സോഷ്യൽ മീഡിയയിൽ കണ്ണഞ്ചിപ്പിക്കുന്ന സാരികളും ചുരിദാറുകളും , പകുതി വിലയ്ക്കെന്ന ഓഫറും. ഒരു ക്ലിക്കിൽ ഓർഡർ ചെയ്യുന്നു, പക്ഷേ എത്ര കാത്തിരുന്നിട്ടും വസ്ത്രം ലഭിക്കുന്നില്ല. ഓണ്‍ലൈന്‍ സംരംഭകരെ മറയാക്കി പുതിയ തരം തട്ടിപ്പ്.
യഥാർഥ ഓൺലൈൻ സംരംഭകരുടെ റീലുകൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് അതെ പേരിൽ പേജുകൾ തുടങ്ങുന്നു. ഫോളോവേഴ്സ് വളരെ കുറവാണെങ്കിലും പണം നൽകി റീലുകൾ പ്രമോട്ട് ചെയ്യുന്നതിനാൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇവ എത്തുന്നു. ആകർഷകമായ ഓഫറുകൾ കണ്ടാണ് പലരും ഓർഡർ ചെയ്യുന്നത്. കൂടുതലായും ഫേസ്ബുക്ക് ഉപയോഗിക്കുന്ന പ്രായമായ സ്ത്രീകളാണ് തട്ടിപ്പിന് ഇരയാകുന്നത്. ഒടുവിൽ പരാതിയുമായി രംഗത്തെത്തുന്നത് യഥാർഥ സംരംഭകരും.
കോലഞ്ചേരി സ്വദേശി രഞ്ജുവിന്‍റെ "രഞ്ജു വാർഡ്രോബ്" എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അഞ്ചിലധികം വ്യാജ പേജുകളാണ് ഇതിനകം സൃഷ്ടിച്ചത്. യഥാർഥ പേജാണെന്ന് കരുതി പണം നൽകി പറ്റിക്കപ്പെട്ട നൂറുകണക്കിന് ആളുകൾ ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ പറയുന്നു.
ഓൺലൈൻ ഷോപ്പിങ് ഇഷ്ടപെടുന്നവരാണ് നമ്മളിൽ പലരും. ഇത് മനസ്സിലാക്കി തട്ടിപ്പ് സംഘങ്ങളും വ്യാപകമാവുകയാണ്. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പൊലീസിൽ പരാതി നൽകുക.