open-ai-chip-2

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മറ്റൊരു നിർണായക ചുവടുവെപ്പുമായി ഓപണ്‍ എഐ. ചാറ്റ്‌ജിപിടിയുടെ സൃഷ്ടാക്കളായ  ഓപ്പൺഎഐ, ' ഹാലപീന്യോ/ജലപെനോ (Jalapeño) എന്ന പേരിലുള്ള സ്വന്തം എ.ഐ ചിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. എ.ഐ ലോകത്തെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ കഴിയുന്ന പ്രഖ്യാപനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇതുവരെ ചാറ്റ്‌ജിപിടി പോലുള്ള AI സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ ഓപ്പൺഎഐ പ്രധാനമായും NVIDIA നിർമ്മിക്കുന്ന ശക്തിയേറിയ GPU ചിപ്പുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ AI ഉപയോഗം വർധിച്ചതോടെ ഈ ചിപ്പുകളുടെ ആവശ്യവും വിലയും കുത്തനെ ഉയർന്നു. ഇതാണ് സ്വന്തം AI ചിപ്പ് വികസിപ്പിക്കാൻ ഓപ്പൺഎഐയെ പ്രേരിപ്പിച്ചത്. അമേരിക്കൻ സെമികണ്ടക്ടർ കമ്പനിയായ Broadcom-നൊപ്പം ചേർന്നാണ് ഈ പുതിയ ചിപ്പ് വികസിപ്പിച്ചിരിക്കുന്നത് .ഈ ചിപ്പ് AI മോഡലുകളെ പരിശീലിപ്പിക്കാൻ വേണ്ടിയല്ല മറിച്ച്  ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാൻ വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

jalapeno-processor-2

 'ഹാലപീന്യോ /ജലപെനോ' എന്ന പേര് ഒരു മെക്സിക്കൻ മുളകിന്റെ പേരാണ്. ചെറുതാണെങ്കിലും നല്ല എരിവുള്ള മുളകാണിത്.  അതുപോലെ തന്നെ വലിപ്പത്തിൽ ഒതുങ്ങിയെങ്കിലും മികച്ച പ്രകടനം നൽകുന്ന ചിപ്പാണ് ഇതെന്ന സന്ദേശമാണ് ഈ പേരിന് പിന്നില്‍. ഇതിനെ AI Inference Chip എന്നാണ് വിളിക്കുന്നത്. ഈ ചിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്നതാണ്. അതിലൂടെ ഡേറ്റാ സെന്ററുകളുടെ വൈദ്യുതി ചെലവ് കുറയ്ക്കാനും കൂടുതൽ ഉപയോക്താക്കൾക്ക് ഒരേസമയം സേവനം നൽകാനും സാധിക്കും. അതായത്, ഭാവിയിൽ AI സേവനങ്ങൾ കൂടുതൽ വേഗത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാകാൻ ഇത് സഹായിച്ചേക്കും.

മറ്റൊരു ശ്രദ്ധേയമായ കാര്യം, വെറും ഒൻപത് മാസത്തിനുള്ളിലാണ് ഈ ചിപ്പിന്റെ രൂപകൽപ്പന പൂർത്തിയാക്കിയത്. ചിപ്പ് ഡിസൈൻ പ്രക്രിയയിലെ ചില ഘട്ടങ്ങളിൽ ഓപ്പൺഎഐ സ്വന്തം AI സാങ്കേതികവിദ്യയും ഉപയോഗിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതായത്, AI തന്നെ അടുത്ത തലമുറ AI ചിപ്പുകൾ വികസിപ്പിക്കാൻ സഹായിച്ചുവെന്നതാണ് പ്രത്യേകത.ഇതിലൂടെ ഓപ്പൺഎഐക്ക് മറ്റൊരു വലിയ നേട്ടവും ലഭിക്കും. NVIDIA പോലുള്ള കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കാനും സ്വന്തം AI അടിസ്ഥാനസൗകര്യങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനും കഴിയും. ഭാവിയിൽ കൂടുതൽ ശക്തവും കാര്യക്ഷമവുമായ AI സേവനങ്ങൾ ഒരുക്കാനുള്ള ദീർഘകാല പദ്ധതിയുടെ ആദ്യപടിയായാണ് 'ജലപെനോ'യെ വിലയിരുത്തുന്നത്.

AI ലോകത്ത് മത്സരം കടുക്കുന്ന ഈ കാലത്ത്, സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന കമ്പനികൾ മാത്രമല്ല, സ്വന്തം ഹാർഡ്‌വെയറും നിർമ്മിക്കുന്ന കമ്പനികളായി മാറുകയാണ്. ആ മാറ്റത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓപ്പൺഎഐയുടെ 'ജലപെനോ' AI ചിപ്പ്.

ENGLISH SUMMARY:

OpenAI has introduced its first in-house AI inference chip, ‘Jalapeño,’ developed in partnership with Broadcom. Designed to deliver faster AI responses with lower power consumption, the chip marks a major step toward reducing OpenAI’s reliance on NVIDIA hardware. The company says parts of the chip-design process were assisted by AI itself, highlighting a new era in AI infrastructure development.