Image: science.nasa.gov/ (NASA's Mars Perseverance rover acquired this image, a nighttime mosaic of the Malgosa Crest abrasion patch at “Serpentine Rapids,” using its SHERLOC WATSON camera)
നാസയുടെ പെര്‍സിവിയറന്‍സ് അയച്ച ചൊവ്വാച്ചിത്രങ്ങള്‍ രണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. 'ബ്രൈറ്റ് ഏഞ്ചല്‍' പ്രദേശത്ത് നിന്നുള്ള ' ലെപ്പേര്‍ഡ് സ്പോട്സ്' കണ്ടെത്തിയതിന് പിന്നാലെയാണ് പെര്‍സിവയറന്‍സ് ചൊവ്വയിലെ പുരാതന ജലപാതയെന്ന് കരുതുന്ന 'നെരത്വ വാലി'യിലുടെ തെക്കന്‍ ഭാഗത്തേക്ക് പര്യവേഷണം മാറ്റിയത്. ചൊവ്വയിലെ 20 ദിവസങ്ങള്‍ നീണ്ട ഈ അന്വേഷണം വെറുതേയായില്ല. സെര്‍പന്‍റൈന്‍ റാപിഡ് എന്ന സുപ്രധാന പ്രദേശം റോവര്‍ കണ്ടെത്തി.
സെര്‍പന്‍റൈന്‍ റാപിഡിലെ ചുവപ്പന്‍ പാറ 5 സെന്‍റീമീറ്റര്‍ ചുരണ്ടി നോക്കിയപ്പോള്‍ തെളിഞ്ഞത് വെള്ള, കറുപ്പ്, പച്ച നിറങ്ങള്‍. ഈ പച്ച നിറങ്ങളാണ് ശാസ്ത്രലോകത്തിന് പുത്തന്‍ പ്രതീക്ഷ പകര്‍ന്നിരിക്കുന്നത്. കടുംപച്ചയില്‍ തുടങ്ങി ഇളംപച്ച വരെ നിറഭേദം ഇവിടെ പ്രകടമാണ്. ഭൂമിയിലെ പാറകളില്‍ ഇത്തരത്തില്‍ കാണപ്പെടുന്ന പച്ചപ്പൊട്ടുകള്‍ അതിസൂക്ഷ്മ ജീവികളുടെ ഫോസിലുകളാണെന്നും ഗവേഷണത്തില്‍ തിരിച്ചറിഞ്ഞെന്നണ് ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ അവകാശവാദം. അതുകൊണ്ട് തന്നെ പൂര്‍വകാലത്തെങ്ങോ ചുവപ്പന്‍ ഗ്രഹത്തില്‍ അതിസൂക്ഷ്മ ജീവികള്‍ വസിച്ചിരുന്നുവെന്നതിന്‍റെ സൂചനകളാകാം ഇതെന്നും അവര്‍ അനുമാനിക്കുന്നു.ഷെര്‍ലോക് വാട്സന്‍ കാമറ ഉപയോഗിച്ചാണ് റോവര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. Also Read: സഹാറയില്‍ പ്രളയം! അര നൂറ്റാണ്ടിനിടെ ആദ്യം; മറ്റൊരു അപകട സൂചനയോ?
എന്നാല്‍ ഇത് അംഗീകരിക്കാത്ത ഒരു വിഭാഗവുമുണ്ട്. പാറകളിലെ ചുവപ്പിന് കാരണം ഇരുമ്പിന്‍റെ (അയണ്‍) സാന്നിധ്യമാണ്. ചൊവ്വയില്‍ കണ്ടതിന് സമാനമായി ഭൂമിയിലെ ചുവപ്പന്‍ പാറകളിലും പച്ചപ്പൊട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കരിമ്പാറകളായി രൂപപ്പെടുന്നതിന് മുന്‍പുള്ള പരിണാമദശയായിരുന്നുവെന്നുമാണ് വാദം. ഇരുമ്പിലെ രാസപ്രവര്‍ത്തനം കുറയുന്നതോടെ നേരിയ പച്ചനിറം ഇവയ്ക്ക് കൈവന്നിരുന്നു. അതുകൊണ്ട് തന്നെ ചൊവ്വയിലെ പച്ചപ്പൊട്ടുകള്‍ ജീവന്‍റെ തുടിപ്പുകളല്ല, മറിച്ച് രാസപ്രവര്‍ത്തനം മാത്രമാകാമെന്ന വാദവും ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നു. സള്‍ഫറും ഇരുമ്പുമായുള്ള സമ്പര്‍ക്കവും പാറകളില്‍ പച്ചനിറമുണ്ടാകുന്നതിന് കാരണമായേക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. Read More: ആഫ്രിക്ക രണ്ടായി പിളരുന്നു; രൂപപ്പെടുന്നു ആറാം സമുദ്രം!
ദൗര്‍ഭാഗ്യവശാല്‍ റോവറിന് സെര്‍പന്‍റൈന്‍ റാപിഡില്‍ കൈ കുത്തി ഉറപ്പിക്കാന്‍ മതിയായ സ്ഥലം കിട്ടാതിരുന്നതോടെ വിശദമായ പരിശോധനകള്‍ ഇവിടെ നടത്താനായില്ല. ചൊവ്വയില്‍ ഇനിയും അത്യന്തം നിഗൂഢമായ രഹസ്യങ്ങളുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പെര്‍സിവിയറന്‍സിന്‍റെ പര്യവേഷണങ്ങള്‍ പുരോഗമിക്കുന്നതോടെ കൂടുതല്‍ രഹസ്യങ്ങള്‍ മറനീങ്ങുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.