പ്രപഞ്ചത്തിലെ ആദ്യത്തെ നക്ഷത്രത്തെ തിരഞ്ഞിറങ്ങാന്‍ നാസ. പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായകമായേക്കാവുന്ന ഈ ദൗത്യത്തിന് നാസ തിരഞ്ഞെടുത്തിരിക്കുന്നതാവട്ടെ നാന്‍സി ഗ്രേസ് റോമന്‍ എന്ന റോമന്‍ ടെലിസ്‌കോപിനെയുമാണ്. 2027 ല്‍ ദൗത്യത്തിന് തുടക്കം കുറിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ. ആദിമ നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം നക്ഷത്രങ്ങളെ കുറിച്ചുള്ള അറിവുകളെ തന്നെ മാറ്റി മറിച്ചേക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്. ആദിമ നക്ഷത്രങ്ങളായ പോപുലേഷന്‍-3 നക്ഷത്രങ്ങളെയാണ് റോമന്റെ കണ്ണുകള്‍ തേടിയലയുക.
പോപുലേഷന്‍–3 നക്ഷത്രങ്ങള്‍
ലോഹത്തിന്‍റെ അളവ് ഒട്ടുമില്ലാത്ത നക്ഷത്രമാണ് പോപുലേഷന്‍–3 നക്ഷത്രങ്ങള്‍. ലോഹത്തിന്‍റെ അളവ് അല്‍പമെങ്കിലുമുള്ളവ പോപുലേഷന്‍–2 നക്ഷത്രങ്ങളെന്നും ലോഹങ്ങളാല്‍ സമ്പുഷ്ടമായ നക്ഷത്രങ്ങളെ പോപുലേഷന്‍–1 നക്ഷത്രങ്ങളെന്നും വിളിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ന് നാം കാണുന്ന നക്ഷത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു പോപുലേഷന്‍–3 നക്ഷത്രങ്ങളെന്ന് പറയാം. മഹാവിസ്‌ഫോടനത്തിനും (ബിഗ് ബാങ്) നൂറ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ഹൈഡ്രജനാലും ഹീലിയത്താലും സമ്പന്നമായ പോപുലേഷന്‍-3 നക്ഷത്രങ്ങള്‍ പിറന്നത്. സൂര്യനെക്കാള്‍ വലിയതും ചൂടേറിയവയുമായിരുന്നു ഈ നക്ഷത്രങ്ങളെന്നും കരുതപ്പെടുന്നു. വലിപ്പമേറിയതിനാല്‍ തന്നെ അണുസംയോജനത്തിനായി ഇവ സ്വന്തം ഇന്ധനം ഉപയോഗിച്ച് കുഞ്ഞന്‍ ഗ്രഹങ്ങളെക്കാള്‍ അതിവേഗത്തില്‍ എരിഞ്ഞു തീര്‍ന്നുവെന്നും അതാണ് ജ്യോതിശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെടാതെ ഇവ മറഞ്ഞു പോകാന്‍ കാരണമെന്നുമാണ് അനുമാനം. ഇത്തരം നക്ഷത്ര സമൂഹങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കാന്‍ റോമന്‍ ടെലിസ്‌കോപിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷതമേല്‍ക്കാത്ത നക്ഷത്രങ്ങളെ മാത്രം തിരയുക എന്നതിലുപരി വഴിതെറ്റി തമോഗര്‍ത്തങ്ങള്‍ക്കടുത്തെത്തുകയും എന്നാല്‍ നശിച്ച് പോവുകയും ചെയ്ത നക്ഷത്രങ്ങളിലേക്ക് കൂടി റോമന്റെ കണ്ണുകള്‍ നീളും.
വലിയ തമോഗര്‍ത്തങ്ങളുടെ അരികിലൂടെ ഒരു നക്ഷത്രം കടന്നു പോകുമ്പോള്‍ നക്ഷത്രത്തിന്‍റെ ദ്രവ്യത്തില്‍ ബ്ലാക്ഹോളിന്‍റെ ഗുരുത്വാകര്‍ഷണം അതിശക്തമായ വേലിയേറ്റം സൃഷ്ടിക്കുന്നുണ്ട്. ഇതുകൊണ്ടാണ് കുത്തനെ വലിഞ്ഞിരിക്കുന്ന നക്ഷത്രങ്ങള്‍ നമുക്ക് തിരശ്ചീനമായി വിരിഞ്ഞതായി കാണപ്പെടുന്നത്. നക്ഷത്രത്തെ രൂപപ്പെടുത്തുന്ന പിണ്ഡം നക്ഷത്ര പിണ്ഡത്തിന്റെ കെട്ടുപിണഞ്ഞ നൂല് പോലെ രൂപാന്തരം സംഭവിക്കുകയും ചെയ്യുന്നു. സ്പഗെറ്റിഫിക്കേഷന്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. മരണം സംഭവിച്ച നക്ഷത്രങ്ങളാവട്ടെ അത്ര പെട്ടന്നൊന്നും തമോഗര്‍ത്തത്തിലേക്ക് വീണുപോകാറില്ല. പകരം അവ തമോഗര്‍ത്തത്തിന് ചുറ്റും പരന്ന മേഘത്തിലേക്ക് ചേരുകയും ഈ വസ്തു തമോഗര്‍ത്തത്തിന് ചുറ്റും ഭ്രമണം ആരംഭിക്കുകയും ചെയ്യും. ഈ ഭ്രമണത്തിനിടയില്‍ ഇത് ചൂടാകുകയും കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ കടന്ന് ആ പ്രഭ പരന്നെത്തുകയും ചെയ്യും
നക്ഷത്രങ്ങളെ എങ്ങനെ തിരിച്ചറിയും?
നക്ഷത്രം കത്തിയെരിഞ്ഞ് തീര്‍ന്നെന്ന് വിചാരിക്കുക, ചെറുതെങ്കിലും തീവ്രമായ പ്രതിഫലനം അത് എക്‌സ്-റെ, റേഡിയോ , അള്‍ട്രാവയലറ്റ്, പ്രകാശത്തിന്റെ ഒപ്റ്റിക്കല്‍ തരംഗങ്ങള്‍ എന്നിവയിലുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ഇങ്ങനെയാണ് പോപ്-3 നക്ഷത്രങ്ങളില്ലാത്ത പ്രപഞ്ചത്തില്‍ ടൈഡല്‍ ഡിസ്‌റപ്ഷന്‍ പ്രതിഭാസം സംഭവിക്കുക. എന്നാല്‍ കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ അകലെ ഈ പ്രതിഭാസം തീര്‍ത്തും മറ്റൊരു തരത്തിലാണ് ഉണ്ടാവുക. ബഹിരാകാശത്തിന്റെ വിസ്്തൃതിയെ തുടര്‍ന്ന് പ്രതിഭാസത്തെ തുടര്‍ന്് ഉണ്ടാകുന്ന പ്രകാശ തരംഗം കൂടുതല്‍ ദൈര്‍ഘ്യമേറിയതായി മാറുന്നു. ഇത് സ്‌പെക്ട്രത്തിന്റെ ഇന്‍ഫ്രാറെഡ് ഭാഗത്തേക്ക് പ്രകാശത്തെ തള്ളി വിടുകയും ചെയ്യുന്നു. റെഡ് ഷിഫ്‌റ്റെന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. മാത്രമല്ല, പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ടൈഡല്‍ ഡിസ്‌റപ്ഷന്റെ ക്ഷണികമായ സ്വഭാവത്തിനും മാറ്റം സംഭവിക്കുന്നു. റെഡ്ഷിഫ്റ്റിനെ തുടര്‍ന്ന് പോപ്-3 നക്ഷത്രം ആയിരക്കണക്കിന് ദിവസങ്ങളോളം പ്രകാശിക്കുകയും പത്തു വര്‍ഷത്തോളം സമയമെടുത്ത് മാത്രം മങ്ങിത്തുടങ്ങുകയും ചെയ്യും.
നക്ഷത്രത്തിരച്ചിലിന് എന്തുകൊണ്ട് റോമന്‍ ടെലിസ്‌കോപ്?
ഹബിള്‍സ് ടെലിസ്‌കോപ് നല്‍കുന്നതിനെക്കാള്‍ 200 ഇരട്ടി വിസ്തൃതമായ കാഴ്ചയാണ് റോമന്‍ പ്രദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാന നിരീക്ഷണം ആയിരം മടങ്ങ് വേഗതയില്‍ സാധ്യമാണ്.നാസയുടെ തന്നെ ജെയിംസ് വെബ് ടെലിസ്‌കോപിനാവട്ടെ വിദൂരത്തിലുള്ളതും ആദിമ ടൈഡല്‍ ഡിസ്‌റപ്ഷനെയും തിരിച്ചറിയാന്‍ കഴിയുമെങ്കിലും അതിന്റെ കാഴ്ചാ പരിധി റോമനെക്കാള്‍ ചെറുതാണ്. വന്‍തോതില്‍ ടൈഡല്‍ ഡിസ്‌റപ്ഷന്‍ പ്രതിഭാസത്തെ അളക്കാന്‍ ജെയിംസ് വെബും പോരെന്നതും റോമന്‍ ടെലിസ്‌കോപിന്റെ പ്രാധാന്യമേറ്റുന്നു. ആകാശത്തിന്റെ 2000 ചതുരശ്ര ഡിഗ്രി കാഴ്ച റോമനില്‍ സാധ്യമാണ്.