അവധി ആഘോഷിക്കാന്‍ പോകുമ്പോളോ കുറച്ച് ദിവസം വീട് പൂട്ടി പുറത്തു പോകുമ്പോളോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓണ്‍ ചെയ്തുവച്ചിട്ട് പോകുന്നവരാണോ നിങ്ങള്‍. അത്തരത്തില്‍ ഓണ്‍ ചെയ്ത് തന്നെ വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാം ഓഫ് ചെയ്യണമെന്നും അണ്‍പ്ലഗ് ചെയ്യണമെന്നും നിര്‍ബന്ധമുണ്ടോ? പലപ്പോളും ഇലക്ട്രോണിക് ഉപകരണങ്ങൾ എവിടെയെങ്കിലും പോകുന്നതിന് മുന്‍പ് ഓഫ് ചെയ്യുന്നതിന് കാരണം വൈദ്യുതബില്‍ അല്ല. ഒരു ഉപകരണം ഓണ്‍ ചെയ്തിട്ടാണെങ്കില്‍ പോലും പ്രവര്‍ത്തിക്കാതെ സ്റ്റാൻഡ്‌ബൈ മാത്രമായിരിക്കുമ്പോള്‍ വൈദ്യുതി ഉപയോഗം വളരെ ചെറുതുമാണ്. എന്നാല്‍ എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമോ എന്ന ഭയമാണ് ഉപകരണങ്ങള്‍ ഓഫാക്കുന്നതിന് പിന്നില്‍.
വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ, വൈദ്യുതി തടസങ്ങള്‍ എന്നിങ്ങനെയുള്ള സാധാരണ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അത്തരം കേടുപാടുകൾ വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ. തീയോ പുകയോ ഒന്നും ഉണ്ടാകുകയുമില്ല. നിങ്ങള്‍ ഓണ്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കും, അത്രമാത്രം. എന്നാല്‍ ദീർഘകാല പ്രശ്നങ്ങളെയോ അല്ലെങ്കില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അവസ്ഥകളെയോ കൈകാര്യം ചെയ്യാന്‍ ഈ ഉപകരണങ്ങള്‍ക്ക് സാധിക്കില്ല. എന്നാല്‍ ദിവസങ്ങളോളം ഒണായി കിടന്ന് പ്രവര്‍ത്തിക്കാതെയാകുന്ന ടെലിവിഷനുകളും സെറ്റ്-ടോപ്പ് ബോക്സുകളും റൂട്ടറുകളും ദിവസേന സർവീസ് ടെക്നീഷ്യൻമാര്‍ കാണുന്ന കാഴ്ചകളാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത് റൂട്ടറുകൾ, ചാർജറുകൾ, ഓഡിയോ സിസ്റ്റങ്ങൾ തുടങ്ങി അടുക്കള ഉപകരണങ്ങൾ വരെ എല്ലായ്‌പ്പോഴും കുറഞ്ഞ അളവിലുള്ള ചൂട് സൃഷ്ടിക്കുന്നുണ്ട്. നിങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഇത് നിരുപദ്രവകരമാണ്. എന്നാല്‍ ഒരു വീട് ആഴ്ചകളോളം അടച്ചിട്ടിരിക്കുമ്പോൾ, പ്രത്യേകിച്ച് വേനൽക്കാലത്ത് അത് ഉപകരണങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതേസമയം, എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്യേണ്ട ആവശ്യവുമില്ല.
വീട്ടിലെ ഫ്രിജ് ശൂന്യമല്ല എങ്കില്‍ അവ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വീട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍, ക്യാമറകൾ, അലാറങ്ങൾ, സ്മാർട്ട് ലോക്കുകൾ എന്നിവയും പ്രവര്‍ത്തിക്കും. ഇവയെല്ലാം റൂട്ടറിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ റൂട്ടറും പ്രവര്‍ത്തിക്കും. പക്ഷേ എന്ത് ഓണ്‍ ചെയ്യണം എന്ത് ചെയ്യരുത് എന്നത് ഓപ്ഷണലാണ്. ടെലിവിഷനുകൾ, സ്പീക്കറുകൾ, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, അടുക്കള ഉപകരണങ്ങൾ, ചാർജറുകൾ, വാഷിംഗ് മെഷീനുകൾ, ഡിഷ് വാഷറുകള്‍ എന്നിവയ്ക്ക് ആരും വീട്ടിലില്ലാത്തപ്പോൾ വൈദ്യുതി ആവശ്യമില്ല എന്നോര്‍ക്കുക. ഇവ അൺപ്ലഗ് ചെയ്യുന്നത് സ്റ്റാൻഡ്‌ബൈ സമ്മർദ്ദം ഇല്ലാതാക്കുകയും നിങ്ങളുടെ അസാന്നിധ്യത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത നാശനഷ്ടങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.