ആപ്പിള്‍ ആരാധകരും വിരോധികളും ഏറെ പ്രതീക്ഷയോടെ 'ലെറ്റ് ലൂസ്' ഇവന്‍റ് ഇന്നലെയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ടാബ്ലെറ്റ് വിപണിയിൽ നിർണായകമായ മാറ്റങ്ങളുമായാണ് ആപ്പിൾ ലെറ്റ് ലൂസ് ഇവന്റ് എത്തിയത്. ഐപാഡ് എയർ, ഐപാഡ് പ്രോ, പെൻസിൽ പ്രോ, മാജിക് കീബോര്‍ഡ് എന്നീ ഉപകരണങ്ങളും എം4 പ്രൊസസറുമാണ് 'ലെറ്റ് ലൂസ്' ഇവന്റിൽ ആപ്പിൾ അവതരിപ്പിച്ചത്.
ഐപാഡ് എയർ മോഡൽ 10.9 ഇഞ്ച്, 13 ഇഞ്ച് എന്നി ഡിസ്പ്ലേ വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മോഡലുകളിലും ലിക്വിഡ് റെറ്റിന സ്‌ക്രീൻ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഐപാഡ് എയറിന് ആപ്പിളിന്റെ ഒക്ടാ കോർ എം2 ചിപ്പാണ് നൽകുന്നത്. ആപ്പിളിന്‍റെ പ്രൊക്ടറുകളെക്കാളും കുടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് അതിന്‍റെ വിലയാണ്. പൊതുവേ വിലയുടെ കാര്യത്തില്‍ അല്‍പ്പം അധികം മുന്നിലാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ എന്നതാണ് ഇതിന് കാരണവും. പലപ്പോഴും ആപ്പിളിനെ ആഢംബരത്തിന്‍റെ ലക്ഷണമായി കണക്കാക്കുന്നതും ഇതുകൊണ്ടാണ്. വൈഫൈ കണക്റ്റിവിറ്റിയും 128 ജിബി സ്റ്റോറേജുമുള്ള 11 ഇഞ്ച് മോഡലിന് ഏകദേശംം 59,900 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്.13.9 ഇഞ്ച് ഐപാഡ് എയർ മോഡലിന്‍റെ വൈഫൈ മോഡലിന് 74990 രൂപയാണ്. ഐപാഡ് എയർ ബ്ലൂ, പർപ്പിൾ, സ്‌പേസ് ഗ്രേ, സ്റ്റാർലൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
11 ഇഞ്ച്, 13 ഇഞ്ച് ഡിസ്പ്ലേ ഓപ്ഷനുകളിലാണ് ഐപാഡ് പ്രോ ലഭ്യമാകുക. 2022 മോഡലിനേക്കാൾ കുറഞ്ഞ ബെസലുകളും സ്ലീക് ഡിസൈനുമാണ് ഇതിന്. ആപ്പിളിന്റെ M4 ചിപ്പ് ആണ് ഇതില്‍ വരുന്നത്. 2TB വരെ സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 11 ഇഞ്ച് സ്‌ക്രീനും വൈഫൈ കണക്റ്റിവിറ്റിയുമുള്ള ബേസിക് മോഡലിന് 99,900 രൂപയും വൈഫൈ + സെല്ലുലാർ വേരിയന്റിന് 1,19,900 രൂപയുമാണ് വില. അതേസമയം, ഐപാഡ് പ്രോയുടെ 13 ഇഞ്ച് മോഡലിന് 1,29,900 രൂപയാണ്.
ഐപാഡ് ലൈനപ്പിൽ വലിയ മാറ്റങ്ങളോടെയായിരുന്നു ഏകദേശം 35 മിനിറ്റോളം നീണ്ട ആപ്പിളിന്‍റെ ലെറ്റ് ലൂസ് അവതരണം നടന്നത്. ആപ്പിളിന്റെ അത്യാധുനിക വിഷൻ പ്രോയുടെ ഒരു നേർക്കാഴ്ചയോടെയാണ് ഇവന്റ് ആരംഭിച്ചത്. എം2 ചിപ്പുമായി അവതരിച്ച 13 ഇഞ്ച് മോഡൽ എയർ ആണ് ആപ്പിള്‍ ആദ്യം അവതരിപ്പിച്ചത്. മുൻ മോഡലുകളേക്കാൾ 3 ഇരട്ടി മികച്ച പ്രകടനമാണ് ഈ ചിപ്പിന് കമ്പനി അവകാശപ്പെടുന്നത്. സബ്ജക്ട് ലിഫ്റ്റ്, ഫോട്ടോ ഇംപ്രൂവ് എന്നിവയും ഇതിനോടൊപ്പമുണ്ടാകും. ഇതോടുകൂടി 11 ഇഞ്ച്, 13 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിൽ ഐപാഡ് എയർ ലഭിക്കും. സെന്റർ സ്റ്റേജുള്ള ഫ്രണ്ട് ഫെയ്സിങ് ക്യാമറ നിലവിലെ ആപ്പിള്‍ പ്രൊഡക്റ്റുകളെ അപേക്ഷിച്ച് ഒരു പ്രധാന മാറ്റമാണ്, എം2 ചിപ് എം1 ചിപ്പിനേക്കാൾ 50ശതമാനം കൂടുതല്‍ മികവ് പുലർത്തുമെന്നാണ് കമ്പനി പറയുന്നത്.11 ഇഞ്ച് വേരിയന്റിന് 599 ഡോളറും അതായത് 49,997 ഇന്ത്യന്‍ രൂപയും 13 ഇഞ്ച് ഡോളറിന് 799 ഡോളര്‍ അതായത് ഏകദേശം 66,692 ഇന്ത്യന്‍ രൂപയുമാണ് വില.
പുതിയ M4 ചിപ്പ് ആണ് ഐപാഡ് പ്രോയിൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. M2-നേക്കാൾ ഇരട്ടി വേഗത്തിലായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനം. പുതിയ ഐപാഡ് പ്രോയില്‍ OLED സാങ്കേതികവിദ്യ ലഭ്യമാണ്. Tandem OLED വിത്ത് XDR വിഷൻ എന്നാണ് പുതിയ സാങ്കേതികവിദ്യയുടെ പേര്. ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയായാണ് ഈ ഡിസ്‌പ്ലേ അറിയപ്പെടുന്നത്. പുതിയ എം ചിപ്പ്, ഫൈനൽ കട്ട് പ്രോയിൽ റെൻഡറിങ് വേഗം വർധിപ്പിക്കുന്നു, ഒപ്പം ലൈവ് മൾട്ടിക്യാം മോഡില്‍ ഒരേസമയം നാല് ക്യാമറകൾ വരെ കണക്റ്റുചെയ്യാനും പ്രിവ്യൂ ചെയ്യാനും ഉപയോക്താക്കളെ സഹായിക്കും. രണ്ട് പുതിയ ഐപാഡ് എയറുകളും 100% റീസൈക്കിൾ ചെയ്ത അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ ഐപാഡ് എയർ മോഡലുകൾ യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ മാത്രമേ ചാർജ് ചെയ്യാനാകൂ. ബയോമെട്രിക് തെന്റിക്കേഷനായി ടച്ച് ഐഡിയും ഇതിന്‍റെ പ്രത്യേകതയാണ്.
മെനുവിലേക്കെത്താൻ സ്ക്വീസ് ഫീച്ചർ, ഹാപ്റ്റിക് ഫീഡ്ബാക്, ഉരുട്ടുമ്പോൾ മാറുന്ന ബ്രഷുകൾ കൂടാതെ ഫൈൻഡ് മൈ ഇന്റഗ്രേഷനോടെ ഡിജിറ്റൽ പെയ്ന്റിങിൽ വിപ്ലവം സൃഷ്ടിക്കാനാണ് ആപ്പിൾ പെൻസിൽ പ്രോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫൈന്റ് മൈ ഫീച്ചര്‍ ഉള്ളതിനാല്‍ നഷ്ടപ്പെട്ട പെന്‍സില്‍ ആപ്പിള്‍ ഫൈന്റ് മൈ സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്താന്‍ സാധിക്കും. ഏറ്റവും പുതിയ ഐപാഡ് എയര്‍, പ്രോ മോഡലുകളില്‍ മാത്രമേ പെന്‍സില്‍ പ്രോ പ്രവര്‍ത്തിക്കൂ. 11900 രൂപയാണ് ഇതിന് വില.
പുതിയ മാജിക് കീബോര്‍ഡും ആപ്പിള്‍ ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഐപാഡ് പ്രോയെ ഒരു ലാപ്‌ടോപ്പിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണിത്. അലൂമിനിയത്തില്‍ നിര്‍മിതമായ പുതിയ മാജിക് കീബോര്‍ഡിന് വലിയ ട്രാക്ക് പാഡും ഒരു ഫങ്ഷന്‍ റോയുമുണ്ട്. 11 ഇഞ്ച് വേര്‍ഷന് 27900 രൂപയും, 13 ഇഞ്ച് മോഡലിന് 31900 രൂപയുമാണ് വില.
എൻട്രി ലെവൽ 9th Gen ഐപാഡ് മുതൽ എം2 പവർ 12.9 ഇഞ്ച് iPad Pro വരെയുള്ള ജനപ്രിയ മോഡലുകൾ നിലവിൽ ആപ്പിൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. എന്നാല്‍ ഹോം ബട്ടൺ ഘടിപ്പിച്ച ഐപാഡുകളുടെ യുഗത്തിന്‍റെ അന്ത്യം കുറിക്കുന്ന 9th gen ഐപാഡ് നിർത്തലാക്കി എന്നാണ് ആപ്പിളിന്‍റെ പുതിയ അറിയിപ്പ്. ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ ടാബ്‌ലെറ്റുകൾക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് .2022 ലാണ് ആപ്പിള്‍ ഇതിന് മുമ്പ് ഐപാഡുകള്‍ അവതരിപ്പിച്ചത്. 2023 ല്‍ പുതിയ ഐപാഡ് മോഡലുകളൊന്നും ഉണ്ടായിരുന്നില്ലതാനും. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറക്കിയ ഐപാഡ് ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയ ഉപകരണങ്ങളില്‍ ഏറ്റവും കനം കുറഞ്ഞ ഉല്പന്നങ്ങളാണ്.
ഐഫോൺ 16 സീരീസ് ലോഞ്ചിന് ഇനിയും ഏതാനും മാസങ്ങൾ കൂടിയേ ബാക്കിയുണ്ട്. അടുത്തകാലത്തായി ആപ്പിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഗവേഷണങ്ങൾക്കായി ആപ്പിള്‍ വൻ നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഇതിന്റെ മെച്ചം വരാൻ പോകുന്ന ഐഫോൺ 16 സീരീസിലൂടെയും ഏറ്റവും പുതിയ ഐഒഎസ് 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയും ഉപയോക്താക്കളിലേക്ക് എത്തിച്ചേരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് വരാൻ പോകുന്ന ഐഒഎസ് 18ൽ എഐ പിന്തുണയുള്ള നിരവധി ഫീച്ചറുകൾ അവതരിപ്പിക്കപ്പെടും. ജൂൺ-10 മുതൽ 14 വരെ നടക്കുന്ന wwdc 2024ൽ ഈ ഐഒഎസ് 18 ഒഎസ് അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇതിനു പിന്നാലെ ഐഫോൺ 16 സീരീസിലൂടെ ഈ ഒഎസ് സ്മാർട്ട്ഫോണുകളിലേക്ക് എത്തും. ഐഒഎസ് 18ൽ അവതരിപ്പിക്കപ്പെടുന്ന ഫീച്ചറുകളെ പിന്തുണയ്ക്കാൻ കഴിയും വിധം പ്രത്യേക രീതിയിലാണ് അടുത്ത ഐഫോൺ 16 സീരീസുകൾ നിർമിക്കുക എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. മാർക്ക് ഗുർൻമാൻ പറയുന്നത് ആപ്പിൾ ഒരു ലാർജ് ലാങ്വേജ് മോഡൽ വികസിപ്പിക്കുന്നുണ്ടെന്നും ഇത് പൂർണ്ണമായും ഡിവൈസിനെ അടിസ്ഥാനമാക്കിയാകും പ്രവർത്തിക്കുക എന്നുമാണ്.
അതായത് നിലവിൽ എൽഎൽഎമ്മുകൾ ക്ലൗഡ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് പകരം ഫോണിനുള്ളിലെ പ്രോസസറിന്‍റെ കരുത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള എൽഎൽഎം ആണ് ആപ്പിൾ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ പൂർണ്ണമായും എഐ വിസ്മയങ്ങള്‍ നിറഞ്ഞ ഐഫോണുകൾ പുറത്തിറക്കാനാകുമെന്നാണ് ആപ്പിൾ കണക്കുകൂട്ടുന്നത്. ഐഫോണിൻറെ ചരിത്രത്തിലെ "ഏറ്റവും വലിയ" സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ആകും ഐഒഎസ് 18 എന്നും ഗുർമാൻ പറയുന്നുണ്ട്. ഐഒഎസ് 18ലെ ജനറേറ്റീവ് എഐ ഫീച്ചറുകൾക്ക് കരുത്തുപകരാൻ 'ഓൺ-ഡിവൈസ്' എൽഎൽഎം ഉപയോഗിക്കുന്നത് പ്രൊസസിങ്ങ് സമയം കുറയും. അതായത് കമാന്‍റുകള്‍ക്ക് ഉടനടി മറുപടി ലഭിക്കും. ഈ ഫീച്ചറിന്‍റെ മറ്റൊരു ആകര്‍ഷണിയത റേഞ്ച് ഇല്ലാത്തതോ അല്ലങ്കില്‍ കുറവുള്ളതോ ആയ സ്ഥലങ്ങളിലാണെങ്കില്‍ ഇവ ഓഫ്‍ലൈനായും പ്രവര്‍ത്തിക്കും. ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കേണ്ടാത്തതിനാൽ ആപ്പിളിന് സ്വകാര്യത നിലനിർത്തുന്നത് എളുപ്പമാകുകയും ചെയ്യും. എഐയുടെ വൻ സാധ്യതകൾ തിരിച്ചറിഞ്ഞ് വളരെ വലിയ നീക്കങ്ങളാണ് ആപ്പിൾ നടത്തിയിരിക്കുന്നത് എന്ന് ചുരുക്കം. ഐഒഎസ് 18-ലെ എഐ ഫീച്ചറുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയിലെ നിലവിലെ പ്രമുഖരായ ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ കമ്പനികളുമായി ഉൾപ്പെടെ ആപ്പിൾ ബന്ധപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
എങ്കിലും തുടക്കമായതിനാൽ ആപ്പിൾ അവതരിപ്പിക്കുന്ന എഐ ഫീച്ചറുകൾക്ക് ചില പരിമിതികൾ പ്രതീക്ഷിക്കാം. എന്നാൽ സ്മാർട്ട്ഫോണുകളെ തലകീഴായി മറിക്കുന്ന തരം മാറ്റമായിരിക്കും ആപ്പിൾ ഇത്തവണ ഐഫോൺ 16 സീരീസിലൂടെ നടത്തുക എന്നതിൽ തർക്കമില്ല. എ.ഐ ഫീച്ചറുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്തി പുറത്തിറങ്ങി ഉപയോക്താക്കള്‍ക്കിടയില്‍ ആപ്പിളിന് വെല്ലുവിളിയായ ലോകത്തെ നമ്പര്‍ വണ്‍ കമ്പനിയായ സാംസങിന് ചെക്ക് വെക്കുമോ ആപ്പിള്‍ എന്നതും ചോദ്യമായി അവശേഷിക്കുന്നു.
എന്തുതന്നെ ആയാലും ഡിജിറ്റല്‍ ലോകത്തെ വമ്പന്‍മാര്‍ ഇത്തവണ വിപണി കയ്യടക്കാന്‍ ഉറച്ചാണ് എത്തിയിരിക്കുന്നത് എന്ന് നിശ്ചയം. വിപണിയില്‍ എത്തിയ പുത്തന്‍ ഉപകരണങ്ങള്‍ ഉപഭോക്താക്കളെ സംതൃപ്തരാക്കുമോ അതോ നിരാശരാക്കുമോ എന്ന് കാത്തിരുന്ന് കാണാം.