ഐഎസ്ആര്‍ഒയുടെ 101–ാം ഉപഗ്രഹമായ EOS-09 വിക്ഷേപണം പരാജയം. വിക്ഷേപണത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ പിഴവ് പറ്റിയതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി.നാരായണന്‍ സ്ഥിരീകരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ് സെന്‍ററില്‍ നിന്ന് പുലര്‍ച്ചെയാണ് EOS-09 വിക്ഷേപിച്ചത്. രാജ്യത്തിന്‍റെ അതിര്‍ത്തി മുഴുവന്‍ സമയവും നിരീക്ഷിക്കുകയെന്ന പ്രധാനലക്ഷ്യമായിരുന്നു ഇതിനുണ്ടായിരുന്നത്.
പിഎസ്എല്‍വി–സി61 റോക്കറ്റാണ് EOS-09 ( റിസാറ്റ് –ബി)യെ വഹിച്ചതെങ്കിലും ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 2017ന് ശേഷം ഇതാദ്യമായാണ് പിഎസ്എല്‍വി , ഒരുപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ പരാജയപ്പെടുന്നത്. പിഎസ്എല്‍വിയുടെ ചരിത്രത്തില്‍ മൂന്നാമത്തേതും. 2021 ല്‍ EOS-03യും 2022 ല്‍ EOS-02 വും സമാനമായി അവസാനഘട്ടത്തില്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
1696 കിലോ ഭാരമുള്ള ഏറ്റവും പുതിയ തലമുറ സാറ്റലൈറ്റ് കൂടിയാണ് EOS-09. വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ EOS-09 ല്‍ നിന്നും ലഭ്യമായേനെ. ലഭ്യമാകുന്ന വിവരങ്ങള്‍ അതിര്‍ത്തി നിരീക്ഷിക്കുന്നതിനപ്പുറം കൃഷി, വനം വകുപ്പ്, ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഉപഗ്രഹമാണിത്.