Image: NASA
മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കുന്നത് ലക്ഷ്യമിട്ട് നാസ നടത്തിയ നിര്‍ണായക പരീക്ഷണം വിജയകരം. 378 ദിവസം കൃത്രിമ 'ചൊവ്വ'യില്‍ കഴിഞ്ഞ ബഹിരാകാശ യാത്രികരാണ് പരീക്ഷണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നാസയുടെ 'ക്രൂ ഹെല്‍ത്ത് ആന്‍റ് പെര്‍ഫോമന്‍സ് എക്സ്പ്ലൊറേഷന്‍ അനലോഗ്' (CHAPEA) പ്രൊജക്ടിന്‍റെ ഭാഗമായിരുന്നു പരീക്ഷണം. ചൊവ്വയില്‍ എന്തെല്ലാം വെല്ലുവിളികളാകും നേരിടേണ്ടി വരിക എന്നറിയുന്നതിനായിരുന്നു പദ്ധതി. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്‍ററിനുള്ളില്‍ 1700 ചതുരശ്ര അടിയില്‍ വായു കടക്കാത്ത ത്രിമാന പ്രതലമാണ് 'ചൊവ്വ'യായി മാറിയത്. 'മാര്‍സ് ഡ്യൂണ്‍ ആല്‍ഫ' എന്നായിരുന്നു നാസ ഇതിനെ വിളിച്ചത്. നാല് കിടപ്പുമുറികളും, രണ്ട് ശുചിമുറികളും ഒരു വര്‍ക് ഏരിയയും റോബോട്ട് സ്റ്റേഷനും ജിമ്മും മണല്‍ നിറഞ്ഞ പ്രദേശങ്ങളും കൃഷിയിടവും അടങ്ങുന്നതായിരുന്നു 'മാര്‍സ് ഡ്യൂണ്‍ ആല്‍ഫ'. ചൊവ്വയിലേതിന് സമാനമായ മണലും കൃത്രിമ ഗ്രഹത്തില്‍ ചുവപ്പന്‍ കര്‍ട്ടനും പാറക്കെട്ടുകളും സജ്ജമാക്കിയിരുന്നു.
പച്ചക്കറി വളര്‍ത്തി 'ചൊവ്വാ' വാസം
2023 ജൂണ്‍ 25നാണ് ശാസ്ത്രജ്ഞയായ കെല്ലി ഹാസ്റ്റണിന്‍റെ നേതൃത്വത്തിലുള്ള സംഘം 'ചൊവ്വ'യില്‍ കടന്നത്. കെല്ലിക്ക് പുറമെ യുഎസ് നേവി മൈക്രോബയോളജിസ്റ്റ് അന്‍സാ സെലറി, സ്ട്രക്ചറല്‍ എഞ്ചിനീയര്‍ റോസ് ബ്രോക്വെല് ഡോക്ടര്‍ നഥാന്‍ ജോണ്‍സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പുകവലിക്കാത്ത ഊര്‍ജസ്വലരും ആരോഗ്യമുള്ളവരുമായ അമേരിക്കന്‍ പൗരന്‍മാരെയാണ് ദൗത്യത്തിനായി നാസ ക്ഷണിച്ചത്. മുപ്പതിനും 55 വയസിനും ഇടയിലായിരിക്കണം പ്രായം. ഇംഗ്ലീഷ് പ്രാവീണ്യമുണ്ടായിരിക്കണമെന്നും ചുരുങ്ങിയത് 1000 മണിക്കൂറെങ്കിലും വിമാനം പറത്തിയിട്ടുള്ളരായിരിക്കണമെന്നും യോഗ്യതാമാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു.
സംഘാംഗങ്ങള്‍ക്ക് പരീക്ഷണ കാലയളവില്‍ സാരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നില്ലെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശ നടത്തം പോലെ 'ചൊവ്വാനടത്തവും' നടത്തി. പച്ചക്കറികള്‍ വളര്‍ത്തുകയും പരിമിതമായ സാഹചര്യങ്ങളില്‍ കഴിയുകയും ചെയ്തു. പലപ്പോഴും പുറംലോകവുമായുള്ള ആശയവിനിമം പതിവിലധികം വൈകി. ബഹിരാകാശത്ത് സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെല്ലാം നാല്‍വര്‍സംഘവും അനുഭവിച്ചുവെന്നും നാസ പറയുന്നു.
ചൊവ്വയിലെ ചുറ്റുപാടുകളെങ്ങനെ?
20 ഡിഗ്രി സെല്‍സ്യസ് മുതല്‍ 153 ഡിഗ്രി സെല്‍സ്യസ് വരെയാണ് ചൊവ്വയിലെ താപനില. പാറ നിറഞ്ഞതാണ് പ്രതലം. മലയിടുക്കുകളും അഗ്നിപര്‍വതങ്ങളും വരണ്ട നദീതടങ്ങളും ഗര്‍ത്തങ്ങളുമെല്ലാം ചൊവ്വയുടെ ഉപരിതലത്തിലുണ്ട്. ഇവയെല്ലാം ചുവപ്പ് പൊടി മൂടിയിരിക്കും. ചൊവ്വയിലെ പൊടിക്കാറ്റുകള്‍ ചിലപ്പോള്‍ ഗ്രഹത്തെയാകെ മൂടും. ചുഴലിക്കാറ്റുകളും ഉണ്ടാകും. ഭൂമിയുടെ മൂന്നിലൊന്ന് ഗുരുത്വബലം മാത്രമാണ് ചൊവ്വയിലുള്ളത്. അന്തരീക്ഷം ഭൂമിയെക്കാള്‍ നേര്‍ത്തതുമാണ്. അന്തരീക്ഷത്തില്‍ 95 ശതമാനത്തിലധികം കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ഓക്സിജന്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം. സൂര്യനില്‍ നിന്ന് അകലെയായതിനാല്‍ ഭൂമിയെക്കാള്‍ മെല്ലെയാണ് ചൊവ്വ അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുന്നത്. ഒരു ദിവസത്തിന് 24 മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യവും വര്‍ഷത്തില്‍ 687 ദിവസവും കാണും.
ദൗത്യത്തിലെ വെല്ലുവിളികളെന്തെല്ലാം?
ചൊവ്വയില്‍ എത്താന്‍ തന്നെ ആറ് മുതല്‍ ഒന്‍പത് മാസം വരെ വേണ്ടിവരുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യനെ ചൊവ്വയിലെത്തിച്ചാല്‍ അവര്‍ക്കാവശ്യമായ പരിസ്ഥിതിയൊരുക്കുന്നതും കഠിനമായ ജോലിയാണ്. ഭൂമിയില്‍ നിന്നയയ്ക്കുന്ന പേടകം സുരക്ഷിതമായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ലാന്‍ഡ് ചെയ്യിക്കുന്നതും അതീവ ദുഷ്കരമാണ്. ഭൂമിയില്‍ നിന്നയയ്ക്കുന്ന സന്ദേശം ചൊവ്വയില്‍ എത്തിച്ചേരാന്‍ 20 മിനിറ്റ് വേണ്ടി വരുമെന്നത് അടിയന്തര ഘട്ടങ്ങളില്‍ വിനയായേക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ വലിയ കുതിപ്പിന് വഴിയിടുന്നതാണ് ചൊവ്വാ ദൗത്യമെന്ന് ജോണ്‍സന്‍ സ്പേസ് സെന്‍റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ സ്റ്റീവ് കോര്‍ണര്‍ പറഞ്ഞു.
ചൊവ്വയില്‍ താമസിക്കുമ്പോള്‍ മനുഷ്യരുടെ ശരീരപ്രകൃതി എങ്ങനെ മാറുമെന്നതും ശാരീരിക–മാനസിക വെല്ലുവിളികള്‍ എന്തൊക്കെയാവുമെന്നതും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പരീക്ഷണത്തില്‍ നിന്ന് ലഭ്യമായെന്ന് അദ്ദേഹം വെളിപ്പെടുത്തി. അര്‍ത്തെമിസ് പ്രൊജക്ടില്‍ ഇവ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്ക് പുറത്ത് ജീവന്‍റെ സാന്നിധ്യം തേടിയുള്ള അന്വേഷണം സുപ്രധാനമാണെന്നും ജീവന്‍ എങ്ങനെ രൂപപ്പെട്ടുവെന്നതടക്കം ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൊവ്വയില്‍ മറഞ്ഞിരിപ്പുണ്ടെന്നും ആ രഹസ്യങ്ങള്‍ കണ്ടെത്താനാകുമെന്നും നാസ പ്രതീക്ഷ പ്രകടിപ്പിച്ചു. 2025 ലും 26 ലും സമാന ദൗത്യം നടത്തുമെന്ന് നാസ വ്യക്തമാക്കി. 2030ഓടെ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാനാണ് പദ്ധതി.