ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനും റോബോട്ടുകളെ രംഗത്തിറക്കി ചൈന. ഹാങ്‌ഷൗവിൽ ചൈനീസ് സാങ്കേതികവിദ്യാ കമ്പനിയായ SUPCON വികസിപ്പിച്ച T2 റോബോട്ടുകളാണ് ട്രാഫിക് പൊലീസിന്റെ സഹായികളായി പ്രവർത്തിക്കുന്നത്. ക്യാമറയും റഡാറും ഉൾപ്പെടെയുള്ള സെൻസർ സംവിധാനങ്ങളുടെ സഹായത്തോടെ റോബോട്ടുകൾ റോഡിലെ വിവിധ നിയമലംഘനങ്ങൾ തിരിച്ചറിയുന്നു.
ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാർ, ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവർ, സ്റ്റോപ്പ് ലൈനിന് അപ്പുറം വാഹനം നിർത്തുന്നവർ തുടങ്ങിയവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകുകയാണ് പ്രധാന ചുമതല. SUPCON-ന്റെ കണക്കുകൾ പ്രകാരം, നിലവിൽ 15 T2 റോബോട്ടുകളാണ് ഹാങ്‌ഷൗവിൽ പ്രവർത്തിക്കുന്നത്. ഇവ ഇതിനകം 1.7 ലക്ഷത്തിലധികം മുന്നറിയിപ്പുകൾ നൽകിയതായി കമ്പനി അറിയിച്ചു.
സംഭവം ക്ലിക്കായതോടെ പദ്ധതി കൂടുതൽ വിപുലീകരിക്കാനാണ് SUPCON ലക്ഷ്യമിടുന്നത്. 2026 അവസാനത്തോടെ ഏകദേശം 200 T2 റോബോട്ടുകളെ വിന്യസിക്കാനാണ് കമ്പനിയുടെ പദ്ധതി. ട്രാഫിക് നിരീക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്യാമറ, റഡാർ തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോബോട്ടുകളുടെ വിന്യാസം. നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനൊപ്പം ട്രാഫിക് പൊലീസിന്റെ നിരീക്ഷണഭാരം കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
റോഡിലെ മനുഷ്യരുടെ പെരുമാറ്റം നിരീക്ഷിച്ച് നിയമലംഘനങ്ങൾ തിരിച്ചറിയുന്ന ഈ റോബോട്ടുകൾ, ഭാവിയിലെ സ്മാർട്ട് ട്രാഫിക് മാനേജ്മെന്റിൽ സാങ്കേതികവിദ്യയ്ക്ക് ലഭിക്കുന്ന വർധിച്ചുവരുന്ന പങ്കിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.