ബോയിങ് സ്റ്റാര്‍ലൈനറിന്റെ ദൗത്യം ഇനിയും നീളും. ഈ വര്‍ഷം വിക്ഷേപണം നിശ്ചയിച്ച ബോയിങ് ബഹിരാകാശ പേടകത്തിന്റെ യാത്ര തുടരെത്തുടരെ മുടങ്ങുകയാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായാണ് ബോയിങ് ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനര്‍ നിര്‍മിച്ചത്. വീണ്ടും ചില ചോര്‍ച്ചകളും സാങ്കേതിക തകരാറുകളുമാണ് പേടകത്തിന്റെ യാത്ര തടസപ്പെടാന്‍ കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നാസയുടെ വിശദീകരണവും വന്നുകഴിഞ്ഞു. റോക്കറ്റിന്റെ മുകളിലെ സർവീസ് മൊഡ്യുളുമായി ബന്ധപ്പെട്ട ഹീലിയം ചോർച്ചയാണ് ഏറ്റവുമൊടുവില്‍ യാത്ര മുടങ്ങാനുള്ള കാരണമായി പറയുന്നത്. ബുച്ച് വിൽമോറും സുനിത വില്യംസുമാണ് പേടകത്തിലെ യാത്രികർ. ഏകദേശം ഒരാഴ്ചയാണ് യാത്രികര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങുക.
മേയ് ആറിനു നിശ്ചയിച്ച ആദ്യ വിക്ഷേപണം പ്രഷര്‍ റെഗുലേഷന്‍ വാല്‍വിലെ പ്രശ്നത്താല്‍ 10ലേക്കും പിന്നീട് 17ലേക്കും മാറ്റിയിരുന്നു. എന്നാല്‍ മേയ് 17നും യാത്ര മുടങ്ങിയതിനെത്തുടര്‍ന്ന് 21ന് യാത്ര നടത്താമെന്നു കരുതിയെങ്കിലും ഹീലിയം ചോര്‍ച്ചയെത്തുടര്‍ന്ന് 25ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 3.9pm നാണ് കാത്തിരിക്കുന്ന ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം. കണ്ടെത്തിയ ചോർച്ച ഗുരുതരമല്ലെന്ന് നാസ അറിയിച്ചു. ഒരൊറ്റ റിയാക്ഷൻ കൺട്രോൾ സിസ്റ്റം ത്രസ്റ്ററിലെ ഒരു ഫ്ലേഞ്ചിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്നും നാസ വിശദീകരിക്കുന്നു. യാത്രാ സമയത്ത് അപകടമുണ്ടാക്കുംവിധത്തിലുള്ള ചോര്‍ച്ചയല്ലെന്നും നാസ വ്യക്തമാക്കുന്നു. എങ്കിലും തുടരെത്തുടരെ വിക്ഷേപണം മാറ്റിവക്കുന്നതില്‍ പൊതുവില്‍ അധികൃതര്‍ നിരാശരാണ്.
ചോര്‍ച്ചയെത്തുടര്‍ന്ന് എഞ്ചിനീയർമാർ സിസ്റ്റത്തിൽ പ്രഷർ ടെസ്റ്റിംഗ് നടത്തിയിരുന്നു. പ്രവര്‍ത്തനത്തെ ബാധിക്കുംവിധമുള്ള ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ, അറ്റ്‌ലസ് വി റോക്കറ്റും സ്റ്റാർലൈനറും ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സില്‍ വെര്‍ട്ടിക്കല്‍ ഇന്റഗ്രേഷന്‍ അവസ്ഥയിലാണ്. 2019ലും 2022ലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്ക് തയ്യാറെടുത്തെങ്കിലും നടന്നിരുന്നില്ല. ഈ വര്‍ഷം വിജയത്തിലെത്തുമെന്ന് നിശ്ചയിച്ചിടത്താണ് വീണ്ടും പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പാരച്യൂട്ടുകളെക്കുറിച്ചുള്ള ആശങ്കകളും, ഹീലിയം ലീക്കും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് ടീമിനെ നിരാശയിലാക്കുന്നത്.
ക്രൂ ട്രാൻസ്‌പോർട്ടേഷൻ രംഗത്തെ ബോയിങ്ങിൻ്റെ എതിരാളിയാണ് സ്‌പേസ് എക്‌സ് . സ്പേസ് എക്സ് ഇതുവരെ ഐഎസ്എസിലേക്കുള്ള പത്ത് വിമാനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് ക്രൂവില്ലാത്തതും മറ്റൊന്ന് രണ്ട് ക്രൂ അംഗങ്ങൾ മാത്രമുള്ള ഡെമോ ഫ്‌ലൈറ്റും ആയിരുന്നു. കൂടാതെ നാല് സ്വകാര്യ ദൗത്യങ്ങളും നടത്തിയിട്ടുണ്ട്. 2020ലാണ് കമ്പനി ആദ്യമായി ഒരു ക്രൂഡ് ക്യാപ്‌സ്യൂൾ ഐഎസ്എസിലേക്ക് ഡോക്ക് ചെയ്തത്. ബോയിങ് സ്റ്റാര്‍ലൈനര്‍
ദൗത്യം വിജയകരമായാല്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിനൊപ്പം ബോയിങ്ങുമെത്തും. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം 2020ൽ മനുഷ്യരുൾപ്പെടുന്ന ദൗത്യം വിജയകരമായി നടത്തിയിരുന്നു.