'അമ്മ' എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് ഒരു കോൾ വരുന്നു. ശബ്ദം കേട്ടാൽ അമ്മ സംസാരിക്കുന്നതുപോലെ തന്നെ തോന്നും. അമ്മ പണം ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനും ആകില്ല. പണം നല്‍കിയാലാകും തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുക. ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നാലോ.. ആലോചിക്കാനേ പറ്റില്ല അല്ലേ.
ഒരു വ്യാജ അടിയന്തര സാഹചര്യം പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്ന, എഐ ടൂളുകൾ ഉപയോഗിച്ച് ശബ്ദം അനുകരിക്കുന്ന ഒരു തട്ടിപ്പുകാരനായിരിക്കും യഥാർഥത്തിൽ വിളിക്കുന്നത്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ ആളുകൾ എടുക്കാൻ മടിക്കുന്ന സാഹചര്യത്തിൽ, തട്ടിപ്പുകാർ പുതിയ വഴികൾ തേടുകയാണ്. വിശ്വസ്തരുടെ ഫോൺ നമ്പറുകൾ സ്പൂഫ് ചെയ്തും (അതുപോലെ തോന്നിക്കുന്ന വ്യാജ നമ്പർ ഉണ്ടാക്കി), എഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയോ കുടുംബാംഗങ്ങളുടെയോ ശബ്ദം അനുകരിച്ചുമാണ് പുതിയ തട്ടിപ്പുകൾ.
എഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൾമാറാട്ട തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ആൻഡ്രോയിഡിൽ വ്യാജ കോളുകൾ കണ്ടെത്താനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ആൻഡ്രോയിഡ് 12-ഉം അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ 'ഫോൺ ബൈ ഗൂഗിൾ' ആപ്പിലാണ് ഈ സൗകര്യം ലഭ്യമാവുക. പിക്സൽ ഫോണുകളിൽ തുടങ്ങി ഈ മാസം മുതൽ ലോകമെമ്പാടും ഇത് ലഭ്യമായിത്തുടങ്ങും. പുതിയ ഫീച്ചർ ഫോണുകളിൽ ഡിഫോൾട്ടായിത്തന്നെ പ്രവർത്തനസജ്ജമാണ്. പശ്ചാത്തലത്തിൽ ഇത് സ്വയമേവ പ്രവർത്തിക്കും.
ഉപകരണങ്ങൾ തമ്മിലുള്ള ഒരു ഡിജിറ്റൽ ഹാൻഡ്‌ഷെയ്ക്ക് പോലെയാണ് ഇതിന്റെ പ്രവർത്തനമെന്ന് ഗൂഗിൾ വിശദീകരിക്കുന്നു. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ഒരാൾ 'ഫോൺ ബൈ ഗൂഗിൾ' ആപ്പ് ഉപയോഗിച്ച് വിളിക്കുമ്പോൾ, വിളിക്കുന്നയാളുടെ ഫോണിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് ഒരു നിശ്ശബ്ദ സിഗ്നൽ അയയ്ക്കപ്പെടും. കോൾ യഥാർഥമാണെന്നും അവരുടെ ഫോണിൽ നിന്നുതന്നെയാണ് വരുന്നതെന്നും ഉറപ്പാക്കാനാണിത്. ഒരു തട്ടിപ്പുകാരൻ നിങ്ങളുടെ വിശ്വസ്ത കോൺടാക്റ്റിനെ ആൾമാറാട്ടം നടത്തി വിളിക്കാൻ ശ്രമിച്ചാൽ, ഈ സ്ഥിരീകരണ സിഗ്നൽ ലഭിക്കില്ല, ഇത് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ ഉപകരണം ഉടൻ തന്നെ യഥാർഥ കോൺടാക്റ്റിന്റെ ഫോണുമായി ബന്ധപ്പെട്ട് ഒന്നുകൂടി ഉറപ്പുവരുത്തും. ആ ഉപകരണം 'ഞാനിപ്പോൾ കോൾ ചെയ്യുന്നില്ല' എന്ന് മറുപടി നൽകിയാൽ, ഉടൻ തന്നെ കോൾ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങളുടെ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് സന്ദേശം തെളിയും
റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് (RCS) അടിസ്ഥാനമാക്കിയാണ് ഈ ഫീച്ചർ നിർമിച്ചിരിക്കുന്നതെന്നും, അതിനാൽ മറ്റ് ആപ്പുകൾക്കും കമ്പനികൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കുമെന്നും ഗൂഗിള്‍ പറയുന്നു.
വ്യാജ കോൾ കണ്ടെത്താനുള്ള ഫീച്ചറിനൊപ്പം മറ്റ് ചില ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ വെർച്വലായി മാറിമാറി പരീക്ഷിക്കാൻ സഹായിക്കുന്ന ഗൂഗിൾ ഫോട്ടോസിലെ പുതിയ ഫീച്ചറാണ് ഇതിൽ പ്രധാനം. നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലുള്ള ചിത്രങ്ങളിലെ വസ്ത്രങ്ങളെ വേർതിരിച്ച് ഒരു 'വെർച്വൽ വാർഡ്രോബ്' ആക്കി മാറ്റുന്നതാണ് ഈ ഫീച്ചർ. അടുത്ത ആഴ്ച മുതൽ യുഎസ്, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലെ ആൻഡ്രോയിഡ് 10-ഉം അതിനുമുകളിലുമുള്ള പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും.
ഇതുകൂടാതെ, ഗൂഗിൾ പ്ലേ ബുക്ക്സിൽ 'ക്യാച്ച് മീ അപ്പ്' എന്ന പുതിയ ഫീച്ചറും വരുന്നുണ്ട്. വായിച്ചുകൊണ്ടിരിക്കുന്ന കഥയുടെ സംഗ്രഹം നൽകി വായന തുടരാൻ ഇത് സഹായിക്കും. ഒരു ഭാഗം ഹൈലൈറ്റ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും. തിരഞ്ഞെടുത്ത ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഈ ഫീച്ചറുകൾ ലഭ്യമാണ്.
ഗൂഗിളിന്റെ 'സർക്കിൾ ടു സെർച്ച്' ഫീച്ചറിലും പുതിയ മാറ്റമുണ്ട്. ചിത്രത്തിലെ വസ്ത്രത്തിലെ ഓരോ ഭാഗവും വെവ്വേറെ സെർച്ച് ചെയ്യുന്നതിന് പകരം, ഒറ്റയടിക്ക് വസ്ത്രം മുഴുവനായും കണ്ടെത്താൻ ഇനി സാധിക്കും. സർക്കിൾ ടു സെർച്ച് സൗകര്യമുള്ള ആൻഡ്രോയിഡ് 14-ഉം അതിനുശേഷമുള്ളതുമായ എല്ലാ ഉപകരണങ്ങളിലും ഈ അപ്‌ഡേറ്റ് ലഭ്യമാണ്.