സാംസങ് ഗാലക്സി എസ് 25 സീരീസ്
മൊബൈല്‍ ഫോണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗാഡ്ജറ്റാണ് സാംസങ് ഗാലക്സി എസ് 26 അൾട്ര. എന്ന് പുറത്തിറങ്ങും എന്നതിനെ കുറിച്ച് അഭ്യൂഹങ്ങളിലായിരുന്നു ടെക് ലോകം. ഇപ്പോഴിതാ റിലീസ് സമയം ചോര്‍ന്നിരിക്കുന്നു. ആപ്പിളിന്റെ മുഖ്യ എതിരാളിയെന്ന നിലയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ഉറ്റുനോക്കുന്ന ഗാഡ്ജറ്റാണ് സാംസങ് ഗാലക്സി എസ് 26 അൾട്ര.
ഫെബ്രുവരി അവസാനത്തോടെ സാംസങ് ഗാലക്സി എസ് 26 അൾട്ര പുറത്തിറക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 ഫെബ്രുവരി 25 ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ചടങ്ങില്‍ ഗാലക്‌സി S26 സീരീസ് പുറത്തിറക്കും. എങ്കില്‍പോലും ഗാഡ്ജറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാർച്ച് ആദ്യം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. മാർച്ച് ആദ്യം വിപണിയിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ മാർച്ച് 13 ന് മാത്രമേ ഗാലക്‌സി എസ് 26 സീരീസ് വിപണിയിലെത്തൂ എന്നാണ് കരുതുന്നത്. സാധാരണയായി എല്ലാ വർഷവും ജനുവരിയിലാണ് സാംസങ് എസ് സീരീസ് പുറത്തിറക്കുന്നത്. ഗാലക്‌സി എസ്26 സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ എന്നിവയാണ് അവതരിപ്പിക്കുക.
എന്തെല്ലാം പ്രതീക്ഷിക്കാം?
ഡിസൈനില്‍ ഗാലക്‌സി എസ് 26 അൾട്ര പുതിയ കളർ ഓപ്ഷനുകളില്‍ ലഭിച്ചേക്കാം. ക്യാമറയില്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും എസ് 22 സീരീസിന് ശേഷം ക്യാമറ മൊഡ്യൂൾ ഡിസൈനില്‍ മാറ്റമുണ്ടാകും. എല്ലാ മോഡലുകളിലും ഏകീകൃത ക്യാമറ മൊഡ്യൂൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലെൻസ് ഫ്ലെയർ കുറയ്ക്കാനും മികച്ച ഇമേജ് പ്രോസസ്സിങ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.
200 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാവൈഡ്, 12 മെഗാപിക്സൽ 3x ടെലിഫോട്ടോ, 50 മെഗാപിക്സൽ 5x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെയുള്ള ക്വാഡ്-ക്യാമറ സജ്ജീകരണം നിലനിർത്തുമെന്നാണ് പ്രതീക്ഷ. എസ് 26, എസ് 26 പ്ലസ് എന്നിവയിൽ പുതിയ 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ലെൻസ് ലഭിക്കുമെന്നും അഭ്യൂഹമുണ്ട്, ഇതിനൊപ്പം 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ടാകും.
6.9 ഇഞ്ച് ക്യുഎച്ച്‌ഡി സാംസങ് എം 14 ഒഎൽഇഡി ഡിസ്‌പ്ലേ, പുതിയ ഇന്‍റഗ്രേറ്റഡ് പ്രൈവസി സ്‌ക്രീൻ എന്നിവ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ് 26 അൾട്രയിൽ സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 26 ന് 6.2 ഇഞ്ച് ക്യുഎച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. എസ് 26 പ്ലസിൽ 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും ഇത് അൾട്രാ വേരിയന്റിന് തുല്യമായ വലുപ്പം നൽകുമെന്നും റിപ്പോർട്ടുണ്ട്.
ഗാലക്‌സി എസ് 26 സീരീസിലെ ചിപ്‌സെറ്റിനായി സാംസങ്ങിന് ഒരു സ്പ്ലിറ്റ് സ്ട്രാറ്റജി ഉണ്ടെന്നാണ് കരുതുന്നത്. അതായത് ചിലയിടങ്ങളില്‍ സാംസങ്ങിന്റെ പുതിയ എക്‌സിനോസ് 2600 SoC ലഭിക്കാൻ സാധ്യതയുണ്ട്, ഇത് 2nm പ്രോസസ്സിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ചിപ്‌സെറ്റാണ്. മറ്റ് വിപണികളില്‍ ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ സാംസങ് ഈ റോൾഔട്ടിനെ എങ്ങനെ വിഭജിക്കുമെന്ന് വ്യക്തമല്ല.
വിലയെത്ര?
ഗാലക്‌സി എസ് 26 സീരീസിന് സാംസങ് എത്ര തുക ഈടാക്കുമെന്ന് കൃത്യമായി അറിയാനായിട്ടില്ല. എങ്കിലും കൊറിയൻ മാധ്യമങ്ങൾ കൊറിയയിലും തെരഞ്ഞെടുക്കപ്പെട്ട ചില വിപണികളിലും പുതിയ എസ്26 സീരീസ് മോഡലിന്‍റെ വില കൂടും. സാധാരണയായി എസ് സീരീസ് മോഡലുകൾക്ക് സ്ഥിരം വിലയാണ് സാംസങ് പിന്തുടർന്ന് പോരാറുള്ളത്. എന്നാൽ ഇത്തവണ ആ പതിവിൽ മാറ്റമുണ്ടാകും. ഗാലക്‌സി എസ് സീരീസ് ഫോണുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കി മെമ്മറി ചെലവ് വർദ്ധിക്കുന്നതിൽ നിന്നുള്ള നഷ്ടം നികത്താനാണ് സാംസങിന്‍റെ ലക്ഷ്യം. സാംസങ് മാത്രമല്ല എല്ലാ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളും നിലവിൽ അവരുടെ 2026 റിലീസുകളുടെ വില ലാഭവുമായി സന്തുലിതമാക്കാൻ ശ്രമിക്കുകയാണ്.