Image Credit: NASA
ഇത്തവണ പുതുവര്‍ഷം ആരംഭിക്കുന്നത് മാനത്തെ വിസ്മയ കാഴ്ചകള്‍ കണ്ടുകൊണ്ടായാലോ? 2025 ജനുവരിയുടെ രാത്രിയെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ ആകാശത്ത് ‘പരേഡിന്’ ഒരുങ്ങുകയാണ് സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളും. രാത്രി ആകാശത്ത് ഏഴ് ഗ്രഹങ്ങളും വരിവരിയായി വിരുന്നെത്തും. ആഴ്ചകളോളം ഒരുമിച്ച് ദൃശ്യമാകുകയും ചെയ്യും.
ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്ട്യൂൺ, യുറാനസ് എന്നിങ്ങനെ ആറു ഗ്രഹങ്ങളാണ് 2025 ജനുവരിയില്‍ ആദ്യം ആകാശത്ത് ദൃശ്യമാകുക. ഈ ആറ് ഗ്രഹങ്ങളും 2025 ജനുവരി 21ന് മുന്‍പായി ആകാശത്ത് കാണാന്‍ കഴിയും. നാല് ആഴ്ചയോളം ഈ കാഴ്ച തുടരുകയും ചെയ്യും. പിന്നീട് ബുധനും അവരോടൊപ്പം ചേരും. ഇതിൽ ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നിവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അതേസമയം യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണുന്നതിന് ടെലിസ്കോപ്പ് ആവശ്യമാണ്.
‘പരേഡ്’ കാണാനുള്ള അനുയോജ്യമായ സമയം
സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. ശുക്രൻ, ശനി, നെപ്ട്യൂൺ എന്നിവ കുറച്ചു സമയം മാത്രമേ ചക്രവാളത്തിൽ ഉണ്ടായിരിക്കുകയുള്ളൂ. രാത്രി 11.30 മുതൽ അർദ്ധരാത്രി വരെ ഈ ഗ്രഹങ്ങള്‍ മറഞ്ഞിരിക്കും. അതേസമയം, ചൊവ്വ, വ്യാഴം, യുറാനസ് എന്നിവ ഏതാണ്ട് രാത്രി മുഴുവൻ ആകാശത്ത് തുടരും. സൂര്യോദയത്തിന് തൊട്ടുമുമ്പ് അസ്തമിക്കുകയും ചെയ്യും.
ശനി, ബുധൻ, നെപ്‌ട്യൂൺ എന്നിവ സൂര്യൻ അസ്തമിക്കുമ്പോൾ സൂര്യനോട് വളരെ അടുത്തായിരിക്കുമെന്നതിനാൽ അവയെല്ലാം ഒരുമിച്ച് കാണാന്‍ പ്രയാസമായിരിക്കാം. സൂര്യന് അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ തന്നെ മാർച്ച് ആരംഭത്തോടെ അവയുടെ ദൃശ്യപരത കുറയും. അതേസമയം വ്യാഴം, ചൊവ്വ, യുറാനസ് എന്നിവ അടുത്ത ഏതാനും ആഴ്ചകൾ കൂടി ആകാശത്ത് കാണാന്‍ സാധിക്കും.
എവിടെയെല്ലാം കാണാം?
യുഎസ്, മെക്സിക്കോ, കാനഡ, ഇന്ത്യ എന്നിങ്ങനെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്ലാനറ്ററി പരേഡ് ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചകളോളം ആകാശത്ത് തുടരുമെങ്കിലും 2025 ജനുവരി 21-നും 2025 ഫെബ്രുവരി 21-നും ഇടയിലായിരിക്കും ഏറ്റവും മികച്ച സമയം. ജനുവരി 29-ന് അമാവാസിയോടടുത്ത ദിവസങ്ങളില്‍ ചന്ദ്രന്‍റെ സാന്നിധ്യമില്ലാതെ കൂടുതല്‍ തെളിച്ചത്തോടെ പ്ലാനറ്ററി പരേഡ് കാണുകയും ചെയ്യാം.
എന്താണ് പ്ലാനറ്ററി പരേഡ്?
യഥാര്‍ഥത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്നതാണ്. ഈ വിന്യാസമാണ് പ്ലാനറ്ററി പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്.
ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള വിന്യാസം സാധാരണ സംഭവങ്ങളാണ്. ചെറിയ ഗ്രൂപ്പുകള്‍ വർഷത്തിൽ ഒട്ടേറെ തവണ ഇത്തരത്തില്‍ വിന്യസിക്കാറുണ്ട്. എന്നാല്‍ ഏഴ് ഗ്രഹങ്ങളും ഇത്തരത്തിലെത്തുന്നത് വളരെ അപൂർവമാണ്. ആഴ്ചകളോളം മാനത്ത് കാണാന്‍ സാധിക്കുന്നതിനാല്‍ ഏറ്റവും മികച്ച കാഴ്ചാനുഭവമായിരിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. കുറഞ്ഞത് ഫെബ്രുവരി അവസാനം വരെ ഈ മനോഹര കാഴ്ച കാണാം.