TOPICS COVERED

ടെക് പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ഐഫോണ്‍ 17 എത്തി കഴിഞ്ഞു. സാധനം കയ്യിലെത്താന്‍ കുറച്ച് കാത്തിരിക്കേണ്ടി വരുമെങ്കിലും ചര്‍ച്ചകള്‍ക്ക് യാതൊരു കുറവുമില്ല ഇന്‍റര്‍നെറ്റില്‍. എല്ലാ ലോഞ്ചുകളിലേയും പോലെ തന്നെ 17 സീരീസിനു പിന്നാലെ ട്രോളുകളും മീമുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. ‘കിഡ്നി വില്‍ക്കേണ്ടിവരും’ എന്ന സ്ഥിരം കമന്‍റും കുറവല്ല.

പൊതുവേ പറഞ്ഞാല്‍ ‌ഐഫോണ്‍ 17 സീരീസ് ലോഞ്ചിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ചിലര്‍ ഐഫോൺ 17 ന്‍റെ ഡിസൈനിനെയാണ് ലക്ഷ്യം വച്ചത്. ക്യാമറ എലിയുടെ കണ്ണുപോലെയുണ്ട് എന്നതരത്തില്‍ മീമുകള്‍ പ്രചരിച്ചപ്പോള്‍ ‘ഒരു നല്ല ആൻഡ്രോയിഡ് മൊബൈൽ ഇല്ലാത്തവര്‍ പോലും പുതിയ ഡിസൈനിനായി ആപ്പിളിനെ ട്രോളുന്നു’ എന്ന് മറുപടിയായി ചിലരെത്തി. സീരീസില്‍ 17 പ്രോ മാക്സിന്‍റെ ഡിസൈനിനാണ് ഏറെ വിമര്‍ശനം. ‘കാണാന്‍ കൊള്ളില്ല, ഡിസൈൻ നശിപ്പിച്ചു’ എന്നിങ്ങനെ പലരും നിരാശ പ്രകടമാക്കുന്നുണ്ട്. സ്റ്റീവ് ജോബ്‌സ് ഉണ്ടായിരുന്നെങ്കില്‍ എല്ലാവരെയും ഇപ്പോള്‍ തന്നെ പുറത്താക്കിയേനെ എന്നും കമന്‍റുണ്ട്. ക്യാമറയുടെ സ്ഥാനം മാറ്റി പറ്റിക്കുന്നുവെന്ന പരിഹാസവും ഉയരുന്നുണ്ട്. 

എല്ലായിപ്പോളും രൂപം മാത്രമേ മാറുന്നുള്ളൂ, വലിയ മാറ്റങ്ങളൊന്നുമില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നിങ്ങനെയുള്ള സ്ഥിരം കമന്‍റുകളും എത്തുന്നുണ്ട്. ഒപ്പം വിലയും ഒരു സംസാര വിഷയം തന്നെയാണ്. ഐഫോൺ 17 വാങ്ങാന്‍ തനിക്ക് 2032 വരെ കാത്തിരിക്കേണ്ടി വരേണ്ടിവരുമെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. റിവ്യൂ ചെയ്യാനായി ഫോണ്‍ കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാരെയും ട്രോളന്‍മാര്‍ ട്രോളിയിട്ടുണ്ട്. 

നേരത്തെ ആപ്പിളിനെ ട്രോളി ടെക് ഭീമനായ സാംസങ് രംഗത്തെത്തിയിരുന്നു. ഐഫോണ്‍ 17 ന്‍റെ അവതരണത്തിന് പിന്നാലെ തങ്ങളുടെ 2022 ലെ എക്സിലെ ഒരു ട്വീറ്റ് ഒന്നു റീട്വീറ്റ് ചെയ്യുക മാത്രമാണ് സാസംങ് ചെയ്തത്. 'ഇത് മടക്കാന്‍കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കണം' എന്നായിരുന്നു ട്വീറ്റ്. കൂടെ ഈ ട്വീറ്റ് ഇപ്പോഴും പ്രസക്തമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കമ്പനി കുറിച്ചു. അതേസമയം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ മോഡലായ ഐഫോൺ എയറിന് അഭിനന്ദനങ്ങളുമുണ്ട്. വർഷങ്ങളായി താൻ കാത്തിരുന്ന, ഒടുവില്‍ ആവേശത്തിലാക്കിയ ആദ്യത്തെ ആപ്പിൾ അപ്‌ഗ്രേഡാണിതെന്നാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എക്സില്‍ കുറിച്ചത്. 

അതേസമയം, ഏറ്റവും കനംകുറഞ്ഞ ഐ.ഫോണ്‍ എയര്‍ ഉള്‍പ്പടെ നാല് വേരിയന്റുകളാണ് 17 സീരിസില്‍ ആപ്പിള്‍ പുറത്തിറക്കിയത്. അൾട്രാ-തിന്‍ ആപ്പിൾ ഐഫോൺ എയർ, ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് പുതിയ മോഡലുകള്‍. ആപ്പിള്‍ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ ഫോണാണ് ഐ.ഫോണ്‍ എയര്‍. 48 മെഗാപിക്സല്‍ ക്യാമറ, പ്രോ മോഷന്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളുമായി ഇറങ്ങുന്ന 17 സീരിസിന് കരുത്ത് പകരുന്നത് പുതിയ A19 ചിപ്പ്സെറ്റ് ആണ്. ആപ്പിള്‍ ഇന്റലിജന്‍സ് എന്നറിയപ്പെടുന്ന എ.ഐ ഫീച്ചറുകളും പുതിയ മോഡലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 26 ആയിരിക്കും 17 സീരിസില്‍ ഉണ്ടാവുക. മാത്രമല്ല, മുമ്പ് പ്രോ മോഡലുകൾക്ക് മാത്രമുള്ള സവിശേഷതായിരുന്നെങ്കില്‍ 17 സീരീസില്‍ എല്ലാ മോഡലുകളിലും 120Hz റിഫ്രഷ് റേറ്റ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

iPhone 17 has arrived, sparking mixed reactions and memes online. The latest series introduces an ultra-thin iPhone Air and boasts features like the A19 chipset and Apple Intelligence AI, with some criticizing its design while others applaud its innovations.