ചിത്രം,കടപ്പാട്; എക്സ്,നാസ
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര വീണ്ടും തടസപ്പെട്ടു. ബോയിങ് സ്റ്റാർലൈനറിലെ ബഹിരാകാശ വിക്ഷേപണം ലിഫ്റ്റ് ഓഫിന് മൂന്ന് മിനിറ്റും അമ്പത്തിയൊന്ന് സെക്കൻഡും മുമ്പ് റദ്ദാക്കേണ്ടി വന്നു. സുനിതാ വില്യംസും ബുച്ച് വിൽമോറും പുതിയ ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ഇരുന്നു യാത്രക്ക് തയ്യാറെടുക്കുന്നതിനു തൊട്ടു മുന്‍പായിരുന്നു യാത്ര വേണ്ടെന്ന് വെക്കേണ്ടി വന്നത്. കന്നി ദൗത്യത്തിനുള്ള ശ്രമത്തിലായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍.
യുഎസിലെ ഫ്‌ളോറിഡയിൽ നിന്ന് രാത്രി 10 മണിക്ക് അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. രണ്ട് ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണെന്ന് നാസ അറിയിച്ചു. അറ്റ്ലസ് വി റോക്കറ്റും സുരക്ഷിതമാണ്. അടുത്ത യാത്രക്ക് തയ്യാറെടുക്കാന്‍ മിനിമം 24 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് നാസ വ്യക്തമാക്കിയത്. എന്നാൽ പുതിയ ലിഫ്റ്റ് ഓഫ് സമയം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
റോക്കറ്റിൻ്റെ അവസ്ഥ നിരീക്ഷിക്കുന്ന കമ്പ്യൂട്ടറായ ഗ്രൗണ്ട് ലോഞ്ച് സീക്വൻസറില്‍ കണ്ടെത്തിയ സാങ്കേതിക തകരാർ കാരണമാണ് യാത്ര മുടങ്ങിയത്.യാത്ര മുടങ്ങിയതോടെ ബഹിരാകാശയാത്രികർ സ്റ്റാർലൈനർ ക്യാപ്‌സ്യൂളിൽ നിന്ന് പുറത്തുകടന്ന് കെന്നഡി സ്‌പേസ് സെൻ്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് മടങ്ങി.
നേരത്തെ മേയ് 7 ന് നടത്താനിരുന്ന ശ്രമം സാങ്കേതിക തകരാർ മൂലം ലിഫ്റ്റ്ഓഫിന് മണിക്കൂറുകൾക്ക് മുമ്പാണ് മാറ്റിവച്ചിരുന്നത്. അറ്റ്‌ലസ് വി റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിലെ ഓക്‌സിജൻ റിലീഫ് വാൽവ് സുരക്ഷിതമല്ലെന്ന് തോന്നിയതു കൊണ്ടാണ് അന്ന് മാറ്റിവച്ചത്.
പിന്നീട് ബഹിരാകാശ പേടകത്തിന്റെ സേവന മൊഡ്യൂളിൽ ഹീലിയം ചോർച്ച കണ്ടെത്തിയതിനെത്തുടര്‍ന്നും യാത്ര മാറ്റിയിരുന്നു.
ക്രൂ ട്രാൻസ്‌പോർട്ടേഷൻ രംഗത്തെ ബോയിങ്ങിൻ്റെ എതിരാളിയാണ് സ്‌പേസ് എക്‌സ് . സ്പേസ് എക്സ് ഇതുവരെ ഐഎസ്എസിലേക്കുള്ള പത്ത് വിമാനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് ക്രൂവില്ലാത്തതും മറ്റൊന്ന് രണ്ട് ക്രൂ അംഗങ്ങൾ മാത്രമുള്ള ഡെമോ ഫ്‌ലൈറ്റും ആയിരുന്നു. കൂടാതെ നാല് സ്വകാര്യ ദൗത്യങ്ങളും നടത്തിയിട്ടുണ്ട്. 2020ലാണ് കമ്പനി ആദ്യമായി ഒരു ക്രൂഡ് ക്യാപ്‌സ്യൂൾ ഐഎസ്എസിലേക്ക് ഡോക്ക് ചെയ്തത്.
ദൗത്യം വിജയകരമായാല്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിനൊപ്പം ബോയിങ്ങുമെത്തും. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം 2020ൽ മനുഷ്യരുൾപ്പെടുന്ന ദൗത്യം വിജയകരമായി നടത്തിയിരുന്നു. 322 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ഒരു സ്ത്രീ പരമാവധി മണിക്കൂറുകൾ ബഹിരാകാശത്ത് നടക്കുകയും ചെയ്ത സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര കൂടിയാവും ബോയിങ് സ്റ്റാര്‍ലൈനര്‍.