Image Credit: www.russianspaceweb.com
ബയോൺ-എം നമ്പർ 2 ബയോളജിക്കൽ സാറ്റലൈറ്റ് ദൗത്യത്തിന്‍റെ ഭാഗമായി റഷ്യ ബഹിരാകാശത്തേക്ക് അയച്ച എലികള്‍ ഭൂമിയില്‍ തിരിച്ചെത്തി. അതേസമയം ഭ്രമണപഥത്തിലേക്ക് അയച്ച 75 എലികളിൽ 65 എണ്ണമാണ് ജീവനോടെ തിരിച്ചെത്തിയത്. 10 എണ്ണം ദൗത്യത്തിനിടെ ചത്തുവെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നിരുന്നാലും ലാൻഡിംഗ് സുഗമമായി നടന്നതായി സ്റ്റേറ്റ് സയന്റിഫിക് സെന്റർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ പ്രോബ്ലംസ് (ഐബിഎംപി) ഡയറക്ടറായ ഒഐ ഓർലോവ് അറിയിച്ചു. സംഘം പറയുന്നത് പ്രകാരം 65 എലികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
ബഹിരാകാശത്തെ ജൈവിക പ്രതിരോധശേഷി പരീക്ഷിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയാണ് എലികളെ ഭ്രമണപഥത്തിലേക്ക് അയച്ചത്. ഇതിനായി 75 എലികളെ ഗ്രൂപ്പുകളായി തിരിക്കുകയും തുടര്‍ന്ന് ചില എലികളെ കൂടുതൽ സംവേദനക്ഷമതയുള്ളവയായി ജനിതകമാറ്റം വരുത്തുകയും ചെയ്തു. മറ്റുള്ളവയ്ക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ചെറുക്കാനുള്ള മരുന്നുകളും ചികില്‍സകളും നല്‍കിയിരുന്നു. കൂടാതെ പരമ്പരാഗത ഭക്ഷണം, ഉണങ്ങിയ ഭക്ഷണം, പ്രത്യേകം തയ്യാറാക്കിയ വെള്ളം എന്നിങ്ങനെ ഭക്ഷണക്രമത്തിലും വ്യത്യാസമുള്ള ഉപഗ്രൂപ്പുകളായി എലികളെ തിരിച്ചിരുന്നു.
ദീർഘകാല ബഹിരാകാശ യാത്ര സസ്തനികളുടെ ശരീത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കോസ്മിക് വികിരണം പോലുള്ള ദീര്‍ഘദൂര പ്രത്യാഘാതങ്ങളില്‍ നിന്നും ബഹിരാകാശയാത്രികരെ എങ്ങനെ സംരക്ഷിക്കുമെന്നും മനസ്സിലാക്കുന്നതിനായിരുന്നു പരീക്ഷണം. പത്ത് എലികള്‍ ചത്തെങ്കിലും ദൗത്യത്തെ സംബന്ധിച്ച് ഈ എണ്ണം സ്വീകാര്യമാണെന്ന് ഓർലോവ് പറയുന്നു. പാരിസ്ഥിതികമോ സാങ്കേതികമോ ആയ പരാജയങ്ങളേക്കാൾ എലികള്‍ക്കിടയിലെ പരസ്പരമുള്ള ആക്രമണങ്ങളാണ് ഇതിന് പ്രധാനമായും കാരണമായത് എന്നാണ് വിലയിരുത്തല്‍. അതേസമയം ചത്ത എലികളെയും തുടര്‍ന്നും പഠനത്തിന് വിധേയമാക്കും. വിശദമായ വിശകലനം മോസ്കോയിലെ ലബോറട്ടറികളിൽ തുടരും.
ബയോൺ-എം നമ്പർ 2
ഓഗസ്റ്റ് 20ന് കസാഖ്സ്ഥാനിലെ ബൈക്കനൂരിൽ നിന്നാണ് എലികളുമായുള്ള ഉപഗ്രഹം റഷ്യ വിക്ഷേപിച്ചത്. ബയോളിക്കൽ ലാബുകൂടിയായ ബയോൺ എംഎൻ2 ആണ് ഇതിനായി ഉപയോഗിച്ചത്. 6.4 ടൺ വരുന്ന പേടകത്തിൽ 25 അറകളിലായാണ് എലികളെ പാർപ്പിച്ചിരുന്നത്. 800 കിലോമീറ്ററിന് മുകളിൽ ധ്രുവ കേന്ദ്രീകൃത ഭ്രമണപഥത്തിലൂടെയായിരുന്നു ഉപഗ്രഹത്തിന്‍റെ യാത്ര. എലികൾക്ക് പുറമെ 1500 പഴഇൗച്ചകൾ, കോശഭാഗങ്ങൾ, ധാന്യങ്ങൾ, പയർ, ഫംഗസുകൾ, കൂണുകൾ തുടങ്ങിയവയും റഷ്യ അയച്ചിരുന്നു. കഴിഞ്ഞ ദിവസം ഓറൺബർഗിലാണ് പേടകം തിരിച്ചിറങ്ങിയത്.