ഏതൊരു വ്യക്തിയുടെയും നിര്‍ണായക വിവരങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് ഇന്ന് സ്‌മാർട്ട്‌ഫോൺ. രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങി സാമ്പത്തിക വിവരങ്ങൾ വരെ സ്മാർട്ട്ഫോണുകളിലുണ്ട്. ഇവ ചോര്‍ന്നാല്‍ ജീവിതം തന്നെ താറുമാറാകും. ഡാറ്റ മോഷണം തടയാനായി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഐഡൻ്റിറ്റി ചെക്ക് എന്നാണ് പേര്. ബയോമെട്രിക് അധിഷ്‌ഠിത ഫീച്ചറാണ് ഇത്.
മോഷണം പോലുള്ള സന്ദർഭങ്ങളിൽ ഡാറ്റ സംരക്ഷിക്കുകയെന്നതാണ് ദൗത്യം. നിലവിൽ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ, സാംസങ് ഗാലക്‌സി ഫോണുകൾക്കാണ് ഫീച്ചർ ഉപയോഗിക്കാനാകുക. പിന്നീട് മറ്റ് ഫോണുകളിലേക്ക് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. സ്വന്തം വീട് പോലെ നമ്മള്‍ സെറ്റ് ചെയ്യുന്ന വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്ത് ഫോണ്‍ എത്തുമ്പോള്‍ മാത്രമേ ഈ അധിക സുരക്ഷാ ഫീച്ചർ പ്രവർത്തിക്കു.
ഉടമയുടെ സാനിധ്യമില്ലാതെ പാസ്‌വേഡ് അറിയുന്ന ഒരാൾ ഫോണ്‍ തുറന്ന് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഐഡൻ്റിറ്റി ചെക്ക് തടയും. വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്തുള്ള ഫോണിലെ സെറ്റിങുകളും അക്കൗണ്ടുകളും ആക്‌സസ് ചെയ്യുന്നതിന് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ നല്‍കേണ്ടിരും. ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം വിശ്വസനീയമായ ലൊക്കേഷനുകൾ ചേർക്കാനുള്ള ഓപ്ഷനും ഫീച്ചറിനുണ്ട്. ഒരാൾക്ക് ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് പിൻ കോഡ് മാറ്റാനും കഴിയില്ല. കൂടാതെ, ഫൈൻഡ് മൈ ഡിവൈസ്, തെഫ്റ്റ് പ്രൊട്ടക്ഷൻ തുടങ്ങിയവ ഓഫാക്കാനും കഴിയില്ല. അതായത് ഐഡൻ്റിറ്റി ചെക്ക് ഫീച്ചർ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മോഷ്‌ടാക്കൾക്ക് ആൻ്റി-തെഫ്റ്റ് ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുന്നതിനോ, സുരക്ഷാ ക്രമീകരണങ്ങൾ മാറ്റുന്നതിനോ കഴിയില്ലാ എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
image: X
പക്ഷേ നിങ്ങളുടെ ഫോൺ ആക്‌സസ് ചെയ്യുന്ന വ്യക്തി ഇതിനകം ഈ വിശ്വസനീയമായ ലൊക്കേഷനുകളിൽ ഒന്നിലാണെങ്കിൽ ഫീച്ചർ പൂർണമായും സഹായകരമാകണം എന്നില്ലെന്നതും ഗൂഗിൾ വിശദമാക്കുന്നു. ക്ലാസ് 3 ബയോമെട്രിക്സിനെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണുകളിൽ മാത്രമേ നിലവിൽ ഈ ഫീച്ചർ ലഭ്യമാകൂ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും, മുഖം തിരിച്ചറിയലും ഉള്ള സ്‍മാർട്ട്ഫോണുകളെ ക്ലാസ് 3 ബയോമെട്രിക് ഉപകരണങ്ങളായി കണക്കാക്കും. നേരത്തെ ഇതിനെ സ്ട്രോങ് ബയോമെട്രിക്സ് എന്നാണ് വിളിച്ചിരുന്നത്.