വിപണി കീഴടക്കാന്‍ സൂപ്പര്‍ സോണിക് പവര്‍ ചാര്‍ജറുമായി റിയല്‍മി. വെറും 5 മിനിറ്റിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 320 വാട്‌സ് ചാര്‍ജിങ് സാങ്കേതിക വിദ്യയായ സൂപ്പര്‍ സോണിക് ചാര്‍ജിങ് എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. വെറും നാല് മിനിറ്റ് 30 സെക്കന്റില്‍ 0 -100 ശതമാനത്തിലേക്ക് ചാര്‍ജ് എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. സൂപ്പര്‍ സോണിക് ചാര്‍ജറിനൊപ്പം റിയല്‍മി 13 സീരിസ് 5ജി ഫോണിന്റെ വരവും പ്രഖ്യാപിച്ചു. വരാനിരിക്കുന്ന മോഡലുകളിലാവും സൂപ്പര്‍ ചാര്‍ജിങ് ലഭ്യമാവുക.
സൂപ്പര്‍ ചാര്‍ജറുമായി ഫോണ്‍ ബന്ധിപ്പിച്ചാല്‍ ആദ്യ ഒരു മിനിറ്റില്‍ 26 ശതമാനത്തിലേക്ക് ബാറ്ററി ചാര്‍ജ് എത്തും. ഫോണ്‍ 50 ശതമാനം ചാര്‍ജാവാന്‍ രണ്ട് മിനിറ്റ് പോലും വേണ്ടി വരില്ലെന്നും റിയല്‍മി പറയുന്നു.
ക്വാഡ് സെല്‍ ഡിസൈനിലുള്ള 4420 mAh ശേഷിയുള്ള പുതിയ ഫോള്‍ഡഡ് ബാറ്ററിയും റിയല്‍മി വികസിപ്പിച്ചിട്ടുണ്ട്. ഒരേസമയം നാല് സെല്ലുകളും ചാര്‍ജാകുമെന്നതാണ് ഇതിന്റെ സവിശേഷത. ഫോള്‍ഡബിള്‍ ബാറ്ററിയിലെ ഓരോ സെല്ലിനും 3 മില്ലീമീറ്ററില്‍ താഴെ മാത്രമാണ് കനം. ഇത് പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് 10 ശതമാനം ശേഷി കൂടിയതാണ്.
സൂപ്പര്‍ സോണിക് ചാര്‍ജിങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി റിയല്‍മി എയര്‍ഗാപ് വോള്‍ട്ടേജ് ട്രാന്‍സ്‌ഫോമറും വികസിപ്പിച്ചിട്ടുണ്ട്. ഇത് അമിതമായി ചൂടാവുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങൾ തടയും. വിരല്‍ത്തുമ്പിനോളം മാത്രം വലുപ്പമേ ട്രാന്‍സ്‌ഫോമറിനുള്ളൂ. 98 ശതമാനം ഊര്‍ജശേഷിയാണ് ഇതിനുള്ളതെന്നും കമ്പനി പറയുന്നു. ചാര്‍ജറില്‍ രണ്ട് യുഎസ്ബി സി ഔട്ട്പുട്ടാണുള്ളത്. ഇതുവഴി റിയല്‍മി ഫോണുകള്‍ 150 വാട്‌സിലും ലാപ്‌ടോപുകള്‍ 65 വാട്‌സിലും ഒരേസമയം ചാര്‍ജ് ചെയ്യാം.
റിയല്‍മി ചാര്‍ജിങ് രംഗത്ത് വിപ്ലവ സമാനമായ കണ്ടുപിടുത്തവുമായി എത്തുന്നത് ആദ്യമല്ല. 2023 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 240 വാട്‌സ് ചാര്‍ജിങ് ശേഷിയുള്ള റിയല്‍മി GT3യുമായി കമ്പനി അമ്പരപ്പിച്ചിരുന്നു. ഫോണിലെ ബാറ്ററി ചാര്‍ജ് ആദ്യ 80 സെക്കന്റില്‍ 20 ശതമാനത്തിലേക്കും നാല് മിനിറ്റിനുള്ളില്‍ 50 ശതമാനത്തിലേക്കും എത്തിക്കാന്‍ പര്യാപ്തമായിരുന്നു GT3 ചാര്‍ജര്‍. ഫുള്‍ ചാര്‍ജാവാന്‍ 9 മിനിറ്റ് 30 സെക്കന്റ് മതിയായിരുന്നു. 4600 mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്.