Image Credit: NASA/Preston Dyches

Image Credit: NASA/Preston Dyches

  • വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസം
  • ഓഗസ്റ്റ് 11 മുതൽ 13 വരെ പാരമ്യത്തില്‍
  • നഗ്നനേത്രങ്ങളാല്‍ കാണാം
  • ലോകത്ത് എല്ലായിടത്തും ദൃശ്യമാകും

ഇന്ന് രാത്രി മുതല്‍ ഓഗസ്റ്റ് 13 വരെ ആകാശത്ത് പെയ്തിറങ്ങുക നൂറോളം ഉല്‍ക്കകള്‍. ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം ഇന്നുമുതല്‍ പാരമ്യത്തിലെത്തും. ഓഗസ്റ്റ് 11 മുതൽ 13 വരെയാണ് കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം. വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഈ ഉല്‍ക്കാമഴയ്ക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ലോകം. നഗ്നനേത്രങ്ങള്‍കൊണ്ടും ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കും.

എന്താണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം?

ഒരു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ കടന്നുപോയ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോളാണ് ഉല്‍ക്കാ വര്‍ഷമുണ്ടാകുന്നത്. ഈ പാതയില്‍ വാല്‍നക്ഷത്രങ്ങളില്‍ നിന്നുള്ള പൊടിയോ പാറകളോ അവശേഷിക്കും. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങും.

Image Credit: NASA

Image Credit: NASA

ഇത്തരത്തില്‍ 133 വർഷം കൂടുമ്പോള്‍ ക്ഷീരപഥത്തിന്റെ ഉല്‍ക്കകള്‍ നിറഞ്ഞ അതിര്‍ത്തിയായ ഉര്‍ട്ട് മേഘങ്ങളില്‍ നിന്നുവരുന്ന സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹം സൗരയൂഥത്തിലൂടെ കടന്നു പോകാറുണ്ട്. 1992 ഡിസംബറിലാണ് അവസാനമായി സ്വിഫ്റ്റ്- ടട്ട്ൽ ഭൂമിയുടെ സമീപത്തു കൂടി പോയത്. ഈ സമയം ഇതിൽ നിന്ന് പുറത്തു വന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും ഇപ്പോഴും സൗരയൂഥത്തിൽ തങ്ങി നിൽക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് പെർസീഡ് ഉല്‍ക്കാ വര്‍ഷം ഉണ്ടാകുന്നത്.

2026 ജൂലൈയിലായിരിക്കും ഇനി സ്വിഫ്റ്റ് ടട്ടില്‍ എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകുക. അതേസമയം, ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ എല്ലാ വർഷവും ഭൂമി കടന്നുപോകുന്നതിനാല്‍ വര്‍ഷാവര്‍ഷം ജൂലൈ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ദൃശ്യമാകാറുണ്ട്.

എപ്പോള്‍, എങ്ങനെ കാണാം?‌

മണിക്കൂറില്‍ കാണാന്‍ കഴിയുന്ന ഉല്‍ക്കകളുടെ എണ്ണം തന്നെയാണ് പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷത്തെ വ്യത്യസ്തമാക്കുന്നത്. ഓഗസ്റ്റ് 11 മുതൽ 13 വരെയായിരിക്കും ഇത് പാരമ്യത്തിലെത്തുക. പുലര്‍ച്ചെ വരെയാണ് ഉല്‍ക്കാവര്‍ഷം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

സെക്കൻഡിൽ അറുപത് കിലോമീറ്റർ അല്ലെങ്കിൽ 37 മൈൽ വേഗതയിലായിരിക്കും ഉല്‍ക്കകള്‍ സഞ്ചരിക്കുക. ലോകത്ത് എവിടെ നിന്നു നോക്കിയാലും ഈ പ്രതിഭാസം കാണാൻ സാധിക്കും. ഉയരംകൂടിയ പ്രദേശങ്ങളില്‍ നിരീക്ഷകര്‍ക്ക് ഓരോ മണിക്കൂറിലും 50 മുതൽ 75 വരെ ഉൽക്കകൾ കാണാനാകും. മറ്റുള്ളവര്‍ക്ക് മിനിറ്റിൽ ഒരു ഉൽക്കയെങ്കിലും കാണാന്‍ സാധിക്കും. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം എന്നതാണ് മറ്റൊരു സവിശേഷത. അതേസമയം, നക്ഷത്രനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ബൈനോക്കുലറുകളും ടെലിസ്കോപ്പുകളും കാഴ്ചകളെ കൂടുതല്‍ മിഴിവുള്ളതാക്കും.‌‌

ജൂലൈ പതിനാലു മുതല്‍ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ആരംഭിച്ചിട്ടുണ്ട്. നഗരത്തിരക്കുകളില്‍ നിന്നും മാറി പ്രകാശ മലിനീകരണമില്ലാത്ത ഇടങ്ങള്‍ വേണം നിരീക്ഷണത്തിനായി തിരഞ്ഞെടുക്കാന്‍. മേഘങ്ങളില്ലാത്തതും ചന്ദ്ര പ്രകാശം കുറഞ്ഞതുമായ ആകാശമാണെങ്കില്‍ എവിടെ നിന്നാലും നഗ്ന നേത്രങ്ങള്‍ കൊണ്ടു പോലും ആകാശപ്പൂരം കാണാം. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. ഏതു ഭാഗത്താണ് ഉല്‍ക്ക പ്രത്യക്ഷപ്പെടുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ദിശ മനസിലാക്കാൻ എആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ സഹായിക്കും.

ENGLISH SUMMARY:

Perseid meteor shower, which began around July and will last until August last will peaking from today