ദേശീയപാത ടോള്‍ നിയമം പരിഷ്കരിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതനുസരിച്ച് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് ടോള്‍ ഉള്ള ദേശീയ പാതയില്‍ ആദ്യ 20 കിലോമീറ്റര്‍ യാത്ര സൗജന്യമായിരിക്കും. ദേശീയ പാതയുടെ ഭാഗമായ പാലങ്ങള്‍, ബൈപ്പാസ്, ടണല്‍ എന്നിവയിലും സൗജന്യം ലഭിക്കും. 20 കിലോമീറ്ററിന് മുകളില്‍ പോയാല്‍ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോള്‍ ബാധകമായിരിക്കും. ഹ്രസ്വദൂര യാത്രക്കാര്‍ക്കാവും ഈ മാറ്റം പ്രയോജനപ്പെടുക. ജിഎന്‍എസ്എസ് (ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ചട്ടം വിജ്ഞാപനം ചെയ്തു. 2004 ലെ ദേശീയപാത ഫീ ചട്ടമാണ് ഭേദഗതി വരുത്തിയത്.
നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. 20 കിലോമീറ്ററിന് പകരം 21 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് കരുതുക, അങ്ങനെയെങ്കില്‍ മുഴുവന്‍ ദൂരത്തിനും ടോള്‍ നല്‍കണം. ഉപഗ്രഹാധിഷ്ഠിത ടോള്‍ യാത്രകള്‍ക്കായി നിലവിലെ ടോള്‍ പ്ലാസകളില്‍ പ്രത്യേക ലെയ്ന്‍ സ്ഥാപിക്കും. അനധികൃത വാഹനം ഇവിടെ പ്രവേശിച്ചാല്‍ ഇരട്ടിത്തുക പിഴയും ഈടാക്കും. സാധാരണ ടോള്‍ ലെയ്നില്‍ ഉണ്ടാകുന്ന ബാരിയറുകള്‍ ഇവിടെ ഉണ്ടാവില്ല.
പൂര്‍ണമായും ഉപഗ്രഹശൃംഖലയുമായി ബന്ധിപ്പിച്ചാണ് ടോള്‍ പിരിക്കുക. വാഹനം ഓടിക്കൊണ്ടിരിക്കെ തന്നെ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റാകും. ഇതിനായി കാറുകളില്‍ സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണമായ ഓണ്‍ ബോര്‍ഡ് യൂണിറ്റ്(OBU) വഴിയാണിത് നടക്കുക. വാഹനം നിശ്ചിത ദൂരം പിന്നിടുന്നത് ഉപഗ്രഹ മാപ്പിലാകും കണക്കാക്കുക. ഫാസ്ടാഗ് നല്‍കിയത് പോലെ തന്നെയാകും ഒബിയുവും നല്‍കുക. ഫാസ്ടാഗിന്‍റേത് പോലെ തന്നെ റീച്ചാര്‍ജും ചെയ്യാം.
വാണിജ്യ വാഹനങ്ങളിലാകും ആദ്യ ഘട്ടത്തില്‍ ജിഎന്‍എസ്എസ് കൊണ്ടുവരിക. അതേസമയം, ദേശീയപാതയുടെ വശങ്ങളിലെ സര്‍വീസ് റോഡുകളിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍ ഈടാക്കിയേക്കില്ല. പ്രധാന പാതയ്ക്ക് മാത്രമായി ടോള്‍ പരിമിതപ്പെടുത്താന്‍ ആലോചനയുണ്ട്.