driving-licence

ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ പലര്‍ക്കും ടെന്‍ഷനായിരിക്കും. അപേക്ഷ നല്‍കുന്നതുമുതല്‍ ലൈസന്‍സ് കിട്ടുന്നതുവരെ കടന്നുപോകേണ്ടിവരുന്ന നൂലാമാലകളാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മിക്കവരും ആര്‍ടിഓഫിസുമായി ബന്ധപ്പെട്ട കടലാസുജോലികള്‍ ഡ്രൈവിങ് സ്കൂളുകളെത്തന്നെ ഏല്‍പ്പിക്കും. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റിന് എന്തായാലും ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരായേ പറ്റൂ. ഇതടക്കമുള്ള വിഷയങ്ങളിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ പ്രാബല്യത്തിലായി. എന്തൊക്കെയാണ് ചട്ടങ്ങളില്‍ വന്ന ഭേദഗതി?

ടെസ്റ്റ് സ്വകാര്യമേഖലയില്‍

സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളുടെ സ്വകാര്യവല്‍കരണമാണ്. ഇപ്പോള്‍ അതത് ആര്‍ടിഓഫീസുകളാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ഇനിമുതല്‍ അപേക്ഷകര്‍ക്ക് ഇഷ്ടമുള്ള സ്വകാര്യ കേന്ദ്രത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താം. ഈ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ടെസ്റ്റിങ് കേന്ദ്രത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് ആര്‍ടി ഓഫീസില്‍ ഹാജരാക്കി ലൈസന്‍സിന് അപേക്ഷിക്കാം. ആര്‍ടിഓ വീണ്ടും ടെസ്റ്റ് നടത്തില്ല. സ്വകാര്യ കേന്ദ്രത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ആര്‍ടി ഓഫിസ് നടത്തുന്ന ടെസ്റ്റില്‍ പങ്കെടുത്തും ലൈസന്‍സ് നേടാം.

ടെസ്റ്റിങ് കേന്ദ്രങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് ഉള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടത്താനുള്ള അനുമതിയുള്ളു. ടെസ്റ്റ് നടത്താനുള്ള ലൈസന്‍സിന് കര്‍ശന മാനദണ്ഡങ്ങളുണ്ട്. ടൂവീലര്‍ ലൈസന്‍സ് ടെസ്റ്റ് നടത്താന്‍ ഒരേക്കര്‍ ഭൂമി ഉണ്ടായിരിക്കണം. ഫോര്‍വീലര്‍ ടെസ്റ്റിന് കുറഞ്ഞത് രണ്ടേക്കര്‍ ഭൂമി വേണം. ഹൈസ്കൂള്‍ ഡിപ്ലോമയും അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയവുമുള്ള പരിശീലകര്‍ ഉണ്ടായിരിക്കണം. ടെസ്റ്റ് നടത്താനുള്ള ഐടി സംവിധാനങ്ങളിലും ബയോമെട്രിക് സംവിധാനങ്ങളിലും വൈദഗ്ധ്യം ഉണ്ടാകണം.

driving-text-new-rules

‍ഡ്രൈവിങ് പരിശീലനം

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഇനത്തില്‍ കുറഞ്ഞത് 4 ആഴ്ചകളിലായി 29 മണിക്കൂര്‍ പരിശീലനം നല്‍കിയാലേ ലൈസന്‍സ് ടെസ്റ്റിന് അര്‍ഹതയുണ്ടാകൂ. ഹെവി മോട്ടോര്‍ വെഹിക്കള്‍ (HMV) ഇനത്തില്‍ 6 ആഴ്ചകളിലായി കുറഞ്ഞത് 38 മണിക്കൂര്‍ പരിശീലനം നല്‍കിയിരിക്കണം. രണ്ടിലും 8 മണിക്കൂര്‍ തിയറി പരിശീലനവും ശേഷിച്ചത് പ്രാക്ടിക്കലുമാണ്. ഇത്രയും സമയം പരിശീലനം നേടുന്നവര്‍ക്ക് ലൈസന്‍സ് ടെസ്റ്റിനെത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയും.

അപേക്ഷ എളുപ്പമാകും

ലൈസന്‍സ് എടുക്കുന്ന പ്രക്രിയ മുന്‍പത്തേക്കാള്‍ ലളിതവും സുഗമമവുമാകും. ഓണ്‍ലൈനായും ആര്‍ടി ഓഫിസുകളില്‍ നേരിട്ടും ലൈസന്‍സിന് അപേക്ഷിക്കാം. ആവശ്യമായ രേഖകളുടെ കാര്യത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്. ഏതുതരം ലൈസന്‍സിനാണോ അപേക്ഷിക്കുന്നത് അതിന് ആവശ്യമായ രേഖകള്‍ മാത്രം നല്‍കിയാല്‍ മതി. ഫോര്‍ വീലര്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കേണ്ട അത്രയും രേഖകള്‍ ഇരുചക്രവാഹന ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ നല്‍കേണ്ടതില്ല. വേണ്ട രേഖകള്‍ ഏതൊക്കെയെന്ന് മുന്‍കൂട്ടി അറിയിക്കുകയും ചെയ്യും. sarathi.parivahan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.

ഇനി ഓണ്‍ലൈനായി എങ്ങനെ ലൈസൻസിന് അപേ‍ക്ഷിക്കാം എന്ന് നോക്കാം.

1. https://sarathi.parivahan.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2. സംസ്ഥാനം തെരഞ്ഞെടുക്കുക.

3. "ഡ്രൈവിങ് ലൈസൻസ്" എന്ന ടാബ് തുറന്ന് "പുതിയ ഡ്രൈവിങ് ലൈസൻസ്" ക്ലിക്ക് ചെയ്യുക.

4. തുടര്‍ന്ന് "ലേണേഴ്സ് ലൈസൻസ് നമ്പറും" "ജനനത്തീയതിയും" നൽകുക.

5. അപേക്ഷാ ഫോം മുഴുവന്‍ പൂരിപ്പിക്കുക. നെക്സ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക

6.  ഷെഡ്യൂൾ ചെയ്ത തീയതിയിൽ ആർ.ടി ഓഫിസ് സന്ദർശിക്കുക. ഒറിജിനൽ രേഖകളും ഫീസ് അടച്ച ചലാനും കരുതണം.

പിഴ വർധിപ്പിക്കും

ഗതാഗതനിയമം ലംഘിച്ചാല്‍ ഇനി വലിയ വില കൊടുക്കേണ്ടിവരും. അമിതവേഗത്തിനുള്ള പിഴ ആയിരം മുതല്‍ രണ്ടായിരം വരെയായി തുടരും. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചാലും രണ്ടായിരം രൂപ പിഴ നല്‍കണം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ വാഹനമോടിച്ചാല്‍ 25,000 രൂപയാണ് പിഴ. വാഹനത്തിന്റെ റജിസ്ട്രേഷന്‍ റദ്ദാക്കും. ഓടിച്ചയാള്‍ക്ക് 25 വയസാകുംവരെ ലൈസന്‍സ് ലഭിക്കില്ല.

helmet-while-driving

ലൈസന്‍സ് ഫീസ്

ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ കേരളത്തിലെ മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും വിശദമായി ഇവിടെ (https://mvd.kerala.gov.in/en/fees-0) അറിയാം.

ENGLISH SUMMARY:

Starting June 1, new driving license rules in India will allow individuals to take driving tests at private training centers instead of RTOs, which can now issue certificates for license eligibility. A heavy penalty of Rs 25,000 will be imposed on minors caught driving, with additional consequences like vehicle registration cancellation. Private driving schools must meet specific land requirements and have suitable testing facilities. The documentation process for new licenses will be simplified, and the rules also aim to reduce pollution by eliminating old government vehicles and enforcing stricter car emission regulations.