Mysterious hole in Arsia Mons, captured by the HiRISE camera on NASA's Mars Reconnaissance Orbiter. Photo Credit: NASA/JPL-Caltech/UArizona

Mysterious hole in Arsia Mons, captured by the HiRISE camera on NASA's Mars Reconnaissance Orbiter. Photo Credit: NASA/JPL-Caltech/UArizona

TOPICS COVERED

  • ഇത്തരത്തില്‍ ധാരാളം ഘടനകള്‍ ചൊവ്വയിലുണ്ട്
  • ഗര്‍ത്തങ്ങളെ ബന്ധിപ്പിച്ച് ഗുഹകളും ഉണ്ടായിരിക്കാം
  • ബഹിരാകാശയാത്രികർക്ക് അഭയകേന്ദ്രമാകുമോ ഇവ?

ചൊവ്വയിലെ പര്യവേഷണങ്ങള്‍ക്ക് ആക്കം കൂട്ടി ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ വീണ്ടും ഗര്‍ത്തം കണ്ടെത്തി. ഈ ഗര്‍ത്തം നയിക്കുന്നത് എങ്ങോട്ടായിരിക്കും? ഭാവിയില്‍ ജീവന് അഭയകേന്ദ്രമാകുവാന്‍ ഇത്തരം ഗര്‍ത്തങ്ങള്‍ക്ക് സാധ്യമാകുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുയാണ് ശാസ്ത്രലോകം. ചൊവ്വയിലെ ഭൂഗർഭ ഗുഹകളുമായി ബന്ധിപ്പിച്ചിരിക്കാൻ സാധ്യതയുള്ള ഇത്തരം ഗര്‍ത്തങ്ങള്‍ നിരവധി സാധ്യതകളിലേക്കാണ് തുറക്കുന്നത്.

ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ച് കിടക്കുന്ന ചൊവ്വയിലെ അഗ്നിപർവ്വത സമതലമായ അർസിയ മോൺസ് മേഖലയിലെ നിര്‍ജീവ അഗ്നിപർവ്വതത്തിന് സമീപമാണ് പുതുതായി കണ്ടെത്തിയ ഗര്‍ത്തം. ചൊവ്വയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ശരാശരി 10 കിലോമീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം അഗ്നിപർവ്വതങ്ങള്‍ സജീവമായിരുന്നെന്നും സമീപകാല ടെക്റ്റോണിക് അല്ലെങ്കിൽ അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ ഫലമായിരിക്കാം ഈ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് എന്നും ശാസ്ത്രലോകം പറയുന്നു. നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്ററിലെ (എംആർഒ) ഹൈ റെസല്യൂഷൻ ഇമേജിംഗ് സയൻസ് എക്സ്പിരിമെന്‍റ് (ഹൈറൈസ്) കാമറയാണ് ചിത്രം പകർത്തിയത്.

ഭൂമിക്കുള്ളില്‍‌ കാണുന്നതുപോലെയുള്ള സങ്കീര്‍ണമായ ഗുഹാ ശ‍ൃംഖലകള്‍ ചൊവ്വയ്ക്കുള്ളിലുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാവാ പ്രവാഹത്തിലൂടെ നിര്‍മ്മിക്കപ്പെട്ടവയാണവ. ഭൂമിയുടേത് പോലുള്ള അന്തരീക്ഷത്തിന്‍റെ അഭാവത്തിൽ വരുംകാലങ്ങളില്‍ ചൊവ്വയിലെത്തുന്ന ബഹിരാകാശയാത്രികർക്ക് പൊടിക്കാറ്റ്, വികിരണങ്ങൾ, താപനില വ്യതിയാനങ്ങൾ, കഠിനമായ കാലാവസ്ഥ ഇവയില്‍ നിന്നെല്ലാം സംരക്ഷണം നല്‍കാന്‍ ഇത്തരം ഗുഹകള്‍ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ചൊവ്വയില്‍ ഇതിന് മുന്‍പും ഇത്തരത്തിലുള്ള ഗര്‍ത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗര്‍ത്തങ്ങളോടൊപ്പം ഗുഹകളും രൂപീകരിക്കപ്പെട്ടിരിക്കാം. ഭാവിയിലെ റോബോട്ടിക് പര്യവേക്ഷണങ്ങള്‍ ഇത്തരം ഗര്‍ത്തങ്ങളെയും ഗുഹകളെയുമായിരിക്കും ലക്ഷ്യം വയ്ക്കുകയെന്ന് അരിസോണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

എന്നാല്‍ എല്ലാ ഗര്‍ത്തങ്ങളും ഗുഹകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കണം എന്നില്ല. എന്നിരുന്നാലും ചൊവ്വയിലെ ഇത്തരം ഗുഹകള്‍ ഇന്നും ഒരു നിഗൂഢതയാണ്. ഇത്തരത്തില്‍ ധാരാളം ഘടനകള്‍ ചൊവ്വയിലുണ്ട് എന്നതിന് ഭൂമിശാസ്ത്രപരമായ തെളിവുകൾ ശാസ്ത്രജ്ഞർ മുന്‍പും കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

NASA discoverd mysterious pit on the surface of mars; What could be inside?