Image Credit: FromSoftware(left), Bandai Namco (right)
സര്‍വൈവല്‍ ഗെയിം, ‘എല്‍ഡന്‍ റിങ് നൈറ്റ് റെയ്ൻ’ നാളെ റിലീസ് ചെയ്യും. സോളോ മോഡും മൂന്നുപേരടങ്ങിയ ടീം മോഡുമാണ് തുടക്കത്തില്‍ ലഭ്യമാകുക. അധികം വൈകാതെ ‘ടൂ പ്ലേയര്‍’ മോഡും ലഭ്യമാക്കുമെന്ന് ഗെയിം ഡയറക്ടര്‍ ജുനിയ ഇഷിസാകി പറഞ്ഞു. ഗെയിം ഡവലപ് ചെയ്യുന്ന സമയത്ത് ത്രീ-പ്ലെയര്‍ കോ- ഓപ് അനുഭവം ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഫീച്ചര്‍ അപ്‌ഡേറ്റിനൊപ്പം ടൂ-പ്ലേയര്‍ മോഡ് ലഭ്യമാക്കാനാണ് ആലോചിക്കുന്നതെന്നും ഇഷിസാകി കൂട്ടിച്ചേര്‍ത്തു.
Image Credit; Screenshot from trailer: Bandai Namco
'ഫ്രം സോഫ്‌റ്റ്‍വെയര്‍' വികസിപ്പിച്ച ആക്ഷന്‍ റോള്‍ പ്ലേയിങ് ഗെയിമാണ് ‘എല്‍ഡന്‍ റിങ് നൈറ്റ്‌റെയിന്‍’. നാളെ പ്ലേസ്റ്റേഷന്‍–4, പ്ലേ സ്റ്റേഷന്‍–5, വിന്‍ഡോസ്, എക്‌സ്‌ബോക്‌സ് വണ്‍, എക്‌സ്‌ബോക്‌സ് സീരിസ് എക്‌സ്/എസ് എന്നിവയിലാണ് ഗെയിം റിലീസാവുക. മൂന്ന് ദിവസത്തെ ഗെയിമിനൊടുവിലാകും ഫൈനല്‍ ബോസുമായുള്ള ഏറ്റുമുട്ടല്‍. ബാറ്റില്‍ റോയാല്‍ ഗെയിമുകളിലെപ്പോലെ കളിക്കുന്തോറും ചെറുതായി വരുന്ന ഗെയിം ഏരിയയാണ് നൈറ്റ്‌റെയിനുമുള്ളത്. ഓരോ ഗെയിം ഡേയുടെ അവസാനവും മൈനർ ബോസുമാരെ ഗെയിമര്‍മാര്‍ക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. ഡാര്‍ക് സോല്‍സ്, ബ്ലഡ്‌ബോണ്‍, ഡാര്‍ക് സോള്‍സ് 3, എല്‍ഡന്‍ റിങ് എന്നിവയുടെ ഡിസൈനറായിരുന്നു ഇഷിസാകി.
Image Credit: Bandai Namco, Screenshot from trailer
ലിംവെല്‍ഡാണ് ഗെയിം നടക്കുന്ന 'സ്ഥലം'. മുന്‍നിശ്ചയിക്കപ്പെട്ട കാരക്ടറുകളായ ഡച്ചസ്, എക്‌സിക്യൂട്ടര്‍, ഗാര്‍ഡിയന്‍, അയണ്‍ ഐ, റെയ്ഡര്‍, റിക്ലൂസ്, റെവനന്റ്, വൈല്‍ഡര്‍ എന്നിവയിലേതെങ്കിലുമൊന്നായി കളി തുടങ്ങാം. നൈറ്റ്‌ഫേറേര്‍സ് എന്നാണ് ഇവര്‍ അറിയപ്പെടുക. നൈറ്റ് ലോര്‍ഡിന്റെ (ബോസ്) അധീനതയിലുള്ള ലിംവെല്‍ഡിനെ നൈറ്റ് ടൈഡ്‌സ് ആക്രമിച്ച് നശിപ്പിക്കാനെത്തുന്നു. ഇവരില്‍ നിന്ന് ലിംവെല്‍ഡിനെ സംരക്ഷിക്കുകയാണ് നൈറ്റ്‌ഫേറര്‍സിന്റെ ജോലി. ജീവന്‍മരണപ്പോരാട്ടത്തില്‍ നൈറ്റ്‌ഫേറേര്‍സിനെ സഹായിക്കാന്‍ നൈറ്റ്‌റെയ്ന്‍ മെയ്ഡനെത്തും. അദൃശ്യവും മായികവുമായ ശക്തികളുള്ള കൂറ്റന്‍ പരുന്തായ സ്‌പെക്ടറല്‍ ഹാവ്കാണ് ക്യാരക്ടേഴ്‌സിനെ ലിംവെല്‍ഡിലെത്തിക്കുക. മിസൈല്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഹാവ്കിന്റെ ചിറകിലേറിയാണ് ഓരോ ദിവസവും പോരാളികളുടെ യാത്ര.
Image Credit:Bandai Namco, Screenshot from trailer
പതിവുരീതികളില്‍ നിന്ന് മാറി സോളോ പ്ലേയര്‍മാരെക്കൂടി മനസില്‍ കണ്ടാണ് ഗെയിം സെറ്റ് ചെയ്തതെന്ന് ഇഷിസാകി പറയുന്നു. കോ-ഓപ് അനുഭവത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് സോളോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശത്രുവിന്റെ സ്വഭാവം സോളോ പ്ലെയര്‍മാര്‍ക്ക് വേണ്ടി മാറ്റം വരുത്തിയെന്നും ഇഷിസാകി വ്യക്തമാക്കുന്നു. ഇതോടെ ഒരേസമയം ഒന്നിലേറെ ശത്രുക്കളെ സോളോ ഗെയിമര്‍ക്ക് നേരിടേണ്ടി വരില്ല. സ്വയം ബോസുമാരാകണമെന്നതിനൊപ്പം പകരം ലൈഫ് കിട്ടില്ലെന്നതും സോളോ ഗെയിമര്‍ക്ക് വെല്ലുവിളിയാണ്. അടുത്ത അപ്‌ഡേറ്റില്‍ സെല്‍ഫ് റിവൈവ് ഫീച്ചര്‍ ചേര്‍ക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.