• ഹോങ്​കോങ് സര്‍വകലാശാലയുടേതാണ് പഠനം
  • അഗ്നിപര്‍വത പ്രതിഭാസങ്ങളുടെ തെളിവുണ്ടെന്ന് ഗവേഷകര്‍
  • ‘ദ് ചാങ്–ഇ–6’ ദൗത്യം അടുത്തമാസം ചന്ദ്രനില്‍

മനുഷ്യനെ എക്കാലത്തും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് ചന്ദ്രന്‍. അതുകൊണ്ട് തന്നെ ചന്ദ്രനിലെ ഓരോ കണ്ടെത്തലുകളെയും ശാസ്ത്രലോകവും സാധാരണ മനുഷ്യരും അങ്ങേയറ്റം കൗതുകത്തോടെയാണ് സമീപിക്കുന്നതും. ചന്ദ്രോപരിതലത്തിന്‍റെ മറുഭാഗത്ത് അപൂര്‍വമായ തരം അഗ്നിപര്‍വതങ്ങളാണ് ഉള്ളതെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ഹോങ്​കോങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. യൂകി ക്വിയാനും സംഘവുമാണ് ഈ കണ്ടെത്തലിന് പിന്നില്‍. എര്‍ത് ആന്‍റ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്സ് എന്ന മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള അഗ്നിപര്‍വത പ്രതിഭാസങ്ങള്‍ ഇവിടെ നടന്നതിന്‍റെ തെളിവുകളും ലഭിച്ചതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

ചന്ദ്രനിലെ അഗ്നിപര്‍വതങ്ങളെ കുറിച്ചുള്ള അറിവ് ഇനിയങ്ങോട്ടുള്ള ചാന്ദ്ര ദൗത്യങ്ങളിലും നിര്‍ണായകമാകും. ചന്ദ്രന്‍റെ ഒരുഭാഗം മറ്റേതില്‍ നിന്നും തീര്‍ത്തും വിഭിന്നമായതെങ്ങനെയെന്ന ദീര്‍ഘകാലത്തെ ചോദ്യത്തിന് കൂടി ഉത്തരമാണിത്. ചൈനയുടെ ചാന്ദ്രദൗത്യം ലാന്‍ഡ് ചെയ്യാനായി തിരഞ്ഞെടുത്ത പ്രദേശത്തെ കുറിച്ചുള്ള പഠനത്തിലാണ് അഗ്നിപര്‍വത രഹസ്യം വെളിപ്പെട്ടത്. 

സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗര്‍ത്തമുഖമായ ഐറ്റ്കെനിലെ അപ്പോളോ ബേസിനില്‍ നിന്നുള്ള പാറയുടെ സാംപിള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയ് മൂന്നിന് ' ദ് ചാങ്–ഇ–6' വിക്ഷേപിച്ചത്. അതീവ രഹസ്യമായിട്ടാണ് ചാങ്–ഇ 6 ന്‍റെ റോവറിന്‍റെ വിവരങ്ങള്‍ ചൈന സൂക്ഷിച്ചത്. അടുത്ത മാസം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചൈനയുടെ ചാന്ദ്രദേവതയാണ് ചാങ്–ഇ (Chang'e 6). ചൈന നടത്തിയ 5ചാങ്–ഇ ദൗത്യങ്ങളും വിജയത്തിലെത്തിയിരുന്നു. ചാങ്–ഇ 1,2 ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്ററായിരുന്നു. 2007 ഒക്ടോബർ 24 നും 2010 ഒക്ടോബർ 1നുമായിരുന്നു വിക്ഷേപണം. ചാങ്–ഇ 3,4 ൽ ലാൻഡറും യൂടൂ (Yutu) റോവറും ഉൾപ്പെട്ടിരുന്നു. 2013 ഡിസംബർ 14നും 2019 ജനുവരി 3നും ചന്ദ്രനിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ഭൂമിയിൽ ദൃശ്യമല്ലാത്ത ചന്ദ്രന്റെ വിദൂരവശമായ ദക്ഷിണധ്രുവത്തിലെ ആദ്യ സുരക്ഷിത ലാൻഡിങ് ആയിരുന്നു ചാങ്–ഇ 4ന്റേത്. ചന്ദ്രശില കൊണ്ടുവരാനായിരുന്നു ചാങ്–ഇ 5 വിക്ഷേപിച്ചത്. 1731 ഗ്രാം  സാംപിളുമായി അത് 2020 ഡിസംബർ 16ന് ഭൂമിയിൽ തിരിച്ചെത്തി. സാംപിളുകളെ വിശദമായി പഠിച്ചതോടെയാണ് ചന്ദ്രനിലെ മണ്ണിലെ ജലാംശത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. വെള്ളമുണ്ടെങ്കില്‍ റോക്കറ്റ് ഇന്ധനവുമുണ്ടെന്ന് തങ്ങള്‍ കരുതുന്നുണ്ടെന്നും അതേക്കുറിച്ച് വിശദമായി അറിയാന്‍ ചാങ്–ഇ6 സഹായിക്കുമെന്നും ചൈനീസ് ശാസ്ത്രജ്‍ഞരും വ്യക്തമാക്കിയിരുന്നു.2030 ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ENGLISH SUMMARY:

Chinese geologists find strange volcanoes on the far side of lunar surface