വിവരങ്ങൾ തിരയാൻ നമ്മളിൽ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് ഗൂഗിൾ സെർച്ചിനെയാണ്. കസ്റ്റമർ കെയർ നമ്പർ കണ്ടെത്താനായാലും, സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാനായാലും, ഏതെങ്കിലും സർവീസ് ബുക്ക് ചെയ്യാനോ പണം നൽകാനോ ഒരു കമ്പനിയെക്കുറിച്ച് അന്വേഷിക്കാനോ എല്ലാം ആദ്യം ഗൂഗിളിൽ തിരയുകയാണ് പതിവ്. എന്നാൽ സെർച്ച് റിസൾട്ടിൽ കാണുന്ന എല്ലാ വെബ്‌സൈറ്റുകളും യഥാർഥ സ്ഥാപനങ്ങളുടേതായിരിക്കണമെന്നില്ല. യഥാർഥ ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും ലോഗോ, നിറങ്ങൾ, വെബ്‌സൈറ്റ് ഡിസൈൻ, കസ്റ്റമർ കെയർ പേജുകൾ എന്നിവ അതേപടി പകർത്തി തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.

യഥാർഥ വെബ്‌സൈറ്റ് വിലാസത്തോട് സാമ്യമുള്ള ഡൊമെയ്ൻ നാമങ്ങളും തട്ടിപ്പുകാർ ഉപയോഗിക്കാറുണ്ട്. ഉപഭോക്താവ് തിരയുന്ന സേവനവുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റിലെത്തുകയും അത് വ്യാജമാണെന്ന് തിരിച്ചറിയാനാകാതെ ഇടപാട് നടത്തുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ തുടക്കം. ചിലപ്പോൾ മുൻകൂറായി ചെറിയൊരു തുക അടയ്ക്കാൻ ആവശ്യപ്പെടും. മറ്റു ചില സന്ദർഭങ്ങളിൽ, വ്യാജ കസ്റ്റമർ കെയർ പ്രതിനിധികൾ ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടുകയും കാർഡ് വിവരങ്ങൾ, ഒടിപി., യുപിഐ. പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പ് മനസിലാകുമ്പോഴേക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടാകും.

ഇന്ത്യയിൽ 22,495 കോടി രൂപയുടെ സൈബർ തട്ടിപ്പ്

ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തി നിസ്സാരമായി കാണാനാകില്ലെന്ന് ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ കണക്കുകളും വ്യക്തമാക്കുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2025-ൽ സൈബർ തട്ടിപ്പുകളിലൂടെ ഇന്ത്യയിൽ ഏകദേശം 22,495 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ ഏകദേശം 28.15 ലക്ഷം പരാതികളും ലഭിച്ചു. ഈ കണക്കിൽ വ്യാജ വെബ്‌സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകൾ മാത്രമല്ല, വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളും ഉൾപ്പെടുന്നുണ്ട്. ഉപഭോക്താക്കളുടെ ഡിജിറ്റൽ ശീലങ്ങളും ഓൺലൈൻ തിരച്ചിലുകളുമാണ് പലപ്പോഴും തട്ടിപ്പുകാർ മുതലെടുക്കുന്നത്. അതുകൊണ്ടുതന്നെ സെർച്ച് റിസൾട്ടിൽ ആദ്യമെത്തുന്ന വെബ്‌സൈറ്റ് ആണെന്നതുകൊണ്ട് മാത്രം അത് ഔദ്യോഗികമാണെന്ന് വിശ്വസിക്കരുത്. ലോഗോയും ഡിസൈനും കസ്റ്റമർ കെയർ പേജും ഫോൺ നമ്പറും വരെ തട്ടിപ്പുകാർക്ക് പകർത്താൻ കഴിയും.

വ്യാജ കസ്റ്റമർ കെയർ നമ്പറുകളും ചതിക്കുഴിയാകാം

സെർച്ച് റിസൾട്ടുകളെ തട്ടിപ്പിനായി ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മാർഗമാണ് വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ സെർച്ച് റിസൾട്ടുകളിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്‍റേതാണെന്ന് കരുതി ഈ നമ്പറിലേക്ക് വിളിക്കുന്ന ഉപഭോക്താക്കളോട് തട്ടിപ്പുകാർ കാർഡ് വിവരങ്ങളോ മറ്റ് രഹസ്യ വിവരങ്ങളോ ആവശ്യപ്പെട്ടേക്കാം. അതിനാൽ സെർച്ച് റിസൾട്ടിൽ കാണുന്ന നമ്പറിലേക്ക് നേരിട്ട് വിളിക്കുന്നതിന് പകരം, ബാങ്കിന്റെയോ കമ്പനിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തുന്നതാണ് സുരക്ഷിതമായ മാർഗം.

തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

സാധാരണയായി ഒരു ഗൂഗിൾ സെർച്ചിലാണ് തട്ടിപ്പിന്‍റെ തുടക്കം. ഉപഭോക്താവ് ആവശ്യമായ സേവനത്തിനായി തിരയുന്നു. സെർച്ച് റിസൾട്ടിൽ ലഭിക്കുന്ന ഒരു വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യുന്നു. വെബ്‌സൈറ്റ് യഥാർഥമാണെന്ന് കരുതി ഉപഭോക്താവ് അതിൽ ഇടപാട് നടത്തുന്നു.  തുടർന്ന് മുൻകൂറായി പണം അടയ്ക്കാൻ ആവശ്യപ്പെട്ടേക്കാം. പണമടയ്ക്കുന്നതിനിടെ ഇടപാട് പരാജയപ്പെട്ടുവെന്ന് പറഞ്ഞ് വ്യാജ ഏജന്‍റ് വിളിച്ചേക്കാം. പിന്നീട് കാർഡ് വിവരങ്ങളോ ഒ.ടി.പി.യോ മറ്റ് രഹസ്യ വിവരങ്ങളോ ആവശ്യപ്പെടാം. ചില സന്ദർഭങ്ങളിൽ റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടേക്കാം. ഇതിലൂടെ ഉപഭോക്താവിന്‍റെ ഉപകരണത്തിലേക്കോ വ്യക്തിഗത വിവരങ്ങളിലേക്കോ പ്രവേശനം നേടുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

വ്യാജ വെബ്‌സൈറ്റ് തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഒന്ന് — ഡൊമെയ്ൻ നാമം പരിശോധിക്കുക

‌വെബ്‌സൈറ്റ് വിലാസം ശ്രദ്ധാപൂർവം പരിശോധിക്കുക. അക്ഷരത്തെറ്റുകൾ, അധിക വാക്കുകൾ, അപരിചിതമായ എക്സ്റ്റൻഷനുകൾ, സംശയകരമായ ചിഹ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം.

രണ്ട് — ആദ്യ സെർച്ച് റിസൾട്ട് മാത്രം വിശ്വസിക്കരുത്

സെർച്ച് റിസൾട്ടിൽ ഏറ്റവും മുകളിൽ കാണുന്നതുകൊണ്ട് മാത്രം അത് ഔദ്യോഗിക വെബ്‌സൈറ്റ് ആകണമെന്നില്ല.

മൂന്ന് — ഔദ്യോഗിക വെബ്‌സൈറ്റ് സ്വതന്ത്രമായി കണ്ടെത്തുക.

ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, പ്രമുഖ കമ്പനികൾ തുടങ്ങിയവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നേരിട്ട് കണ്ടെത്തി അതിൽ നിന്നുള്ള വിവരങ്ങൾ മാത്രം ഉപയോഗിക്കുക.

നാല് — മുൻകൂർ പണമടയ്ക്കലുകളിൽ ജാഗ്രത പാലിക്കുക

അപ്രതീക്ഷിതമായി പണം അടയ്ക്കാൻ ആവശ്യപ്പെട്ടാൽ ഇടപാടിന് മുമ്പ് സ്ഥാപനത്തിന്‍റെ ഔദ്യോഗിക നിർദേശങ്ങളുമായി വിവരങ്ങൾ ഒത്തുനോക്കുക.

അഞ്ച് — ഒ.ടി.പി.യും യു.പി.ഐ. പിൻ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളും പങ്കുവെക്കരുത്

യഥാർഥ കസ്റ്റമർ കെയർ പ്രതിനിധിക്ക് നിങ്ങളുടെ യു.പി.ഐ. പിൻ, ബാങ്കിങ് പാസ്‌വേഡ്, കാർഡ് പിൻ, ഒ.ടി.പി. എന്നിവ ആവശ്യപ്പെടേണ്ടതില്ല.

ആറ് — സെർച്ച് റിസൾട്ടിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് കണ്ണുമടച്ച് വിളിക്കരുത്

ബാങ്കിന്‍റെയോ കമ്പനിയുടെയോ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നമ്പർ തന്നെ ഉപയോഗിക്കുക.

ഏഴ് — തെളിവുകൾ സൂക്ഷിക്കുക

തട്ടിപ്പ് നടന്നാൽ വെബ്‌സൈറ്റ് വിലാസം, സ്ക്രീൻഷോട്ടുകൾ, പേയ്‌മെന്റ് വിവരങ്ങൾ, ഫോൺ നമ്പറുകൾ, ഇമെയിലുകൾ, ചാറ്റുകൾ തുടങ്ങിയവ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുക.

പണം നഷ്ടപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കുക

സാമ്പത്തിക സൈബർ തട്ടിപ്പിന് ഇരയായാൽ ഓരോ നിമിഷവും പ്രധാനമാണ്. പണം നഷ്ടപ്പെട്ടാൽ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ ഉടൻ പരാതി നൽകണം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയും ഓൺലൈനായി പരാതി നൽകാം. തട്ടിപ്പ് നടക്കാൻ സാധ്യതയുള്ള വെബ്‌സൈറ്റ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഇമെയിൽ ഐഡികൾ എന്നിവയെക്കുറിച്ചും മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ ഈ സർക്കാർ സംവിധാനം അവസരം നൽകുന്നു. ഓർക്കുക, ഓൺലൈൻ തിരച്ചിൽ നടത്തുമ്പോൾ കാണുന്ന ഒരു വെബ്‌സൈറ്റിനെയും കണ്ണുമടച്ച് വിശ്വസിക്കരുത്. ഔദ്യോഗിക ഉറവിടം പരിശോധിച്ചശേഷം മാത്രം പണമിടപാടോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കലോ നടത്തുക.

Beware of Fake Websites and Online Scams:

Online scams and fake websites are becoming a significant threat, with fraudsters mimicking legitimate businesses to trick users. It's crucial to be aware of these tactics to protect your personal information and finances