ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ബിറ്റ് ചാറ്റ് എന്ന ആപ് നീക്കാന്‍ നിര്‍ദേശം നല്‍കി. എന്താണ് ബിറ്റ് ചാറ്റ് ആപ്? ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? എന്തുകൊണ്ടാണ് ലോകമെമ്പാടും ഈ ആപ്പിനെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുന്നത്്. ?
സാധാരണയായി WhatsApp, Telegram, Signal പോലുള്ള ആപ്പുകൾ പ്രവർത്തിക്കാൻ ഇന്‍റർനെറ്റും സെർവറുകളും ആവശ്യമാണ്. അതിനാല്‍ തന്നെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധിക്കാനായി എത്തിയാല്‍ സര്‍ക്കാര്‍ ആദ്യം കട്ട് ചെയ്യുന്നത് മൊബൈല്‍ നെറ്റ്‌വര്‍ക്കാണ്. ഫോണ്‍ വിളികള്‍ പോകില്ല, മെസേജ് അയക്കാന്‍ സാധിക്കില്ല. കമ്മ്യൂണിക്കഷന്‍ നടക്കില്ല. പ്രതിഷേധം ചീറ്റിപ്പോകും. എന്നാല്‍ രാജ്യതലസ്ഥാനത്തെ പ്രതിഷേധാഗ്നി കെടുത്താന്‍ ഈ നടപടികള്‍ മതിയായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണങ്ങളെ പ്രതിരോധിക്കാന്‍ പ്രതിഷേധക്കാര്‍ കണ്ടെത്തിയ വഴിയാണ് ബിറ്റ് ചാറ്റ്
എന്താണ് ബിറ്റ് ചാറ്റ് ആപ് ?– ഇന്‍റര്‍നെറ്റൊ മൊബൈല്‍ ഡേറ്റയോ വൈഫൈയോ ഇല്ലാതെ സമീപത്തുള്ള ആളുകളുമായി സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ഒരു ഓഫ് ലൈന്‍ മെസേജിങ് ആപ്പാണ് ബിറ്റ് ചാറ്റ് . എക്സിന്‍റ് സഹസ്ഥാപകനായ ജാക്ക് ഡോര്‍സി വികസിപ്പിച്ച ഈ ആപ് സ്വകാര്യതയും സെന്‍സര്‍ഷിപ്പിനെ മറികടക്കുന്ന ആശയവിനിമയവുമാണ് ലക്ഷ്യമിടുന്നത്. ഇവിടെ സന്ദേശങ്ങൾ ഒരു കേന്ദ്ര സെർവറിലൂടെ പോകുന്നില്ല. പകരം, നിങ്ങളുടെ ഫോണും സമീപത്തുള്ള മറ്റൊരു BitChat ഉപയോക്താവിന്‍റെ ഫോണും നേരിട്ട് ബന്ധപ്പെടുന്നു. അതിനായി ഉപയോഗിക്കുന്നതാകട്ടെ Bluetooth Low Energy, അഥവാ BLE സാങ്കേതികവിദ്യയാണ്
ബ്ലൂടൂത്തിന്റെ പരിധി കുറവല്ലേ? അപ്പോൾ ദൂരെയുള്ള ഒരാൾക്ക് എങ്ങനെ സന്ദേശം എത്തും? – അതാണ് BitChat-ന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇത് Mesh Network എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ അയയ്ക്കുന്ന സന്ദേശം നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ലെങ്കിൽ, ഇടയിൽ BitChat ഉപയോഗിക്കുന്ന മറ്റ് ഫോണുകളിലൂടെ അത് മുന്നോട്ട് പോകും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്, അവിടെ നിന്ന് അടുത്തയാളിലേക്ക്... ഇങ്ങനെ സന്ദേശം സഞ്ചരിച്ച് ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തും. അതുകൊണ്ടാണ് ഇതിനെ "Peer-to-Peer Mesh Communication" എന്ന് വിളിക്കുന്നത്. BitChat-ൽ അയക്കുന്ന സന്ദേശങ്ങൾ End-to-End Encryption ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. അതായത്, സന്ദേശം അയച്ച ആളിനും സ്വീകരിക്കുന്ന ആളിനും മാത്രമേ അതിന്‍റെ ഉള്ളടക്കം വായിക്കാൻ കഴിയൂ.
ഈ സാങ്കേതികവിദ്യ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് എവിടെയാണെന്ന് അറിയാമോ?. ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മൊബൈൽ ടവറുകൾ പ്രവർത്തനരഹിതമാകാം. അത്തരം സമയങ്ങളിൽ സമീപത്തുള്ള ആളുകൾക്ക് പരസ്പരം ബന്ധപ്പെടാൻ BitChat പോലുള്ള ഓഫ്‌ലൈൻ മെസേജിംഗ് സംവിധാനങ്ങൾ വലിയ സഹായമാകും.
എന്നാൽ ഇതിന് ചില പരിമിതികളുമുണ്ട്. BitChat ഉപയോഗിക്കാൻ രണ്ട് പേരുടെയും ഫോണിൽ ഈ ആപ്പ് ഉണ്ടായിരിക്കണം. Bluetooth പ്രവർത്തനക്ഷമമായിരിക്കണം. കൂടാതെ, സന്ദേശം കൈമാറാൻ സമീപത്ത് BitChat ഉപയോഗിക്കുന്ന ആളുകൾ ഇല്ലെങ്കിൽ Mesh Network പ്രവർത്തിക്കില്ല. അതിനാൽ ഇപ്പോൾ ഇത് WhatsApp-നോ Telegram-നോ പകരക്കാരനല്ല.