ചിത്രം ;Reuters

  • കണ്ടെത്തല്‍ ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ സഹായത്തോടെ
  • കുഞ്ഞന്‍ ഗ്രഹങ്ങളുടെ പുറന്തോടില്‍ CO2 വ്യാപകം
  • നിര്‍ണായക കണ്ടെത്തലെന്ന് ശാസ്ത്രലോകം

ഭൂമിക്ക് പുറത്ത് കാര്‍ബണ്‍ ഡയോക്സൈഡും കാര്‍ബണ്‍ മോണോക്സൈഡും കണ്ടെത്തി ഗവേഷകര്‍. നെപ്ട്യൂണിനെക്കാളും ശരാശരി ദൂരത്തില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന കുഞ്ഞന്‍ ഗ്രഹങ്ങളിലാണ് (ട്രാന്‍സ് നെപ്ട്യൂണിയന്‍ ഓബ്ജക്ട്) ഈ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജെയിംസ് വെബ് ടെലിസ്കോപിന്‍റെ സഹായത്തോടെയാണ് ശാസ്ത്രജ്ഞര്‍ ഈ നിരീക്ഷണം നടത്തിയത്. 59 കുഞ്ഞന്‍ ഗ്രഹങ്ങളിലെ രാസഘടനയെ വിശദമായി പരിശോധിച്ചുള്ള പഠന റിപ്പോര്‍ട്ട് ശാസ്ത്രജ്ഞര്‍ 'നേച്ചര്‍ അസ്ട്രോണമി'യില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 2022 ലാണ് ഭൂമിക്ക് പുറത്ത് കാര്‍ബണ്‍ ഡയോക്സൈഡും ഓക്സിജനുമുണ്ടെന്ന് ആദ്യമായി ജെയിംസ് വെബ് കണ്ടെത്തിയത്. അത് പക്ഷേ സൗരയൂഥത്തിന് പുറത്തുള്ള ഡബ്ല്യുഎഎസ്പി–39 എന്ന ഭീമന്‍ ഗ്രഹത്തിലായിരുന്നു.

WASP 39 (Credit: NASA)

കുഞ്ഞന്‍ ഗ്രഹങ്ങളുടെ തണുത്തുറഞ്ഞ പുറംഭാഗങ്ങളില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ ധാരാളിത്തം കാണാന്‍ കഴിയുമെന്നാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞതില്‍ വിശദമായ അന്വേഷണ നിരീക്ഷണങ്ങള്‍ ഇനിയും ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയിലെ  ജ്യോതിശാസ്ത്രജ്ഞരായ മരിയോ നാസിമെന്‍റോ ഡി പ്രയും നയോമി പിനില്ലയും പറയുന്നു.

ഇതാദ്യമായാണ് കുഞ്ഞന്‍ഗ്രഹങ്ങളിലെ വര്‍ണരാജികളെ ഇത്തരത്തില്‍ പഠനവിധേയമാക്കിയതെന്നും അതുകൊണ്ട് തന്നെ ഓരോ കണ്ടെത്തലും അതിശയപ്പെടുത്തുന്നതും സവിശേഷവുമായാണ് അനുഭവപ്പെട്ടതെന്നും ഡി പ്ര വ്യക്തമാക്കുന്നു. 'ഇത്ര വലിയ അളവില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വ്യാപിച്ച് കിടക്കുകയാണെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം അത്രപോലും പ്രതീക്ഷിച്ചിരുന്നില്ല'- അവര്‍ പറഞ്ഞു. ഡി പ്രയുടെയും സംഘത്തിന്‍റെയും കണ്ടെത്തല്‍ സൗരയൂഥത്തിന്‍റെ ഉല്‍പ്പത്തിയിലേക്ക് തന്നെ വെളിച്ചം വീശുന്നതാകുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ. ആകാശമണ്ഡലങ്ങള്‍ എങ്ങനെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തപ്പെട്ടുവെന്നതിനെ കുറിച്ചറിയാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നും കരുതപ്പെടുന്നു. 

പ്രപഞ്ച രൂപീകരണ പ്രക്രിയയുടെ ശേഷിപ്പാണ് കുഞ്ഞന്‍ ഗ്രഹങ്ങള്‍. പ്ലൂട്ടോ ഇപ്പോള്‍ ഇക്കൂട്ടത്തിലാണ് ഉള്‍പ്പെടുന്നത്. സൂര്യനില്‍ നിന്ന് വിദൂരത്താണെന്നതും മറ്റ് ഗ്രഹങ്ങളെക്കാള്‍ ചെറുതാണെന്നതും കൊണ്ടുതന്നെ, എങ്ങനെയാണ് ഇവ രൂപപ്പെട്ടത്? ഇന്ന് കാണപ്പെടുന്ന പ്രദേശത്ത് അവ എങ്ങനെ എത്തി? രൂപീകരണം മുതല്‍ ഇന്നുവരെ അവയുടെ ഉപരിതലം എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായി? എന്നിങ്ങനെയുള്ള അന്വേഷണങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡും, മോണോക്സൈഡും കണ്ടെത്തിയ പഠനം സഹായിക്കും. 

ENGLISH SUMMARY:

Scientists found carbon dioxide and carbon monoxide in TNOs, Study report