• 2019 ലാണ് സാംസങ് ഗാലക്സി ഫോള്‍ഡ് ബാക് ഫോണ്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സാംസങിനെ കൂടാതെ ഗൂഗിളും മോട്ടറോളയും പലതലമുറ ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണി കീഴടക്കി

ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ ഡ്യുവോ ആപ്പിള്‍ പുറത്തിറക്കിയതിന് പിന്നാലെ പരിഹസിച്ച് സാംസങ്. സമൂഹമാധ്യമമായ എക്സിലാണ് സാംസങ് തുടര്‍ ട്വീറ്റുകളിലൂടെ ആപ്പിളിനെ കളിയാക്കിയത്. ട്രെന്‍ഡിനൊപ്പമെത്താന്‍ ഏഴു വര്‍ഷം ആപ്പിളിന് വേണ്ടി വന്നുവെന്നും ഞങ്ങള്‍ മിച്ചം വച്ചത് ചൂടാക്കിക്കഴിയുമ്പോള്‍ പറയണേ എന്നുമായിരുന്നു ആദ്യ ട്വീറ്റ്. പിന്നാലെ ട്വീറ്റ് മേളം. Also Read: iPhone Duoയ്ക്ക് വില മൂന്ന് ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ എത്ര രൂപ നല്‍കണം?

'നോക്കിക്കേ, ഇതില്‍ നല്ല സാമ്യമുണ്ടല്ലോ' എന്ന് ഒരു പോസ്റ്റിലും ' ഞങ്ങളെ കാത്തിരുത്തി. സമ്മതിച്ചു, പക്ഷേ ഞങ്ങളിവിടെയുണ്ട്. മൂന്ന് മടക്കുള്ള ഫോണ്‍ വരെ വന്നുകഴിഞ്ഞു' എന്ന് മറ്റൊരു പോസ്റ്റിലും പറയുന്നു. 'മാറാന്‍ സമയമായി' എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഡ്യുവലിങ്കോയെ മെന്‍ഷന്‍ ചെയ്തുള്ള പോസ്റ്റില്‍, ' ക്ഷമിക്കണം  കേട്ടോ, അവര്‍ ഞങ്ങളെയും കോപ്പിയടിച്ചു' എന്നാണ് ഐക്യദാര്‍ഢ്യം എന്ന് ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്തത്. 'റേഞ്ചുണ്ടോ? ഇല്ല. എക്സൈറ്റ് ചെയ്യിക്കുന്നുണ്ടോ? ഇല്ല. പക്ഷേ അവര്‍ കൊണ്ടുവന്നോ? വന്നു– മാറാന്‍ സമയമായി'  എന്നും സാംസങ് മൊബൈലിന്‍റെ യുഎസ് ഹാന്‍ഡിലിലെ ട്വീറ്റിലുണ്ട്.

2019 ലാണ് സാംസങ് ഗാലക്സി ഫോള്‍ഡ് ബാക് ഫോണ്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സാംസങിനെ കൂടാതെ ഗൂഗിളും മോട്ടറോളയും പലതലമുറ ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണി കീഴടക്കി. ഡിസൈനിലെ പാകപ്പിഴകള്‍ പരിഹരിച്ചുള്ളതായിരുന്നു ഓരോ പതിപ്പും. ഫോള്‍ഡബിള്‍ ഫോണിന്‍റെ ഭാരം കുറയ്ക്കാനും കമ്പനികള്‍ക്ക് സാധിച്ചു.

എതിരാളികള്‍ കളിയാക്കുന്നുണ്ടെങ്കിലും ചുമ്മതെ ഏഴു വര്‍ഷം കഴിഞ്ഞ് ഫോള്‍ഡബിള്‍ ഫോണുമായി വന്നതല്ലെന്ന് ആപ്പിള്‍ ഉറച്ച് പറയുന്നു. നിലവില്‍ വിപണിയിലുള്ളതിനെക്കാളെല്ലാം മികച്ച യൂസര്‍ എക്സ്പീരിയന്‍സാവും ആപ്പിള്‍ നല്‍കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. എതിരാളികളുടെ മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും വിവരങ്ങളുടെ സ്വകാര്യതയിലും ആപ്പിളിനെ വെല്ലാനാവില്ലെന്നും കമ്പനി പറയുന്നു. 

റൗണ്ടഡ് ആയ വശങ്ങളാണ് ഡ്യുവോയ്ക്കുള്ളത്. 7.6 ഇഞ്ച് (19 സെന്റീമീറ്റര്‍) ആണ് വെര്‍ട്ടിക്കലായും ഉപയോഗിക്കാന്‍ കഴിയുന്ന സ്ക്രീനിന്‍റെ വലിപ്പം.ഫോണ്‍ മടക്കുമ്പോള്‍ മുന്‍ഭാഗത്തായി ചെറിയ സ്ക്രീനും പ്രത്യക്ഷമാകും. തുറന്നിരിക്കുമ്പോള്‍ ആപ്പിളിന്‍റെ ഏറ്റവും നേര്‍ത്ത ഫോണും ഡ്യുവോയാണെന്നും കമ്പനി പറയുന്നു.ഫോള്‍ഡിങ് ഫോണുകളില്‍ നേര്‍ത്തതാണെന്ന സവിശേഷതയും ആപ്പിളിന്റെ ഡ്യുവോയ്ക്കുണ്ട്. 

ENGLISH SUMMARY:

Samsung mocked Apple on X (formerly Twitter) following the launch of the iPhone Duo, taking jabs at Apple's late entry into the foldable smartphone market. Through a series of satirical posts using the hashtag #TimeToSwitch, Samsung pointed out that it took Apple seven years to adopt the trend and highlighted its own advancements, including tri-fold devices. Apple defended its delayed release by stating the focus was on delivering a superior user experience, unmatched privacy, and the thinnest foldable design on the market. Despite rival criticism, Apple remains confident that its 7.6-inch ultra-thin iPhone Duo sets a new standard for quality over speed.