ആധുനിക ലോകം തിരക്കേറിയതാണ്. കുട്ടിക്കാലത്ത് വലിയൊരു ശതമാനവും പഠനം, പിന്നീട് വളര്‍ന്നാല്‍ വലിയൊരു ശതമാനവും ജോലിയും കുടുംബകാര്യങ്ങളും പിന്നെ വാര്‍ധിക്യം മരണം. അതാണ് നിലവില്‍ ഒരു ശരാശരി മനുഷ്യന്‍റെ ജീവിതരീതി. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുണ്ടെന്നാലും 30–40 വയസാകുമ്പോഴേക്കും ശരീരവും മനസും തളര്‍ന്ന് വാര്‍ധിക്യാവസ്ഥയിലെത്തുന്നവരും കുറവല്ല. എന്നാല്‍ പെട്ടന്നങ്ങോട്ട് വയസാകേണ്ട എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു പോംവഴിയുണ്ട്. ധാരാളം സിനിമ കാണുക. നിങ്ങളുടെ പ്രായം വര്‍ധിക്കുന്നത് കുറയ്ക്കാന്‍ സിനിമ, മ്യൂസിയം, നാടകങ്ങള്‍ എന്നീ സാംസ്കാരിക ഒത്തുചേരലുകള്‍ സഹായകമായേക്കാം എന്ന് ടോക്കിയോ സര്‍വകലാശാലയുടെ പഠനം.
സിനിമകളും നാടകങ്ങളും കാണുകയും മ്യൂസിയങ്ങളും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന വയോജനങ്ങള്‍ക്ക് പൊതുവെ സമാന പ്രായക്കാരായ മറ്റ് വയോജനങ്ങളെക്കാള്‍ മാനസികവും ശാരീരികവുമായ പ്രായക്കുറവ് പ്രകടമാകുന്നു എന്നതാണ് പഠനം. മേല്‍പറഞ്ഞ പ്രവര്‍ത്തികളെല്ലാം കൂടുതലായും ചെറുപ്പക്കാര്‍ ചെയ്യുന്നതായതിനാല്‍ ഇത് പിന്തുടരുന്ന വയോജനങ്ങളുടെ തലച്ചോറ് ആ ശരീരം ചെറുപ്പമാണെന്ന് കരുതി പെരുമാറുന്നു. ഇത് പ്രായാധിക്യം മൂലമുള്ള വലിയൊരു ശതമാനം ബുദ്ധിമുട്ടുകളെ നേരിടാനും മാനസികമായ കരുത്ത് നല്‍കുന്നു. ഇതാണ് പഠനത്തിന്‍റെ ആധാരം.
ഓരോ വ്യക്തികളിലും പ്രായം കൂടുന്നത് വ്യത്യസ്തമാണ്. ചിലര്‍ ഏറെ പ്രായമായിട്ടും ചെറുപ്പമായി തോന്നുന്നത് ഇക്കാരണം കൊണ്ടാണ്. ഇത് നേരെ തിരിച്ചും വരാം.
പഠനപ്രകാരം ഈ പ്രായക്കുറവ് ഏറ്റവും വ്യകതമായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്‍മാരെ അപേക്ഷിച്ച് ശരാശരി കൂടുതലാണ് എന്നതിനും പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് ശക്തി പകരുന്നതാണ്.