് ഏഴ് ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടത്. ആ പാഠം മുന്നിലുള്ളതുകൊണ്ടു തന്നെ നാസ അതീവ ജാഗ്രതയിലാണ്. താപകവചത്തിന്‍റെ നിർമ്മാണരീതിയിൽ മാറ്റങ്ങൾ വരുത്തി പേടകത്തെ കൂടുതൽ സുരക്ഷിതമാക്കിയതായി നാസ ഉറപ്പുനല്‍കുന്നുണ്ട്.

അതേസമയം, പസഫിക് സമുദ്രത്തിൽ പതിക്കുന്ന പേടകത്തെ സ്വീകരിക്കാൻ യുഎസ്എസ് ജോൺ പി. മുർത്ത എന്ന കപ്പൽ ഇതിനോടകം യാത്ര തിരിച്ചു കഴിഞ്ഞു. മാത്രമല്ല കടലിൽ പതിക്കുന്ന പേടകത്തിൽ നിന്ന് യാത്രികരെ പുറത്തിറക്കാന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകളും മുങ്ങൽ വിദഗ്ധരും സജ്ജരാണ്. കടലിലെ സ്പ്ലാഷ് ഡൗണോടുകൂടി പത്തുദിവസത്തെ ആര്‍ട്ടെമിസ് 2 ദൗത്യത്തിന് പരിസമാപ്തിയാകും.

ENGLISH SUMMARY:

NASA's Artemis II mission is nearing its end as the Orion spacecraft prepares to enter Earth's atmosphere on April 11 (IST). Traveling at speeds of over 38,000 km/h, the craft will face temperatures up to 5,000°F—half as hot as the sun's surface. NASA is on high alert due to previous heat shield concerns, ensuring new safety measures are in place to avoid past tragedies. The US Navy is stationed in the Pacific Ocean for a high-stakes recovery mission as the 10-day lunar journey concludes.