Sky chart showing the planets' Saturn, Mars, and Jupiter forming a diagonal line across the morning sky in late June.NASA/JPL-Caltech
ആകാശ വിസ്മയങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. ജൂണില്‍ മാനത്ത് ‘പരേഡി’നൊരുങ്ങുകയാണ് ആറ് ഗ്രഹങ്ങള്‍. പ്ലാനറ്റ് പരേഡ് എന്ന് പരക്കെ അറിയപ്പെടുന്ന ഈ പ്രതിഭാസമാണ് ജൂണ്‍ ആദ്യ വാരം മാനത്ത് കണ്ണിന് വിരുന്നൊരുക്കുക. ജൂൺ 3 ന് രാവിലെ സൂര്യോദയത്തോട് അടുത്തായിരിക്കും ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ എത്തുന്നത്.
എന്താണ് ‘പ്ലാനെറ്റ് പരേഡ്?
യഥാര്‍ഥത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ (എക്ലിപ്റ്റിക്) സൂര്യനെ ചുറ്റുന്ന ഈ ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരേവശത്ത് എത്തുമ്പോള്‍ നേര്‍രേഖയില്‍ കടന്നുപോവുന്നതായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്നതാണ്. ഈ വിന്യാസമാണ് പ്ലാനറ്റ് പരേഡ് എന്ന് പരക്കെ അറിയപ്പെടുന്നത്.
ഗ്രഹങ്ങള്‍ ഇത്തരത്തില്‍ വിന്യസിക്കുന്നത് സാധാരണ സംഭവങ്ങളാണ്. ചെറിയ ഗ്രൂപ്പുകള്‍ വർഷത്തിൽ നിരവധി തവണ ഇത്തരത്തില്‍ വിന്യസിക്കാറുണ്ട്. എന്നാല്‍ ആറ് ഗ്രഹങ്ങളുടെ ക്രമീകരണം വളരെ അപൂർവമായ ഒരു സംഭവമാണ്. ഈ അപൂർവതയും ആകർഷണീയതയുമാണ് ഈ പ്രതിഭാസം കാണാന്‍ കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും വർദ്ധിപ്പിക്കുന്നത്. എന്നാല്‍ കുറഞ്ഞ സമയത്തേക്ക് മാത്രം നീണ്ടു നില്‍ക്കുന്ന ഈ ‘പരേഡ്’ കാണാന്‍ ശക്തിയേറിയ ബൈനോക്കുലറുകളുടെയോ ടെലിസ്കോപ്പുകളുടെയോ സഹായം ആവശ്യമായിവന്നേക്കാം. ഭൂമിയിലുടനീളം ജൂണ്‍ മൂന്നിന് ഇത് കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണ കാത്തിരിക്കുന്ന ദൃശ്യ വിസ്മയം
ഇത്തവണ ‘പരേഡിന്’ ഒരുങ്ങുന്ന ഗ്രഹങ്ങള്‍ക്കുമുണ്ട് പ്രത്യേകതകള്‍. അതിമനോഹരമായ വളയങ്ങളുള്ള ശനി അക്വേറിയസ് നക്ഷത്രസമൂഹത്തിൽ ദൃശ്യമാകും. ജൂണ്‍ മൂന്നിന്‍റെ ചക്രവാളത്തിലെ തിളക്കമുള്ള വസ്തുക്കളിൽ ഒന്നായി ശനി മാറും. നെപ്റ്റ്യൂൺ പൈസീസ് നക്ഷത്രസമൂഹത്തിലായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ കാണണമെങ്കില്‍ ഉയർന്ന ശക്തിയുള്ള ബൈനോക്കുലറോ ടെലിസ്കോപ്പോ ആവശ്യമായി വരും. പക്ഷേ അതേ നക്ഷത്ര സമൂഹത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന ചൊവ്വയെ നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തില്‍ കാണാന്‍ സാധിക്കുകയും ചെയ്യും. വലിപ്പത്തില്‍ മുമ്പനായ വ്യാഴം കൂടുതല്‍ വ്യക്തതയോടെ ആകാശത്ത് ആധിപത്യം ഉറപ്പിച്ചിട്ടുണ്ടാകും. ബുധനും എളുപ്പം ദൃശ്യമാകും. ‘പരേഡിന്’ ശേഷം ജൂൺ അവസാന വാരം പ്രഭാതത്തില്‍ വ്യാഴം വീണ്ടും ദൃശ്യമാകും. ജൂൺ 24-ഓടെ ചക്രവാളത്തിന് ഏകദേശം 10 ഡിഗ്രി മുകളിൽ വ്യാഴത്തെ കാണാന്‍ സാധിക്കും.
ഇന്ത്യയില്‍ കാണാന്‍ സാധിക്കുമോ?
തീര്‍ച്ചയായും. 2024 ജൂൺ 3ന് നടക്കുന്ന ഗ്രഹങ്ങളുടെ പരേഡ് ഇന്ത്യയിൽ നിന്നും ദൃശ്യമാകും. സൂര്യോദയത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരിക്കും ഇത്. ബുധൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമ്പോൾ യുറാനസും നെപ്‌ട്യൂണും അവ്യക്തമായിരിക്കും. അവയുടെ സൗന്ദര്യം കാണാൻ ഒരു ടെലിസ്കോപ്പിന്‍റെ സഹായം ആവശ്യമായിവരും. തെളിഞ്ഞ ആകാശമെങ്കില്‍ മികച്ച കാഴ്ചാനുഭവമായിരിക്കും ലഭിക്കുക.