അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ നേട്ടമാക്കി മാറ്റുന്ന ഇന്ത്യയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി തരുന്ന ദിവസമാകും 2025 ജൂണ്‍ എട്ട്. രാജ്യത്ത് നിന്ന് ആദ്യമായി ഒരാള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുകയാണ്. ഉത്തര്‍പ്രദേശുകാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയാണെങ്കിലും ആദ്യമായി ബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനെന്ന നേട്ടമാകും ശുഭാന്‍ഷു കൈവരിക്കുക. നാസയുടെയും ഐ.എസ്.ആര്‍.ഒയുടെയും സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാന്‍ഷുവിന്‍റെ ഐ.എസ്.എസിലേക്കുള്ള യാത്ര ( ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍)
എന്താണ് ദൗത്യം? വിക്ഷേപണം എപ്പോള്‍ ?
അമേരിക്കന്‍ കമ്പനിയായ ആക്സിയമിന്‍റെ ആക്സിയം–4 മിഷന്‍റെ ഭാഗമായാണ് ശുഭാന്‍ഷു ബഹിരാകാശ നിലയത്തിലേക്ക് പോവുക. കമ്പനിയുടെ നാലാമത്തെ ബഹിരാകാശ ദൗത്യമാണ് ആക്സിയം–4. നാലുപേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് ശുഭാന്‍ഷു. 2025 ജൂണ്‍ എട്ടിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.40ന് ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ്എക്സ് ഫാല്‍ക്കണ്‍- 9 റോക്കറ്റില്‍ ക്രൂ ഡ്രാഗണ്‍ ക്യാപ്സൂളിലായിരിക്കും നാലുപേരുടെയും യാത്ര. ഇന്ത്യയ്ക്ക് സമാനമായി പോളണ്ടില്‍ നിന്നും ഹംഗറിയില്‍ ആദ്യമായി ഒരാള്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയും മിഷനുണ്ട്.
ദൗത്യസംഘാംഗങ്ങള്‍ ആരെല്ലാം ?
1. പെഗി വിറ്റ്സണ്‍ : ബഹിരാകാശത്ത് സുനിത വില്യംസിനേക്കാള്‍ ഏറെ പരിചയ സമ്പത്തുള്ള നാസയുടെ ബഹിരാകാശ യാത്രിക. മിഷനെ നയിക്കുന്നത് പെഗി വിറ്റ്സണായിരിക്കും.ഇവരോടൊപ്പമുള്ള യാത്ര ശുഭാന്‍ഷുവിന് ഏറെ ഗുണം ചെയ്യും.
2. ശുഭാന്‍ഷു ശുക്ല: ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗവും ഇന്ത്യന്‍ നാവികസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാന്‍ഷുവാണ് മിഷന്‍ പൈലറ്റ്. ഇന്ത്യയ്ക്ക് വേണ്ടി പ്രധാനമായും ഏഴ് പരീക്ഷണങ്ങളാണ് ശുഭാന്‍ഷു ബഹിരാകാശ നിലയത്തില്‍ നടത്തുക
3.സ്വാവോസ് ഉസാന്‍സ്കി: പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി. മിഷന്‍ സ്പെഷലിസ്റ്റായിരിക്കും ഇദ്ദേഹം
4. ടിബര്‍ കപൂ: ആക്സിയം –4 ന്‍റെ മറ്റൊരു മിഷന്‍ സ്പെഷലിസ്റ്റ്.ഹംഗറിയില്‍
നിന്നുള്ള ബഹിരാകാശ യാത്രികന്‍
ശുഭാന്‍ഷുവും സംഘവും നടത്തുന്ന പരീക്ഷണങ്ങള്‍
14 ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ മൈക്രോ ഗ്രാവിറ്റിയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താനാണ് മിഷന്‍ ലക്ഷ്യമിടുന്നത്. ഒരുപക്ഷേ ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ദൗത്യമെന്ന ഖ്യാതിയോടെ ആയിരിക്കും നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തുക. ഇന്ത്യയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒ നിര്‍ദേശിച്ച ഏഴ് പ്രധാന പരീക്ഷണങ്ങളാകും ശുഭാന്‍ഷു നിലയത്തില്‍ നടത്തുക. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനവും തമ്മിലുള്ള ബന്ധം, വിത്തുകള്‍ മുളപ്പിക്കലും അവയുടെ വളര്‍ച്ചയും അങ്ങനെ ഒട്ടേറെ പരീക്ഷണങ്ങള്‍ ദൗത്യം നടത്തും
ശുഭാന്‍ഷുവിന്‍റെ യാത്രയും ഇന്ത്യയുടെ നേട്ടവും
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍റെ ഭാഗം കൂടിയാണ് ശുഭാന്‍ഷു. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്‍പ് ബഹിരാകാശത്ത് ചെലവഴിക്കാന്‍ ശുഭാന്‍ഷുവിന് സാധിക്കുന്നതോടെ അത് ഗഗന്‍യാന്‍ പദ്ധതിക്ക് നേട്ടമാകും. ഒപ്പം ശുഭാന്‍ഷു നടത്തുന്ന ഏഴ് പരീക്ഷണങ്ങളും ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവി പരിപാടികള്‍ നിര്‍ണയിക്കാന്‍ സഹായിക്കുന്നതായിരിക്കും. ശുഭാന്‍ഷു ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന ഇന്ത്യന്‍ ഭക്ഷണമെല്ലാം ബഹിരാകാശത്ത് അനുയോജ്യമാവുകയാണെങ്കില്‍ അവയായിരിക്കും ഗഗന്‍യാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഒപ്പം ഇന്ത്യന്‍ സ്പേസ് ചരിത്രത്തില്‍ പുതിയ അധ്യായം കൂടിയായിരിക്കും ശുഭാന്‍ഷുവിന്‍റെ യാത്ര.
ദൗത്യത്തിന്‍റെ ചെലവ് എത്ര
മിഷന്‍റെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ശുഭാന്‍ഷുവിന്‍റെ യാത്രയ്ക്കായി ഇന്ത്യ ചെലവിടുന്നത് 550 കോടി രൂപയെന്നാണ് വിവരം. ഒപ്പം ഹംഗറിയും പോളണ്ടും അവരുടെ യാത്രികര്‍ക്കായി ഏകദേശം അഞ്ഞൂറ് കോടി രൂപയോളം ആദ്യ ഘഡുവായി നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.