ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഐഫോണ്‍ 16 പ്രോ മാക്‌സ് പുറത്തിറക്കിയതോടെ ഫോണിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ആപ്പിള്‍ ഇന്നുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വലിപ്പമുള്ള ഹാന്‍സെറ്റാണ് ഐഫോണ്‍ 16 പ്രോ മാക്‌സ്. 6.9-ഇഞ്ച് സ്‌ക്രീന്‍. 6.3-ഇഞ്ച് ആക്കി പ്രോ മോഡലിനും വലുപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, മുന്‍പുണ്ടായിരുന്ന ഐഫോണ്‍ 16 സീരിസുമായി വ്യക്തമായ വ്യത്യാസം സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി.
ആപ്പിള്‍ സ്വന്തമായി നിര്‍മിച്ച എ18 പ്രോ പ്രൊസസര്‍ ആണ് ഐഫോണ്‍ 16 പ്രോ സീരിസിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇത് ഒരു 3എന്‍എം പ്രൊസസര്‍ ആണ്.
ഇതില്‍ 16-കോര്‍ ന്യൂറല്‍ എഞ്ചിനും, 6-കോര്‍ ഗ്രാഫിക്‌സ് പ്രൊസസറും ഉണ്ട്. ഈ പ്രൊസസറിന്‍റെ 6-കോര്‍ സിപിയുവിന് രണ്ടു പെര്‍ഫോര്‍മന്‍സ് കോറുകളാണ് ഉള്ളത്. കൂടുതല്‍ പെര്‍ഫോമന്‍സ് ആവശ്യമായ സമയത്ത് ഒന്നും അധികം പെര്‍ഫോമന്‍സ് ആവശ്യമില്ലാത്ത രണ്ടാമത്തേതും പ്രവര്‍ത്തിക്കും. ഇതുവഴി അനാവശ്യമായി ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണില്‍ ഉള്ളതിനെക്കാള്‍ കരുത്തേറിയ സിപിയു ആണ് ഐഫോണ്‍ 16 പ്രോ സീരിസില്‍ ഉള്ളതെന്നാണ് ആപ്പിളിന്‍റെ അവകാശവാദം.
ഈ വര്‍ഷത്തെ ഐഫോൺ 16 പ്രോ സീരിസ് പ്രധാനമായും നിർമ്മിത ബുദ്ധി (എഐ) പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചതാണ് എന്നാണ് കമ്പനിയുടെ അവകാശവാദം. മറ്റൊരു ഐഫോണിനും ഇല്ലാത്ത ശേഷിയും ഐഫോൺ 16 പ്രോ സീരിസിനുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോൺ 15 പ്രോ സീരിസിനെക്കാൾ മികവുറ്റ രീതിയിൽ ആപ്പിൾ ഇന്റലിജൻസ് എഐ പ്രവർത്തിക്കാനുള്ള രീതിയിലാണ് ക്രമീകരണങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫോണുകളെ അപേക്ഷിച്ച് ആപ്പിൾ ഇന്റലിജൻസ് എഐക്ക് 15 ശതമാനം കൂടുതല്‍ വേഗം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
ആപ്പിൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ഉന്നത നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് പ്രോ സീരിസ് നിർമ്മിച്ചെടുത്തിരിക്കുന്നത്. ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിമിലാണ് ഫോൺ ഉറപ്പിച്ചിരിക്കുന്നതെങ്കിൽ, കഴിഞ്ഞ വർഷത്തേതിനെക്കാൾ മികവുറ്റ സെറാമിക് ഷീൽഡ് ഗ്ലാസ് ഉപയോഗിച്ചാണ് സ്ക്രീൻഗാർഡ് ഒരുക്കിയിരിക്കുന്നത്. സ്‌ക്രീനിൽ പോറലേൽക്കാതിരിക്കാന്‍ ഇത് ഉപകാരപ്രദമാണ്.
ഇന്നേവരെ ഐഫോണുകളിൽ കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും മേന്മയുള്ള കാമറാ സിസ്റ്റം ആണ് പ്രോ മോഡലുകളുടെ പിന്നിൽ ചേക്കേറിയിരിക്കുന്നത്. മുൻ വർഷത്തേതു പോലെ ട്രിപ്പിൾ കാമറാ സിസ്റ്റം തന്നെയാണ്. എന്നാൽ പ്രധാന കാമറയുടെ 48എംപി സെൻസറിന് ഇപ്പോ രണ്ടാം തലമുറയിലെ ക്വാഡ്-പിക്‌സൽ സെൻസറാണ് ഉള്ളത്. പുതിയ 48-എംപി അൾട്രാ-വൈഡ് ലെൻസും, 12എംപി ടെലിഫോട്ടോ ലെൻസും ചേരുന്നതാണ് കാമറാ സെൻസറുകൾ. ടെലി ലെൻസിന് 5മടങ്ങ് സൂം ലഭിക്കുന്നു. കൂടാതെ, ചരിത്രത്തിൽ ആദ്യമായി ഒരു ഐഫോണിന് 4കെ വിഡിയോ സെക്കൻഡിൽ 120 ഫ്രെയിം വച്ച് റെക്കോഡ് ചെയ്യാൻ സാധിക്കും. പല ആൻഡ്രോയിഡ് ഫോണുകളും ഇത് വർഷങ്ങളായി ചെയ്തു വരുന്നതാണെങ്കിലും ഇതാദ്യമായാണ് ഐഫോണുകൾക്ക് ഈയൊരു ഫീച്ചര്‍ നല്‍കുന്നത്.
ആപ്പിള്‍ ഇന്റലിജന്‍സ് എഎഎ ഗെയിമിങ് എന്നിവയുടെ ഏറ്റവും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന രീതിയില്‍ ഫോണ്‍ ഒപ്ടിമൈസ് ചെയ്തിട്ടുണ്ട്. മാക്‌സിമം ഉപയോഗ സുഖം മാത്രമല്ല വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട് .എന്നാല്‍ ഐഫോണ്‍ 15 പുറത്തിറങ്ങിയ സമയത്തെ വിലയുമായി താരതമ്യം ചെയ്താൽ വില കുറവായിരിക്കും. ഐഫോണ്‍ 16 പ്രോ തുടക്ക വേരിയന്റിന് നല്‍കണം 1,19,900 രൂപ. പ്രോ മക്‌സ് വേണമെങ്കില്‍ 1,44,900 രൂപ തുടക്ക വേരിയന്റിന് കൊടുക്കണം. ഇരു മോഡലുകളുടെയും വില്‍പ്പന സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കും.